Saturday, May 4, 2024
Google search engine

ഇക്കാക്കാന്റെ പ്രണയം പറയാൻ ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഭാവന മലയാള സിനിമയിലേക്ക് തിരിച്ചു വന്നു.

spot_img

ഇക്കാക്കാന്റെ പ്രണയം പറയാൻ ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഭാവന മലയാള സിനിമയിലേക്ക് തിരിച്ചു വന്നു. ഇത് തന്നെയാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്നചിത്രത്തിന് പ്രശസ്തി നല്‍കിയത്. സിനിമയുടെ റിലീസ് മുമ്പ് തന്നെ ഭാവനയ്ക്ക് വെല്‍ക്കം ബാക്ക് പറഞ്ഞു കൊണ്ടായിരുന്നു ഇന്ത്യന്‍ സിനിമയിലെ താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയത്. അതേ വെല്‍ക്കം ബാക്ക് വിളികളുമായാണ് പ്രേക്ഷകരും സിനിമ ഏറ്റെടുത്തിരിക്കുന്നത്.

ഫെബ്രുവരി 24ന്, മലയാളത്തില്‍ നിന്നും ഒമ്പത് സിനിമകളാണ് തിയേറ്ററുകളില്‍ എത്തിയത്. ഒരിടവേളയ്ക്ക് ശേഷം ആദ്യമായാണ് ഇത്രയധികം സിനിമകള്‍ ഒന്നിച്ച് തിയേറ്ററില്‍ എത്തുന്നത്. അതില്‍ തന്നെ പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ കാത്തിരുന്നതും, കണ്ടതും ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന സിനിമ തന്നെയാണ്. കണ്ടിറങ്ങിയ പ്രേക്ഷകരില്‍ നിന്നും ലഭിച്ചത് മികച്ച പ്രതികരണങ്ങളും.

നവാഗത സംവിധായകനായ ആദില്‍ മൈമൂനത്ത് അഷറഫ് രചനയും സംവിധാനവും എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്ന സിനിമ പ്രണയത്തെ കുറിച്ചും വ്യക്തിബന്ധങ്ങളെ കുറിച്ചും വ്യക്തികളുടെ സ്വാതന്ത്ര്യത്തെ കുറിച്ചുമാണ് സംസാരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ അടക്കം മികച്ച പ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.

സിനിമയുടെ ടൈറ്റിൽ ഭൂത കാലമാണ്. കഷ്ടിച്ച് 10 വയസ്സോളം പ്രായമുള്ള ഒരു പെൺകുട്ടി 20 വയസ്സോളം പ്രായ വ്യത്യാസമുള്ള സഹോദരന്റെ പ്രണയ യാത്രയിൽ കൂടെ വരുന്നതൊക്കെയാണ് സിനിമ. ജിമ്മി വീട്ടുകാരെ ഭയന്ന് അവരുടെ ഇഷ്ടങ്ങൾക്ക് വേണ്ടി സ്വന്തം ഇഷ്ടങ്ങൾ ദൂരെ കളയുന്ന ചെറുപ്പക്കാരനാണ്. വിവാഹലോചനകളുമായി കുടുംബം മുന്നോട്ട് പോകുന്ന സമയത്താണ് അയാൾ പഴയ പ്രണയിനി നിത്യയെ കാണുന്നത്. ആ കാഴ്ച അയാളെ എത്തിക്കുന്നത് അപ്രതീക്ഷിതമായ കുറെ തിരിച്ചറിവുകളിലേക്കാണ്. പ്രണയത്തിന്റെ പല തലങ്ങളും പല കാലങ്ങളും പറയുന്നത് കൊണ്ട് തന്നെ ചിതറിയ പല കാലങ്ങളും ഓർമകളും ആത്മഗതങ്ങളും ഒക്കെയാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്. ബോധപൂർവം തന്നെ ഇങ്ങനെയൊരു പരിചരണം ആവശ്യപ്പെടുന്ന തിരക്കഥയാണ് ചിത്രത്തിന്റേത്. ഇത്തരം ചിതറിയ പ്രണയ കഥകൾ കാണുന്നവരെ മാത്രമേ ആദിമധ്യന്തം സിനിമ അഡ്രസ് ചെയ്യുന്നുമുള്ളു.

പ്രത്യക്ഷത്തിൽ വളരെ മൃദുവായ ഒരു പ്രണയ കഥയാണെങ്കിലും പ്രധാന കഥാപാത്രങ്ങളുടെ ഡീറ്റെലിംഗിൽ വളരെയധികം ശ്രദ്ധിക്കുന്നുണ്ട് സിനിമ. ആശയക്കുഴപ്പങ്ങളും ഭീരുത്വവുമുള്ള ഒരാളിൽ നിന്ന് സ്വന്തം സ്വത്വത്തെ കണ്ട് പിടിക്കുന്ന ആളിലേക്കുള്ള വളർച്ചയിൽ നിൽക്കുന്ന കഥാപാത്രമാണ് ഷറഫുദീന്റെ ജിമ്മി. അയാൾക്ക് വീടിനെയും സമൂഹത്തെയും ഭയമായിരുന്നു. സുഹൃത്ത് ഫിദയും സഹോദരിയും നിത്യയും ചേർന്നാണ് അയാൾക്ക് ഊർജവും ധൈര്യവും നൽകുന്നത്. നിത്യ അനുഭവങ്ങളിലൂടെ നേടിയെടുത്ത ധൈര്യം കൈമുതലാക്കി മുന്നോട്ട് പോകുന്ന സ്ത്രീയാണ്. ഷറഫുദീനും ഭാവനയും ഈ രണ്ട് കഥാപാത്രങ്ങളെ നന്നായി ഉൾക്കൊണ്ടാണ് സ്‌ക്രീനിൽ വരുന്നത്. മലയാള സിനിമകളിൽ കുട്ടികളെ അവതരിപ്പിക്കുമ്പോഴുള്ള പതിവ് ക്‌ളീഷെകൾ ഈ സിനിമയിലും തുടരുന്നത് പോലെ തോന്നി.

