Malayala Vanijyam

സാംസങ് ഗാലക്സി എ53 5ജി, ഗാലക്സി എ33 5ജി സ്മാർട്ട്ഫോണുകൾ വിപണിയിലെത്തി

എ53 5ജി സ്മാർട്ട്ഫോണിന്റെ വില ആരംഭിക്കുന്നത് 37,800 രൂപ മുതലാണ്.സാംസങ് ഗാലക്സി എ33 5ജിയുടെ വില 31,000 രൂപയോളം വരും

സാംസങ് ഗാലക്സി എ53 5ജി, ഗാലക്സി എ33 5ജി സ്മാർട്ട്ഫോണുകൾ വിപണിയിലെത്തി. സാംസങ് തങ്ങളുടെ എ സീരിസ് സ്മാർട്ട്ഫോണുകൾക്കായി നടത്തിയ ഗാലക്സി എ ഇവന്റിൽ രണ്ട് സ്മാർട്ട്ഫോണുകൾ പുറത്തിറക്കി. സാംസങ്, ഗാലക്സി എ53 5ജി, ഗാലക്സി എ33 5ജി എന്നീ ഫോണുകളാണ് ആഗോള വിപണിയിൽ അവതരിപ്പിച്ചത്. കഴിഞ്ഞ മാർച്ചിൽ ലോഞ്ച് ചെയ്ത ഗാലക്സി എ52 5ജിയുടെ പിൻഗാമിയാണ് ഗാലക്സി എ53 5ജി. സാംസങ് ഗാലക്സി എ33 5ജി ആവട്ടെ കഴിഞ്ഞ വർഷം ജനുവരിയിൽ അവതരിപ്പിച്ച ഗാലക്സി എ32 5ജി ഫോണിന്റെ പിൻഗാമിയായാണ് വരുന്നത്. രണ്ട് പുതിയ മോഡലുകളിലും ക്വാഡ് റിയർ ക്യാമറകളും ഒക്ടാ കോർ പ്രൊസസറുകളുമാണ് ഫീച്ചർ ചെയ്യുന്നത്.

പുതിയ 5nm പ്രൊസസർ ഉപയോഗിച്ച് ഊർജം പകരുന്ന, പുതിയ ഗാലക്‌സി എ സീരീസിന്റെ നൂതന AI- പവർ ക്യാമറ , കുറഞ്ഞ വെളിച്ചത്തിൽ പോലും 
എല്ലാ ചിത്രങ്ങളെയും ആകർഷകമാക്കുന്നു 
.

സാംസങ് ഗാലക്സി എ53 5ജി, ഗാലക്സി എ33 5ജിസ്മാർട്ട്ഫോണുകളിൽ മിഡ്റേഞ്ച് വിഭാഗം പിടിച്ചെടുക്കാൻ പോന്ന മികച്ച സവിശേഷതകളെല്ലാം സാംസങ് നൽകിയിട്ടുണ്ട്. 25W ഫാസ്റ്റ് ചാർജിങുമായിട്ടാണ് ഡിവൈസുകൾ വരുന്നത്. ആൻഡ്രോയിഡ് 12 ഔട്ട്-ഓഫ്-ബോക്‌സിൽ പ്രവർത്തിക്കുന്ന രണ്ട് ഫോണുകൾക്കും വൺ യുഐയുടെയും ആൻഡ്രോയിഡ് ഒഎസിന്റെയും നാല് തലമുറ വരെ അപ്‌ഗ്രേഡുകളും അഞ്ച് വർഷം വരെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കുമെന്ന് കമ്പനി വ്യക്തമാക്കി. രണ്ട് ഫോണുകളും തമ്മിലുള്ള പ്രധാന വ്യത്യാസം ഡിസ്പ്ലെ ഡിസൈനിന്റെ കാര്യത്തിലാണ്. ഗാലക്‌സി എ53 5ജിയിൽ ഹോൾ-പഞ്ച് ഡിസ്‌പ്ലേ ഡിസൈനും ഗാലക്‌സി എ33 5ജിയിൽ വാട്ടർ ഡ്രോപ്പ്-സ്റ്റൈൽ നോച്ചുമാണ് ഉള്ളത്.

ഗാലക്‌സി എസ് 22 സീരീസിന് സമാനമായ സോഫ്‌റ്റ്‌വെയർ പിന്തുണയാണ് ഗാലക്‌സി എ53 5ജിയ്‌ക്കുള്ളത്.

സാംസങ് ഗാലക്സി എ53 5ജി സ്മാർട്ട്ഫോണിന്റെ വില ആരംഭിക്കുന്നത് 449 യൂറോ മുതലാണ്. ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 37,800 രൂപയോളമാണ്. അതേസമയം സാംസങ് ഗാലക്സി എ33 5ജിയുടെ വില ആരംഭിക്കുന്നത് 369 യൂറോ മുതലാണ്. ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 31,000 രൂപയോളം വരും. രണ്ട് ഫോണുകളും 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ബേസ് വേരിയന്റിലും 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഹൈഎൻഡ് വേരിയന്റിലും ലഭ്യമാകും.

Exit mobile version