Malayala Vanijyam

അന്താരാഷ്ട്ര ഐടി മേള ‘ലീപ് 2024’റിയാദിൽ തുടക്കമായി.

റിയാദ്:-അന്താരാഷ്ട്ര ഐടി മേള ‘ലീപ് 2024’റിയാദിൽ തുടക്കമായി.വ്യാഴാഴ്ച വരെ റിയാദ് ആഗോള ഐടി രംഗത്തെ വിദഗ്ധരുടെ ലോകമായി മാറും. തിങ്കളാഴ്ച രാവിലെ 10.30ന് റിയാദ് നഗരത്തിൽനിന്ന് 80 കിലോമീറ്റർ വടക്ക് മൽഹമിലുള്ള റിയാദ് എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻററിലാണ് സാങ്കേതിക വിദ്യകളുടെ അത്ഭുത ലോകം മിഴി തുറന്നത്. മേള എല്ലാദിവസവും രാവിലെ 10.30 മുതൽ വൈകീട്ട് ഏഴ് വരെയാണ്. മേള സന്ദർശിക്കാൻ ബാഡ്ജ് നിർബന്ധമാണ്. https://register.visitcloud.com എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്താണ് ബാഡ്ജ് നേടേണ്ടത്. രജിസ്ട്രേഷൻ പൂർത്തീകരിച്ചാൽ ഇമെയിലായി ഡിജിറ്റൽ ബാഡ്ജ് എത്തും. അത് സ്കാൻ ചെയ്താണ് മേളയിലേക്ക് പ്രവേശനം അനുവദിക്കുക.

റിയാദ് നഗരത്തിലെ രണ്ടിടങ്ങളിൽനിന്ന് ലീപ് മേള നടക്കുന്ന മൽഹമിലേക്കും തിരികെയും ഷട്ടിൽ ബസ് സർവിസുണ്ട്. റിയാദ് എയർപ്പോർട്ട് റോഡിലെ അമീറ നൂറ യൂനിവേഴ്സിറ്റി, എക്സിറ്റ് എട്ടിലെ ഗാർഡനീയ മാൾ (ഹിൽട്ടൺ ഗാർഡൻ ഇൻ ലാൻഡ്, അൽഗദീർ ഡിസ്ട്രിക്റ്റ്) എന്നിവിടങ്ങളിൽനിന്നാണ് മൽഹമിലേക്ക് രാവിലെ 9.30 മുതൽ വൈകീട്ട് 5.10 വരെ ബസ് സർവീസുള്ളത്. ഉച്ചക്ക് 12 മുതൽ രാത്രി എട്ട് വരെ തിരികെയും ബസ് സർവിസുണ്ടാവും. ഓരോ 20 മിനിറ്റിലും ബസുകൾ പുറപ്പെടും. ഇതിന് പുറമെ കരീം ടാക്സി ബുക്ക് ചെയ്താൽ ആകെ ടാക്സി ചാർജിൽ 50 റിയാൽ ഇളവുണ്ടാവും.

മേളയിൽ സംഘാടകർ 1,72,000 സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്. സാങ്കേതിക രംഗത്തെ ഏറ്റവും പുതിയ സംവിധാനങ്ങൾ പ്രദർശിപ്പിക്കാനും പരിചയപ്പെടുത്താനുമായി ആഗോളതലത്തിൽ പ്രവർത്തിക്കുന്ന 1800 കമ്പനികൾ മേളയിൽ പ്രദർശനത്തിനുണ്ട്. ഇതിന് പുറമെ 600 ഓളം സ്റ്റാർട്ടപ്പ് കമ്പനികളുടെയും സാന്നിദ്ധ്യം മേളയിലുണ്ടാകും. സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട നിരവധി ചർച്ചകൾക്കും വ്യാപാര കരാറുകൾക്കും മേള സാക്ഷിയാകും. ലോകത്തിെൻറ വിവിധ കോണുകളിൽ നിന്നെത്തിയ ടെക്‌നോ മേഖലയിലെ 1100 പ്രഭാഷകർ ലീപ്പിന്‍റെ പല വേദികളിലായി സംസാരിക്കും.

Exit mobile version