Malayala Vanijyam

കൊറോണ പേപ്പേഴ്സ് : ട്രാക്ക് മാറ്റി പ്രിയദർശൻ, ത്രില്ലടിച്ച് പ്രേക്ഷകർ .

മോഹൻലാലിന്റെ കോമഡിയും , എംജി കുമാറിന്റെ പാട്ടുകളും ഇല്ലാത്ത ഒരു പ്രിയദർശൻ ചിത്രത്തെപ്പറ്റി മലയാളിയ്ക്ക് ചിന്തിയ്ക്കുവാൻ കഴിയുമോ …? ഇല്ലല്ലെ ! എന്നാൽ അത്തരത്തിൽ വ്യത്യസ്തമായ ഒരു ചിത്രവുമായാണ് ഇക്കുറി പ്രിയദർശൻ മലയാളിയുടെ മുന്നിൽ എത്തിരിക്കുന്നത്. അതെ പ്രിയദർശൻ പതിവു ശൈലിയിൽ നിന്നും വെത്യസ്ഥമായി പൂർണമായും ത്രില്ലർ മൂഡിലൊരുക്കിയ ചിത്രം . അതാണ് കൊറോണ പേപ്പേഴ്സ്.

അത്യാവശ്യം സസ്പെൻസും തരക്കേടില്ലാത്തൊരു സ്റ്റോറി ലൈനുമൊക്കെയുള്ള ‘കൊറോണ പേപ്പേഴ്സ്’ കണ്ടിരിക്കാവുന്ന ഒരു ഡീസന്റ് ത്രില്ലർ ചിത്രമാണ്. യുവതാരനിരയിലെ ശ്രദ്ധേയനായ ഷെയ്ൻ നിഗം,ഷൈൻ ടോം ചാക്കോ എന്നിവർക്കൊപ്പം സിദ്ധിഖിനെയും പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയിരിക്കുന്ന ചിത്രം ഒരു തോക്കിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിലൂടെ മനുഷ്യൻ്റെ വൈകാരികതയിലൂടെയാണ് സഞ്ചരിക്കുന്നത്. സിനിമ ആവശ്യപ്പെടുന്നതിനനുസരിച്ച് കഥാപാത്രങ്ങളെ തെരഞ്ഞെടുത്തിരിക്കുകയാണ് സംവിധായകൻ പ്രിയദർശൻ ഇക്കുറി.


എസ്‌ഐ ആയി സ്റ്റേഷനിൽ ചാർജ് എടുക്കുന്ന ഷെയിൻ നിഗത്തിന്റെ കഥാപാത്രത്തിന്റെ കയ്യിൽ നിന്ന് ഒരു തോക്ക് മോഷ്ടിക്കപ്പെടുന്നതോട് കൂടിയാണ് സിനിമയുടെ ത്രില്ലിങ്ങ് സ്വഭാവം തുടങ്ങുന്നത്. തുടർന്ന് സംഭവിക്കുന്ന ഓരോ കാര്യങ്ങളും മാലയിൽ മുത്ത് കോർത്തെടുക്കുന്ന പോലെ അത്ര ഗംഭീരമാണ്. ഓരോ കഥാപാത്രങ്ങളുടെയും ക്യാരക്ടർ ഗ്രാഫും എടുത്ത് പറയേണ്ടതാണ്. പ്രിയദർശന്റെ മേക്കിങ്ങ് സ്റ്റൈൽ കൂടി വരുന്നതോടെ ഒപ്പം എന്ന സിനിമ പോലെ തന്നെ ത്രില്ല് അടിപ്പിച്ച് പ്രേക്ഷകനെ 100% സിനിമയിൽ തന്നെ നിർത്തുന്നുണ്ട്. ഷെയ്ൻ നിഗമിന് ഇതൊരു തിരിച്ചുവരവ് ചിത്രമായി രേഖപ്പെടുത്താം. പക്വതയും കയ്യടക്കവുമുള്ള വേഷം ഷെയ്ൻ ഭംഗിയായി പ്രേക്ഷകർക്ക് മുന്നിലെത്തിച്ചു. ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ഷെയ്‌നിന് തന്റെ വേഷത്തിന്റെ മികച്ച ഗ്രാഫ് നിലനിർത്താൻ സാധിച്ചു. പുതുമ കണ്ടെത്താൻ സാധിച്ചില്ലെങ്കിലും, ഷൈൻ ടോം ചാക്കോയുടെ ‘പാപ്പൻ’ ശ്രദ്ധനേടിയ വേഷമാണ്. ജീൻ പോൾ ലാൽ, വിജിലേഷ് എന്നിവരുടെ വേഷങ്ങളും എടുത്തുപറയേണ്ടിയിരിക്കുന്നു.

