Sunday, April 28, 2024
Google search engine

ബെഹ്‌റിന്റെ സുകൃതമായി മാന്നാറിന്റെ സ്വന്തം രാജശേഖരന്‍ പിള്ള .

spot_img

കേരളത്തിന്റെയും ബെഹ്‌റിന്റേയും സമ്പദ്‌വ്യവസ്ഥയ്ക്ക് തന്നെ ഏറെ സംഭാവനകള്‍ നല്‍കി ഇന്ത്യയുടെ പരമോന്നത ബഹുമതികളിലൊന്നായ ‘പ്രവാസി ഭാരതീയസമ്മാന്‍’ പുരസ്‌കാരം കരസ്ഥമാക്കിയ വി. കെ. രാജശേഖരന്‍പിള്ള ബെഹ്‌റിന്‍, സൗദിഅറേബ്യ, യു. എ. ഇ, സിംഗപ്പൂര്‍, യു. കെ, ഇന്ത്യ എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന നാഷണല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയർമാനാണ്.

മഹാന്മാരുടേയും പ്രശസ്തരുടേയും ഇടയില്‍ താനൊരു സാധാരണമനുഷ്യനാണെന്ന നിലയില്‍ മിതത്വം പാലിച്ചും, എന്നാല്‍ സ്വന്തം വ്യക്തിത്വം ഉയര്‍ത്തിപ്പിടിച്ചും നില്‍ക്കുന്നവര്‍ എത്രപേരുണ്ടാകും നമുക്കിടയില്‍. പരിമിതമായേ അത്തരം വ്യക്തിത്വങ്ങളെ നമുക്ക് കണ്ടെത്താനാവൂ. എന്നാല്‍ കേരളത്തിന്റെയും ബെഹ്‌റിന്റേയും സമ്പദ്‌വ്യവസ്ഥയ്ക്ക് തന്നെ ഏറെ സംഭാവനകള്‍ നല്‍കി ഇന്ത്യയുടെ പരമോന്നത ബഹുമതികളിലൊന്നായ ‘പ്രവാസി ഭാരതീയസമ്മാന്‍’ പുരസ്‌കാരം കരസ്ഥമാക്കിയ വി. കെ. രാജശേഖരന്‍പിള്ള അത്തരമൊരു വ്യക്തിത്വമാണെന്ന് നമുക്ക് അഭിമാനത്തോടെ പറയാം.

സ്വന്തം വ്യക്തിത്വം തന്നെയാണ് ഇദ്ദേഹത്തിന്റെ എല്ലാവിജയത്തിന്റേയും മുഖവുരയും മുഖമുദ്രയും.
ബഹ്‌റിന്‍, സൗദിഅറേബ്യ, യു. എ. ഇ, സിംഗപ്പൂര്‍, യു. കെ, ഇന്ത്യ എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന നാഷണല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ അമരക്കാരനായ വി. കെ. രാജശേഖരന്‍പിള്ള മനസ്സില്‍ നന്മയുണ്ടെങ്കില്‍ ദൈവം വഴിവിളക്കുമായി മുന്നില്‍ എത്തുമെന്ന സത്യം കര്‍മ്മങ്ങളിലൂടെ ആഗോളമലയാളിക്ക് കാട്ടിത്തന്ന വ്യക്തിയാണ്. അതുകൊണ്ടു തന്നെ പ്രവാസി മലയാളികള്‍ക്കിടയില്‍ ഒട്ടേറെ വിശേഷണങ്ങള്‍ ഇദ്ദേഹത്തിനുണ്ട്. മറ്റുള്ളവരുടെ നന്മയിലും വളര്‍ച്ചയിലും മറ്റാരെക്കാളും മനസ്സുതുറന്ന് സന്തോഷിക്കുന്ന മഹത്‌വ്യക്തി…

മാനുഷിക മൂല്യങ്ങള്‍ക്ക് മറ്റെന്തിനേക്കാളും മഹത്വം കല്‍പ്പിക്കുന്ന മനുഷ്യസ്‌നേഹി…
തന്റെ സമ്പാദ്യം സഹജീവികള്‍ക്കു കൂടി പ്രയോജനപ്പെടുത്തണം എന്നു ചിന്തിക്കുന്ന അപൂര്‍വ്വം പ്രവാസികളില്‍ ഒരാള്‍….

