Malayala Vanijyam

മോണിക്ക: ഒരു എ.ഐ സ്റ്റോറി‘യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു.

ഉരു’ എന്ന സിനിമയുടെ വിജയത്തിന് ശേഷം സംവിധായകൻ ഇ.എം അഷ്‌റഫും നിർമ്മാതാവ് മൻസൂർ പള്ളൂരും ചേർന്ന് തിരക്കഥ എഴുതി ഇ.എം അഷ്‌റഫ് സംവിധാനം ചെയ്യുന്ന ‘മോണിക്ക ഒരു എ.ഐ സ്റ്റോറി’ എന്ന ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറക്കി. സൗദി അറേബ്യയിലെ ദമ്മാമിൽ നടന്ന ചടങ്ങിൽ വെച്ച് പ്രശസ്ത അറബ് സംവിധായകനും നിർമ്മാതാവും നടനും എഴുത്തുകാരനുമായ സമീർ അൽ നാസ്സറാണ് പോസ്റ്റർ ഡിജിറ്റൽ പ്ലാറ്റ് ഫോമിൽ റിലീസ് ചെയ്തത്. പ്രശസ്ത ശാസ്ത്രജ്ഞനും അറ്റോമിക്സ് കമ്പനിയുടെ സി ഇ ഒയുമായ ഡോ. മാത്യു എം സാമുവലും നിർമ്മാതാവ് മൻസൂർ പള്ളൂരും പങ്കെടുത്തു. സപ്ത ശ്രീജിത്ത് ചടങ്ങുകൾ നിയന്ത്രിച്ചു.

സോഷ്യൽ മീഡിയയിലൂടെ പ്രശസ്തയായ അമേരിക്കക്കാരി അപർണ മൾബറിയാണ് ചിത്രത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ ഐ) കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മാന്ത്രിക വിസ്മയമായ ഗോപിനാഥ് മുതുകാടും, മാളികപ്പുറം ഫെയിം ശ്രീപദും പ്രധാന വേഷങ്ങളിലെത്തുന്നു. സിനി അബ്രഹാം, മണികണ്ഠൻ, കണ്ണൂർ ശ്രീലത, അജയൻ കല്ലായ്, അനിൽ ബേബി, ആൽബർട്ട് അലക്സ് ,ശുഭ കാഞ്ഞങ്ങാട്, പി കെ അബ്ദുള്ള, പ്രസന്നൻ പിള്ള, വിശ്വനാഥ്, ആനന്ദജ്യോതി, ഷിജിത്ത് മണവാളൻ, ഹരി കാഞ്ഞങ്ങാട്, വിഞ്ചു വിശ്വനാഥ്, പ്രീതി കീക്കാൻ, ആൻമിരദേവ്, ഹാതിം, അലൻ എന്നിവർ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

ഷൈജു ദേവദാസാണ് ചീഫ് അസോസിയേറ്റ് ഡയറക്ടർ. എഡിറ്റിംഗ് ഹരി ജി നായരും വി എഫ് എക്സ് വിജേഷ് സി ആറുമാണ്. സംഗീതം യുനുസിയോയും പശ്ചാത്തല സംഗീതം റോണി റാഫേലുമാണ്. പ്രഭാവർമ്മ ഗാന രചന നിർവഹിച്ച ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത് സജീഷ് രാജാണ്. നജീം അർഷാദ്, യർബാഷ് ബാച്ചു എന്നിവർ ചിത്രത്തിൽ പാടിയിട്ടുണ്ട്. മൻസൂർ പളളൂർ എഴുതിയ ടൈറ്റിൽ സോങ്ങിന് ശബ്ദം നൽകി നൃത്തച്ചുവട് വെക്കുന്നത് മലയാളിയല്ലാത്ത അപർണ്ണയാണ് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

രാധാകൃഷ്ണൻ ചേലേരിയാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ. കോസ്റ്റ്യും പുഷ്പലത കാഞ്ഞങ്ങാട്, പരസ്യകല സജിഷ് എം ഡിസൈൻ, കലാ സംവിധാനം ഹരിദാസ് ബക്കളം, മേക്കപ്പ് പ്രജിത്ത്. പി ആർ ഓ – സുനിത സുനിൽ. മെയ് ആദ്യവാരം സിനിമ തന്ത്ര മീഡിയ തിയേറ്ററുകളിലെത്തിക്കും.

Exit mobile version