വിവാഹ മോചനത്തെ ഒരു പ്രണയ കഥയായിരുന്നിട്ടും വളരെ വ്യത്യസ്തമായി സമീപിച്ച സിനിമ കൂടിയാണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’. പാസ്സീവ് അഗ്രെഷൻ, ഒറ്റ വാക്കിൽ പറഞ്ഞു ചുറ്റുമുള്ളവരെ ബോധ്യപ്പെടുത്താൻ പറ്റാത്ത വയലൻസ് ഒക്കെ മുന്നോട്ട് കൊണ്ട് വരാൻ സിനിമ ശ്രമിക്കുന്നുണ്ട്. വിവാഹ മോചനത്തെ ശരിക്കുമൊരു മോചനമായി കാണികളിലേക്കെത്തിക്കാനുള്ള ശ്രമം സിനിമയിൽ തെളിഞ്ഞു കാണാം. ഒപ്പം തന്നെ ടോക്സിക് പാരന്റ്ങ്ങിലെ ഇരകളെ കുറിച്ച് പറയാനും സിനിമ ശ്രമിക്കുന്നുണ്ട്. ബന്ധങ്ങളുടെ മുന്നോട്ട് പോക്കിനെ കുറിച്ച് വളരെ പുരോഗമന പരമായി പറയുമ്പോഴും പ്രണയ തീവ്രത പോലെ വളരെ വ്യക്തിഗതമായി പറയാവുന്ന വികാരങ്ങളെ തൊട്ട് കൊണ്ടാണ് സിനിമയുടെ മുന്നോട്ട് പോക്ക്.

രണ്ട് പേർക്കിടയിലെ പ്രണയം പലപ്പോഴും അതേ തീവ്രതയോടെ മൂന്നാമതൊരാളോട് പറയാൻ പറ്റാറില്ല എന്ന് പറയാറുണ്ട്. നിത്യയുടെയും ജിമ്മിയുടെയും അവരുടെ കുടുംബങ്ങളുടെയും ചുറ്റുമുള്ളവരുടെയും കഥ പലപ്പോഴും ഈ സിനിമ പറഞ്ഞിട്ടുള്ളത് നിത്യ ജീവിത കാഴ്ച എന്ന നിലയിലാണ്. ചിതറിയ പല കാലങ്ങളെ, പല ജീവിതങ്ങളെ ഇങ്ങനെ വരച്ചു കാട്ടുമ്പോൾ പലപ്പോഴും അതേ തീവ്രത പ്രേക്ഷകർക്ക് അനുഭവപ്പെടണമെന്നില്ല. ലാഗ് എന്ന് ഭൂരിപക്ഷം വരുന്ന സിനിമാ പ്രേമികൾ വിളിക്കുന്ന ഈ അനുഭവം ‘ന്റെ ഇക്കാക്കൊരു പ്രേമണ്ടാർന്നു’വിൽ പല സമയത്തും കാണാം. അതി തീവ്ര പ്രണയ സ്നേഹികളല്ലാത്തവർക്ക് ഈ സിനിമ ഇത്തരമൊരനുഭവം പലയിടത്തും നൽകുന്നുണ്ട്. പ്രണയത്തിനു പ്രായമില്ല എന്നൊക്കെയുള്ള റെഫറൻസുകൾ ഒരു ചെറുപുഞ്ചിരിയിലൂടെയും മറ്റുമൊക്കെ സിനിമ സ്ഥാപിക്കാൻ ശ്രമിക്കുന്നുണ്ട്. ഇത് ഇത്തരം സിനിമകളുടെ ആരാധകർ എത്ര കണ്ട് ഉൾക്കൊള്ളും എന്നറിഞ്ഞു കൂടാ.

പ്രണയം അടിമുടി നിറഞ്ഞു നിൽക്കുന്ന സിനിമ എന്നതാണ് ഭാവനയുടെ തിരിച്ചുവരവിനപ്പുറം’ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’വിനെ പറ്റി പറയാനുള്ളത്. ആ യോണർ പൂർണമായി ആസ്വദിക്കുന്നവർക്ക് വേണ്ടിയെടുത്ത സിനിമ. പ്രണയത്തിന്റെ വളർച്ച, തുടർച്ച ഇതൊക്കെ അനുഭവിക്കാനാവുന്നവർക്ക് തീയറ്ററുകളിൽ എത്താം.

Latest articles

spot_img

Related articles

Leave a reply

Please enter your comment!
Please enter your name here

RSS
Pinterest
LinkedIn
Share
Instagram
Telegram
WhatsApp