എന്നിങ്ങനെ ധാരാളം വിശേഷണങ്ങള്‍ ഉണ്ടെങ്കിലും നിറഞ്ഞലാളിത്യവും മനസ്സുനിറയെ നന്മയും കൈമുതലാക്കിയ ജീവകാരുണ്യപ്രവര്‍ത്തകന്‍ എന്ന വിശേഷണമായിരിക്കും ഇദ്ദേഹത്തിന് ഏറെ ചേരുക. എളിയനിലയില്‍ ജീവിതം ആരംഭിച്ച് കഠിനാദ്ധ്വാനത്തിലൂടെ സമ്പത്തുണ്ടാക്കി അതിലൊരു ഭാഗം പാവങ്ങള്‍ക്കായി ചിലവിടുന്ന ഇദ്ദേഹം ഒരു മനുഷ്യന്റെ ദൃഢനിശ്ചയത്തിലൂടെയും കഠിനാദ്ധ്വാനത്തിലൂടേയും ഏതു കൂറ്റന്‍ പര്‍വ്വത നിരകളും എത്തിപ്പിടിക്കാമെന്ന് സ്വന്തം ജീവിതവിജയം തന്നെ ലോകമലയാളിയ്ക്ക് മുന്നില്‍ സാക്ഷ്യം നല്‍കുകയാണ്. സത്യസന്ധതയും സഹാനുഭൂതിയും, ദാനശീലവും, ആത്മാര്‍ത്ഥതയും കൈമുതലാക്കി പ്രത്യക്ഷവും പരോക്ഷവുമായി ആയിരക്കണക്കിനാളുകളുടെ ജീവിതത്തിന് വെളിച്ചം പകര്‍ന്ന വി. കെ. രാജശേഖരന്‍ പിള്ളയുടെ ജീവിതത്തിലൂടെ…

മാന്നാറില്‍ നിന്നുതുടക്കം

കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ ബ്‌ളോക്ക് പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന ഒരു ചെറുഗ്രാമമാണ് മാന്നാര്‍. ഒരുകാലത്തു ഓട്, ചെമ്പ്, ഖാദിവസ്ത്രം എന്നീ വ്യവസായങ്ങളിലൂടെ കേരളത്തിന്റെ ഗള്‍ഫ് എന്നറിയപ്പെട്ടിരുന്ന നാട്. പക്ഷെ, ചരിത്രത്തില്‍ ഇടം നേടാന്‍ കാരണം ഇവിടെയുള്ള സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള ശിവക്ഷേത്രങ്ങളും, ദ്രാവിഡ ആരാധനാ കേന്ദ്രങ്ങളുമാണ്.

മാത്രമല്ല 1948-ല്‍ വാസ്‌കോഡഗാമ പണികഴിപ്പിച്ചു എന്നുപറയപ്പെടുന്ന ലത്തീന്‍കത്തോലിക്കാ വിഭാഗത്തിന്റെ ആദ്യപള്ളിയായ പരുമലപള്ളിയും, മാലിക്ദീനാറും സംഘവും പണികഴിപ്പിച്ച മുഹിയിദ്ദീന്‍ മുസ്‌ലിംപള്ളിയും മാന്നാറിന്റെ ചരിത്രപ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. പ്രസിദ്ധമായ ഇതിനടുത്തുള്ള പ്രദേശമാണ് കുട്ടംപേരൂര്‍. ക്രോഷ്ടമുനിയുടെ ചിതല്‍ പുറ്റ് കൊണ്ടും, ക്ഷേത്രകൊത്തുപണികള്‍ കൊണ്ടും പ്രസിദ്ധിയാര്‍ജ്ജിച്ച സ്ഥലം.

രാജശേഖരൻ പിള്ളയുടെ മാതാപിതാക്കൾ
അവിടെയുള്ള അനുഗ്രഹീത പുരാതന നായര്‍ തറവാടായ ചക്കനാട്ടു കുടുംബത്തിലെ കൃഷ്ണപ്പണിക്കരുടേയും (കുട്ടന്‍പിള്ള) മണ്ണുരുത്ത് കുടുംബത്തിലെ ശാരദാമ്മയുടേയും പുത്രനായി വി. കെ. രാജശേഖരന്‍ പിള്ള ജനിച്ചു.മാന്നാര്‍ നായാര്‍ സമാജം ഹൈസ്‌കൂളില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. വിദ്യാഭ്യാസകാലത്തുതന്നെ സ്വന്തം കാലില്‍ നില്‍ക്കണമെന്ന മോഹം ഇദ്ദേഹം മനസ്സില്‍ കൊണ്ടുനടന്നിരുന്ന അദേഹം പത്താം ക്ലാസ് പഠനത്തിനുശേഷം ബോംബെയിലേക്ക് ചേക്കേറി.

