Malayala Vanijyam

തുനിവിലുടെ മഞ്ജു വാരിയർ തമിഴകം കിഴടക്കുന്നു.

തുനിവിലുടെ മഞ്ജു വാരിയർ തമിഴകം കിഴടക്കുന്നു. അജിത്തിനൊപ്പം തന്നെ തുല്യ വേഷത്തിൽ മഞ്ജു വാരിയർ അഭിനയിക്കുന്നു എന്നതാണ് തുനിവിനെ മലയാളികൾക്കു പ്രിയപ്പെട്ടതാക്കുന്നത്. മാത്രമല്ല ആക്‌ഷൻ രംഗങ്ങളില്‍ അതിഗംഭീര പ്രകടനമാണ് മഞ്ജുവിന്റേതെന്ന് കണ്ടിറങ്ങുന്നവർ അഭിപ്രായപ്പെടുന്നു. നേര്‍ക്കൊണ്ട പാര്‍വൈ, വലിമൈ എന്നീ സിനിമകള്‍ക്ക് ശേഷം എച്ച്. വിനോദും അജിത്തും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് തുനിവ്.

മുഖ്യ ഓഫീസില്‍ പട്ടാപ്പകല്‍ നടക്കുന്ന ഒരു വന്‍ കൊള്ളയുടെ പ്ലാനിംഗിനും അതിന്‍റെ നടപ്പാക്കലിനും മധ്യെ കാണിയെ പൊടുന്നനെ കൊണ്ട് നിര്‍ത്തുന്ന രീതിയിലാണ് എച്ച് വിനോദ് ചിത്രം ആരംഭിക്കുന്നത്. ഡള്‍ ആയ നിമിഷങ്ങളില്ലാത്ത, ഇനിയെന്ത് എന്ന കൌതുകം അവസാനിക്കാത്ത രണ്ടര മണിക്കൂറാണ് പിന്നാലെ കാണിയെ കാത്തിരിക്കുന്നത്. കറുപ്പ്, വെളുപ്പ് കളങ്ങള്‍ക്ക് പുറത്ത് നില്‍ക്കുന്ന, തന്‍റേതായ ശരികളില്‍ സംശയമില്ലാത്ത നായകനാണ് അജിത്തിന്‍റെ വിനായക് മഹാദേവ് (ആ യഥാര്‍ഥ പേര് സിനിമയില്‍ ഉപയോഗിക്കുന്നില്ലെങ്കിലും). എന്താണ് സംഭവിക്കുന്നതെന്ന് ആ ബാങ്കിലെ ജീവനക്കാരെപ്പോലെ തിരിച്ചറിയാന്‍ സമയമെടുക്കുന്ന കാണിക്ക് മുന്നിലേക്കാണ് അജിത്തിന്‍റെ നായകനെ സംവിധായകന്‍ വൈകാതെ അവതരിപ്പിക്കുന്നത്. ഒരു വില്ലനായി അവതരിച്ച്, പോകെപ്പോലെയുള്ള കഥാവഴിയില്‍ സമൂഹഘടനയിലെ യഥാര്‍ഥ വില്ലന്മാര്‍ ആരൊക്കെയെന്ന് ചൂണ്ടിക്കാട്ടുകയാണ് അജിത്തിന്‍റെ നായകന്‍.