യുവാക്കളെക്കാൾ സ്ക്രീൻസ്‌പെയ്‌സ് നേടിയത് വില്ലൻ കഥാപാത്രം ചെയ്ത സിദ്ധിഖ് അല്ലാതെ മറ്റാരുമല്ല. തുടരെത്തുടരെ നന്മ നിറഞ്ഞ കഥാപാത്രങ്ങൾ ചെയ്ത് ‘നന്മമരം നടൻ’ എന്ന് വിളിവന്ന വേളയിൽ അതൊന്നു മാറ്റിവിളിപ്പിക്കാൻ താൻ മനസുവച്ചാൽ സാധിക്കും എന്ന് സിദ്ധിഖ് തീരുമാനിച്ചുറപ്പിച്ച പോക്കാണിത്. ഗോവിന്ദേട്ടൻ എന്ന ശങ്കരരാമനായി, റിട്ടയർമെന്റ് കാത്തുനിൽക്കുന്ന, ജീവിതത്തിലും മനസിലും മുറിവേറ്റ പോലീസുകാരന്റെ നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തെ മികവോടെ സ്‌ക്രീനിലെത്തിക്കാൻ അദ്ദേഹം പരിശ്രമിച്ചു വിജയിച്ചു. കഥ എങ്ങോട്ടെന്നതിന്റെ കൃത്യമായ ഉത്തരം നൽകുക സിദ്ധിഖിന്റെ ഈ കഥാപാത്രമല്ലാതെ മറ്റാരുമല്ല. ത്രില്ലർ എലിമെന്റിന്റെ പ്രധാന കാരണക്കാരനും ഈ കഥാപാത്രം തന്നെയാണ്.

സിദ്ദിഖിനോട് കിട പിടിച്ചു നിന്ന ഒരു കഥ പാത്രമാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥയെ അവതരിപ്പിച്ച മുംബൈ മോഡൽ സന്ധ്യ ഷെട്ടി . ഇത്രയും വഴക്കമുള്ള വനിതാ പൊലീസുകാരി ഒരുപക്ഷേ മലയാള സിനിമയിൽ ഇതിനു മുമ്പുണ്ടായിട്ടില്ല എന്നു വേണമെങ്കിൽ പറയാം. കറയറ്റ സ്ക്രിപ്റ്റിൽ ഗായത്രി ചെയ്ത വീണ എന്ന മാധ്യമപ്രവർത്തകയ്ക്ക് നൽകിയ ഹൈപ്പ് മാത്രമാണ് ചെറുതായൊന്നു പാളിയത്. മാധ്യമസ്ഥാപനത്തിൽ ഇന്റേൺഷിപ്പ് ചെയ്യുന്ന യുവതി തീപ്പൊരി വാർത്താവതാരകയായത് എങ്ങനെ എന്ന് ഒരു ചോദ്യമുയരാൻ സാധ്യതയുണ്ട്. ചിത്രം മലയാളിയ്ക്ക് നൽകുന്ന പാഠം ഇതാണ് “മറക്കുമ്പോഴാണ് മനുഷ്യനാകുന്നത്, ക്ഷമിക്കുമ്പോൾ ദൈവീകവും…”

വെടിയൊച്ചകളിൽ തുടങ്ങി വെടിയൊച്ചകളിൽ അവസാനിക്കുന്ന ക്രൈം, സസ്പെൻസ് ത്രില്ലർ, നല്ല സ്ക്രിപ്റ്റും പ്രകടനങ്ങളുമായി രണ്ടരമണിക്കൂർ മുഷിയാതെ കാണാം.

Exit mobile version