രാജശേഖരൻപിള്ള വിദ്യാഭ്യാസം പൂർത്തിയാക്കിയ മാന്നാര്‍ നായാര്‍ സമാജം ഹൈസ്‌കൂൾ
മുംബൈയില്‍ താമസിക്കുന്ന സഹോദരിയുടെ, ഭര്‍ത്താവ് വിദേശത്ത് പോയ അവസരത്തില്‍ അവര്‍ക്കൊരു കൂട്ടായി ബോംബയില്‍ പോയി താമസിക്കാന്‍ അദ്ദേഹത്തെ നിര്‍ബന്ധിച്ചത് അച്ഛനായിരുന്നു. 1978 ലെ ആ യാത്രയാണ് തന്റെ ജീവിതത്തില്‍ വഴിത്തിരിവായി മാറിയതെന്ന് രാജശേഖരന്‍ പിള്ള പറയുന്നു. അങ്ങനെ പത്താം ക്ലാസ് പാസായ ശേഷം സഹോദരിയുടെ താമസ സ്ഥലമായ മുംബൈയിലേക്ക് രാജശേഖരന്‍ പിള്ള യാത്രയായി.

മുംബൈയില്‍ താമസിക്കുന്ന സഹോദരിയുടെ, ഭര്‍ത്താവ് വിദേശത്ത് പോയ അവസരത്തില്‍ അവര്‍ക്കൊരു കൂട്ടായി ബോംബയില്‍ പോയി താമസിക്കാന്‍ അദ്ദേഹത്തെ നിര്‍ബന്ധിച്ചത് അച്ഛനായിരുന്നു. 1978 ലെ ആ യാത്രയാണ് തന്റെ ജീവിതത്തില്‍ വഴിത്തിരിവായി മാറിയതെന്ന് രാജശേഖരന്‍ പിള്ള പറയുന്നു

രാജശേഖരൻ പിള്ളയുടെ കുടുംബം
പതിനാറാം വയസ്സില്‍ മുംബൈ എന്ന മഹാനഗരത്തിലേക്ക് യാത്ര തിരിക്കുമ്പോള്‍ രാജശേഖരന്‍പിള്ള എന്ന ബാലന്റെ കൈവശം ഉണ്ടായിരുന്നത് കേവലം ഒരു സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് മാത്രമായിരുന്നുവെങ്കിലും ഏതൊരു മഹാമേരുവിന്റെ മുന്നിലും അടിയറവുപറയാത്ത ഒരു മനസ്സും ഒപ്പമുണ്ടായിരുന്നു.

സഹോദരിയുടെ കൂടെ താമസിച്ചു കൊണ്ട് ഭോപ്പാല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം കരസ്ഥമാക്കിയ രാജശേഖരന്‍പിള്ള നാഷണല്‍ അഡ്വര്‍ടൈസിംഗ് കമ്പനിയില്‍ ജീവനക്കാരനായി തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീട് സാമ്പത്തിക സുരക്ഷയേയും ജീവിതസുരക്ഷയേയും മുന്നില്‍ കണ്ടു മുംബൈയിലെ പലകമ്പനികളിലും മാറിമാറി പത്തുവര്‍ഷകാലത്തോളം ജോലിചെയ്തു. പക്ഷെ ഒന്നിലും രാജശേഖരന്‍പിള്ള എന്ന യുവാവിന് സംതൃപ്തി ലഭിച്ചില്ല. തന്റെ ജീവിതം ഇത്തരത്തില്‍ തളച്ചിടെണ്ട ഒന്നല്ല, തനിയ്ക്കു വെട്ടിപ്പിടിയ്ക്കുവാന്‍ സാമ്രാജ്യങ്ങള്‍ ഏറെയുണ്ടെന്നൊരു തോന്നല്‍. ഒടുവില്‍ രാജശേഖരന്‍ എന്ന യുവാവിന്റെ ചിന്തകള്‍ക്കും സ്വപ്‌നങ്ങള്‍ക്കും പുത്തന്‍ പ്രതീക്ഷകള്‍ നല്‍കികൊണ്ട് നരിമാന്‍ പോയന്റിലെ ഒരുട്രാവല്‍ ഏജന്‍സി അദ്ദേഹത്തിന് അനുയോജ്യമായ ഒരു വിസ വെച്ചുനീട്ടി. അങ്ങനെയാണ് 1988ല്‍ സൗദിഅറേബ്യയിലേക്ക് യാത്രയാവുന്നത്.