കഥപറച്ചിലിലല്ല തനിക്ക് താല്‍പര്യമെന്നും മറിച്ച് പ്രേക്ഷകര്‍ക്ക് വിവരങ്ങള്‍, അതും കഴിയുന്നതും സൂക്ഷ്മാംശങ്ങളോടെ നല്‍കുന്നതാണ് ഫിലിംമേക്കിംഗില്‍ തനിക്ക് ആവേശം പകരുന്നതെന്നും പറഞ്ഞിട്ടുള്ളയാളാണ് എച്ച് വിനോദ്. ഒരു കഥയായി പറഞ്ഞാല്‍ ലളിതമാണ് തുനിവിന്‍റെ സഞ്ചാരവഴി. പക്ഷേ ആ ലാളിത്യത്തിലെ ഉള്‍പ്പിരിവുകളും അടരുകളും നമ്മെ അമ്പരപ്പിക്കും. മാധ്യമ വാര്‍ത്തകളില്‍ നിത്യേനയെന്നോണം കേള്‍ക്കുന്ന ചില സംഭവങ്ങളുടെ തുടര്‍ച്ചകള്‍ കാണിക്ക് ചിത്രത്തോട് വേഗത്തിലുള്ള സംവേദനം സാധ്യമാക്കുന്നുമുണ്ട്. ഒരു ബാങ്ക് കൊള്ളയുടെ പശ്ചാത്തലത്തില്‍ സാമ്പത്തിക മേഖലയിലെ വന്‍കിട തട്ടിപ്പുകളിലേക്കാണ് എച്ച് വിനോദ് ശ്രദ്ധ ക്ഷണിക്കുന്നത്. ഒരു ജോണര്‍ ഫാന്‍ ആണ് അദ്ദേഹം എന്നതിന്‍റെ തെളിവാകുന്നുമുണ്ട് തുനിവ്. ഒരു ഹൈസ്റ്റ് (heist) ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണിത്. തുടക്കം മുതല്‍ ഒടുക്കം വരെ ആ ജോണറിനോട് നീതി പുലര്‍ത്തിയിട്ടുണ്ട് സംവിധായകന്‍. ഏറിയ സമയവും ഒരു റിയല്‍ ടൈം ഫിലിം പോലെ തോന്നിപ്പിക്കുന്ന, കഥാപാത്രങ്ങളുടെ പശ്ചാത്തലം പരിചയപ്പെടുത്തുന്നതിനുവേണ്ടി മാത്രം ഫ്ലാഷ് ബാക്കുകളിലേക്ക് പോകുന്ന ശൈലിയിലാണ് ചിത്രം. അത്തരം ഫ്ലാഷ് ബാക്കുകള്‍ നന്നേ കുറവും. അതിനാല്‍ത്തന്നെ ഒരു പ്രഭാതത്തില്‍ ആരംഭിച്ച് ആ ദിവസത്തിലൂടെ മുന്നേറുന്ന ഒരു ബാങ്ക് റോബറി ശ്രമവും ചുറ്റുപാടും അതുണ്ടാക്കുന്ന ആഘാതങ്ങളും ചേര്‍ത്ത് പിരിമുറുക്കമുള്ള ഒരു നരേറ്റീവ് സൃഷ്ടിക്കുന്നതില്‍ സംവിധായകന് പൂര്‍ണ്ണമായും വിജയിക്കാനായിട്ടുണ്ട്.

ലോകേഷ് കനകരാജിന്‍റെ വിക്രത്തിനു ശേഷം തമിഴ് സിനിമയില്‍ സംഭവിച്ച ഏറ്റവും സാങ്കേതികമികവ് അനുഭവിപ്പിക്കുന്ന ചിത്രം കൂടിയാണ് തുനിവ് എന്നും റിപ്പോർട്ടുകൾ ഉണ്ട്. നിരവ് ഷായാണ് ഛായാഗ്രഹണം. സംഗീതം ഗിബ്രാൻ. ആക്‌ഷൻ സുപ്രീം സുന്ദർ. ജോൺ കൊക്കെൻ, ചിരാഗ് ജാനി, സമുദ്രക്കനി, വീര, പ്രേംകുമാർ, ആമിർ, അജയ്, സബി, ജി.പി. മുത്തു തുടങ്ങി ഒട്ടേറെ താരങ്ങൾ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. കേരളത്തിലെ വിതരണം ഏറ്റെടുത്തിരിക്കുന്നത് ഗോകുലം മൂവീസാണ്..

എല്ലാ ചേരുവകളും ചേരുംപടി ചേരുമ്പോള്‍ മാത്രമാണ് മുഖ്യധാരാ സിനിമയില്‍ ഒരു വലിയ വാണിജ്യ വിജയം ഉണ്ടാവുക. അപൂര്‍വ്വമായി മാത്രം സംഭവിക്കാറുള്ള രസതന്ത്രങ്ങളിലെ ആ ചേര്‍ച്ച ഈ ചിത്രത്തില്‍ കാണാനാവും. അജിത്ത് ആരാധകര്‍ക്ക് ആഘോഷിക്കാന്‍ ആവോളമുള്ളപ്പോള്‍ത്തന്നെ, അവര്‍ക്ക് മാത്രമുള്ളതാവുന്നില്ല തുനിവ്.

Exit mobile version