Malayala Vanijyam

യു എ ഇ സന്ദര്‍ശക വിസയ്ക്ക് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

ദുബായ് :- യു എ ഇ സന്ദര്‍ശക വിസയ്ക്ക് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. യുഎഇയില്‍ വിദേശികള്‍ക്ക് സന്ദര്‍ശക വിസ നല്‍കുന്നതില്‍ കടുത്ത നിയന്ത്രണങ്ങളാണ് യു എ ഇ കൊണ്ടുവന്നിരിക്കുന്നത്. ഇനിമുതല്‍ യുഎഇയില്‍ അടുത്ത ബന്ധുക്കള്‍ ഉള്ളവര്‍ക്ക് മാത്രമാണ് സന്ദര്‍ശക വിസയ്ക്ക് അപേക്ഷിക്കാനാകൂവെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് നാഷണാലിറ്റി, കസ്റ്റംസ് ആന്റ് സെക്യൂരിറ്റി അറിയിച്ചു.സന്ദര്‍ശക വിസയില്‍ യുഎയില്‍ എത്താന്‍ ആഗ്രഹിക്കുന്ന വിദേശി രാജ്യത്തെ ഒരു പൗരന്റെ അടുത്ത ബന്ധുവോ അടുത്ത സുഹൃത്തോ ആയിരിക്കണം. വിസിറ്റിങ് വിസയിലെത്തുന്ന വിദേശികളുടെ സന്ദര്‍ശനവും താമസവും കൂടുതല്‍ കടുപ്പിക്കുന്നതാണ് നിയന്ത്രണങ്ങള്‍. മറ്റൊന്ന്, പ്രൊഫഷണല്‍ തലത്തില്‍ ഒരു ജോലിയുണ്ടായിരിക്കണം. പ്രൊഫഷണല്‍ തലങ്ങളില്‍ 459 ജോലികളുടെ ലിസ്റ്റ് ഉണ്ടെന്ന് അധികൃതര്‍ പറയുന്നു. അതില്‍ 131 എണ്ണം ഫസ്റ്റ് ലെവലിലും 328 എണ്ണം രണ്ടാമത്തേതുമാണ്.

ഇങ്ങനെ വിസിറ്റിങ് വിസയില്‍ യുഎഇയില്‍ എത്തുന്നവര്‍ അവിടുത്തെ പൗരന്റെ അടുത്ത ബന്ധുവാണെന്ന് തെളിയിക്കുന്ന മതിയായ രേഖകള്‍ ഹാജരാക്കണം. സാമ്പത്തിക ഗ്യാരണ്ടി, പ്രവേശനത്തിനുള്ള വ്യക്തമായ കാരണം എന്നിവയും വ്യക്തമാക്കണം. സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ (UAEICP) വഴിയാണ് സന്ദര്‍ശക വിസയ്ക്കായി അപേക്ഷിക്കേണ്ടത്. വിദേശത്തുള്ള വ്യക്തിക്ക് വിസ കിട്ടിയ ശേഷം എന്‍ട്രി പെര്‍മിറ്റ് നല്‍കിയ തീയതി മുതല്‍ 60 ദിവസത്തിനുള്ളില്‍ അദ്ദേഹം രാജ്യത്ത് പ്രവേശിക്കണമെന്ന് അതോറിറ്റി വ്യക്തമാക്കി. 30 ദിവസമോ 60 ദിവസമോ 90 ദിവസമോ സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്ക് യുഎഇയില്‍ തങ്ങാം. ഇത് വിസ ഇഷ്യൂ ചെയ്ത കാലയളവിനെ ആശ്രയിച്ചിരിക്കും. ഓരോ അധിക ദിവസത്തിനും 100 ദിര്‍ഹം എന്ന തോതിലുള്ള അധിക പിഴ ഒഴിവാക്കുന്നതിന് നിശ്ചിത കാലയളവ് അവസാനിക്കുന്നതിന് മുമ്പ് വിദേശി രാജ്യം വിടുകയോ പ്രവേശന പെര്‍മിറ്റ് നീട്ടുകയോ ചെയ്യണം..

Exit mobile version