പ്രേമലു എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നസ്ലിൻ -ഗിരീഷ് എ .ഡി കൂട്ടുകെട്ടിൽ തിയറ്ററുകളിൽ എത്തിയ ചിത്രമാണ് ഐ ആം കാതലൻ. പ്രേമലുവിന് മുമ്പ് ഗിരീഷ് എ .ഡി ചിത്രീകരിച്ച ചിത്രമാണ് ഐ ആം കാതലൻ. ടീൻ കോമഡിക്കൊപ്പം അൽപ്പം ത്രില്ലർ പരിവേഷത്തിലൂടെയാണ് സിനിമ അവതരിപ്പിക്കുന്നതെന്നാണ് ട്രെയിലറിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. ഡോ. പോൾസ് എൻ്റെർടെയ്മെൻ്റ്, ശ്രീ ഗോകുലം മൂവീസ്, ഹീറ്റ്മേക്കേഴ്സ് എൻ്റർടെയ്മെൻ്റ് എന്നീ ബാനറുകളിൽ ഗോകുലം ഗോപാലനും, ഡോ. പോൾ വർഗീസും, കൃഷ്ണമൂർത്തിയും ചേർന്നാണ് ഈ ഗിരീഷ്എ .ഡിയുടെ ഈ ടീൻ കോമഡി ചിത്രം നിർമിച്ചിരിക്കുന്നത്.
വലിയ ആരവങ്ങൾ ഒന്നുമില്ലാതെ തിയറ്ററുകളിൽ എത്തിയ ഐ ആം കാതലൻ്റെ ദൈർഘ്യം ഒരു മണിക്കൂറും51മിനിറ്റുമാണ്. എഞ്ചിനീയറിങ് വിദ്യാര്‍ഥിയായ വിഷ്ണു എന്ന കേന്ദ്ര കഥാപാത്രത്തെയാണ് നസ്ലിം ഈ സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്.
കേരളത്തിലെ ഒരു എഞ്ചിനീയറിങ് കോളേജിൽ സപ്ലിയുടെ കൂമ്പാരത്തിൽ നിൽക്കുന്നവനാണ് നായകൻ വിഷ്ണു. എവിടെ പരിപാടി അവതരിപ്പിച്ചാലും അവിടെ അപമാനം നേരിടേണ്ടിവരുന്ന ഒരു സാധാരണ പയ്യൻ. വിഷ്ണുവിന് പ്രശ്നങ്ങൾ കോർത്തൊരു പ്രണയമുണ്ട്. പഠനകാര്യത്തിൽ ഉഴപ്പനാണെങ്കിലും ഹാക്കിങ്ങിൽ വലിയ പുള്ളിയാണ് അവൻ. കൂട്ടുകാർക്കായി ചെറിയ ചെറിയ ഹാക്കിങ് നടത്തിയിരുന്ന അവന്റെ ജീവിതത്തിൽ മറക്കാനാവാത്ത ഒരു സംഭവം ഉണ്ടാവുന്നു. ഈ പൊല്ലാപ്പുകളും അതിൽ നിന്ന് തലയൂരാനുള്ള ശ്രമങ്ങളുമാണ് സിനിമയുടെ കാതൽ. ഉദ്വേഗവും നർമവും ഇഴചേർന്ന ഒട്ടേറെ രസമുഹൂർത്തങ്ങൾ ചിത്രം സമ്മാനിക്കുന്നുണ്ട്.
സൂപ്പർ ഹിറ്റായ തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നിവയ്ക്കും പ്രേമലു എന്ന ബ്ലോക്ക്ബസ്റ്ററിനും ശേഷം ഗിരീഷ് എ.ഡി- നസ്ലിൻ ടീമൊന്നിച്ച ‘ഐ ആം കാതലൻ’ മുൻചിത്രങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായ മറ്റൊരു ജോണറാണ് കൈകാര്യം ചെയ്യുന്നത്. റൊമാന്റിക് കോമഡി വിഭാഗത്തിൽ പെടുന്ന ചിത്രങ്ങളാണ് ഈ കൂട്ടുകെട്ടിൽ നിന്ന് ഇതുവരെ കണ്ടെതെങ്കിൽ ‘ഐ ആം കാതലൻ’ ഇതിനൊപ്പം ഒന്നാന്തരം ത്രില്ലർ മുഹൂർത്തങ്ങളും സമ്മാനിക്കുന്നുണ്ട്. റൊമാന്റിക്ക് നായകനിൽ നിന്ന് വേറിട്ട മറ്റൊരു മുഖമാണ് നസ്ലിൻ ഈ ചിത്രത്തിൽ കാഴ്ചവെച്ചിട്ടുള്ളത്. പ്രണയവും കോമഡിയും മാത്രമല്ല സീരിയസ് കഥാപാത്രവും തന്റെ കൈയിൽ സേഫാണെന്ന് നസ്ലിൻ ഇതിലൂടെ തെളിയിക്കുന്നു. അനിഷ്മയാണ് നായിക. ദിലീഷ് പോത്തൻ, ലിജോമോൾ, ടി.ജി. രവി, സജിൻ, വിനീത് വാസുദേവൻ, വിനീത് വിശ്വം എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. പ്രശസ്ത നടൻ സജിൻ ചെറുകയിൽ ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്.