Malayala Vanijyam

സന്ദർശകരുടെ തിരക്ക്; യാമ്പു പുഷ്പമേള ഏപ്രിൽ 30 വരെ നീട്ടി.

റിയാദ്: സന്ദർശകരുടെ തിരക്ക് കാരണം യാമ്പു പുഷ്മമേള ഏപ്രിൽ 30 വരെ നീട്ടിയതായി റിപ്പോർട്ട്. സൗദി പടിഞ്ഞാറൻ പ്രവിശ്യയിലെ ചെങ്കൽ തീര പട്ടണമായ യാമ്പുവിൽ ഫെബ്രുവരി 15 ന് തുടങ്ങിയ പുഷ്പോത്സവം കണ്ടാസ്വദിക്കാൻ മറ്റ് ഗൾഫ് രാജ്യങ്ങളിൽ നിന്നടക്കം പതിനായിരങ്ങൾ എത്തിക്കൊണ്ടിരിക്കുകയാണ്.  ഈ മേള മാർച്ച് ഒമ്പതിന് സമാപിക്കേണ്ടതാണ് ഇതിപ്പോൾ 52 ദിവസത്തേക്ക് കൂടി നീട്ടിയതായി റോയൽ കമ്മീഷൻ ‘എക്‌സ്’ അകൗണ്ടിൽ കുറിച്ചിട്ടുണ്ട്. മുൻകാലങ്ങളെ അപേക്ഷിച്ച് മലയാളികളും വൻതോതിലെത്തിക്കൊണ്ടിരിക്കുകയാണ്. ദശലക്ഷത്തിലേറെ സന്ദർശകർ ഇതിനകം യാമ്പു പുഷ്പമേള കാണാനെത്തിയതായി സംഘാടകരും അറിയിച്ചിട്ടുണ്ട്. മൂന്ന് ലോക റെക്കോർഡുകൾ നേടിയ ഈ മേള ലോകശ്രദ്ധ ഇതിനോടകം നേടിക്കഴിഞ്ഞിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ പൂക്കൊട്ട, പൂക്കൾ കൊണ്ടെഴുതിയ ഏറ്റവും വലിയ വാക്ക്, ഏറ്റവും വലിയ റോക്കറ്റിന്റെ മാതൃക എന്നിവയാണ് ആഗോള അംഗീകാരം നേടി കൊടുത്തത്. വിശാലമായ പൂപരവതാനിക്ക് മുൻപ് രണ്ടു തവണ ഗിന്നസ് വേൾഡ് റെക്കോർഡ് കിട്ടിയിരുന്നു. യാമ്പു- ജിദ്ദ ഹൈവേ റോഡിനോട് ചേർന്നുള്ള അൽ മുനാസബാത്ത് പാർക്കിലാണ് ഈ പുഷ്പമേള നടക്കുന്നത്.

പൂക്കളുടെ വർണാഭമായ കാഴ്ചകൾ തൊട്ടടുത്ത് നിന്ന് ആസ്വദിക്കാൻ കഴിയും വിധമാണ് ഇത്തവണ സന്ദർശകർക്കുള്ള നടപ്പാതകൾ ഒരുക്കിയിരിക്കുന്നത്. സ്വദേശി യുവതീ യുവാക്കളുടെ വർധിച്ച സാന്നിധ്യം മുമ്പത്തേതിനേക്കാൾ ഈ വർഷം പുഷ്പ മേളയിലെങ്ങും പ്രകടമാണ്. സ്വദേശത്തും വിദേശങ്ങളിലും പ്രശസ്തമായ കമ്പനികളുടെ വൈവിധ്യമാർന്ന പവലിയനും ഇവിടുണ്ട്.  രുചിഭേദങ്ങളുടെ ഫുഡ് കോർട്ടിലും വൈകുന്നേരങ്ങളിൽ സൗദി സാംസ്കാരിക വകുപ്പ് ഒരുക്കുന്ന കലാപരിപാടികളും ആളുകൾ ശരിക്കും ആസ്വദിക്കുന്നുണ്ട്.

Exit mobile version