പുതിയ ആകാശം പുതിയഭൂമി

അന്നത്തെ സൗദിക്ക് ഇന്നത്തെ സൗദിയുമായി വിദൂരസാദൃശ്യം പോലുമില്ലായിരുന്നു. ചുട്ടുപഴുത്ത കാലാവസ്ഥ കുറച്ചൊന്നുമല്ല രാജശേഖരന്‍പിള്ളയെ കഷ്ടപ്പെടുത്തിയത്. അന്നേവരെ ചെയ്ത ജോലിയുമായി യാതൊരു ബന്ധവുമില്ലാത്ത തൊഴില്‍മേഖലയും. സാധാരണഗതിയില്‍ ഏതൊരു മനുഷ്യനും അടിയറവ് പറഞ്ഞുപോകുന്ന സാഹചര്യം. പക്ഷെ രാജശേഖരന്‍ പിള്ള ആ സാഹചര്യത്തോട് വളരെ വേഗം പൊരുത്തപ്പെട്ടു. എന്നുമാത്രമല്ല കമ്പനി ഉടമയായിരുന്ന അറബിയോട് രാജശേഖരന്‍ പിള്ളയ്ക്ക് ഒരു ആത്മബന്ധം സ്ഥാപിക്കുവാനും കഴിഞ്ഞു. ഈ അടുപ്പം സ്‌പോണ്‍സറും കൂടിയായ അറബിയുമായിച്ചേര്‍ന്ന് ‘നജിഡ്‌സ് സെന്റര്‍ ഫോര്‍ സേഫ്റ്റി സപ്‌ളൈസ്’ എന്ന സ്ഥാപനത്തിന് രാജശേഖരന്‍പിള്ള തുടക്കം കുറിച്ചു.

ചുരുങ്ങിയനാള്‍കൊണ്ടു തന്നെ സുരക്ഷാഉപകരണമേഖലയില്‍ നിന്നും നേടിയ അറിവും ,അനുഭവസമ്പത്തും, അതോടൊപ്പം രാജശേഖരന്‍ പിള്ളയുടെ മാനേജ്‌മെന്റ് വൈദഗ്ധ്യവും കഠിനാദ്ധ്വാനവും ഇതിനെല്ലാമുപരി ദൈവാനുഗ്രഹവും ആ കമ്പനിയെ അറബുനാട്ടില്‍ പ്രശസ്തമാക്കി. 1990 ല്‍ ഇന്റര്‍നാഷണല്‍ ഫയര്‍ പ്രൊട്ടക്ഷന്‍ സ്റ്റാന്‍ഡേര്‍ഡുകള്‍ നല്‍കുന്ന അമേരിക്കയിലെ N F P A യുടെ അംഗീകാരം ലഭിച്ചത് രാജശേഖരന്‍പിള്ളയുടെ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവായി.

ഇതോടെ രാജശേഖരന്‍പിള്ള സുരക്ഷാ ഉപകരണരംഗത്ത് അറബുനാട്ടിലെ ആരാലും പിടിച്ചുകെട്ടാനാവാത്ത ഒരു യാഗാശ്വമായി മാറി.
ഈ കാലഘട്ടത്തിലാണ് തടിയൂര്‍ (തെള്ളിയൂര്‍) സ്വദേശിയായ നാരായണന്‍പിള്ളയുടേയും പി. ജി. പൊന്നമ്മയുടേയും മകള്‍ ശ്രീകല രാജശേഖരന്‍ പിള്ളയുടെ ജീവിതസഖിയായി എത്തുന്നത്. ബി. എ, ബി. എഡ് ബിരുദധാരിയും ചിത്രകാരിയുമായ ശ്രീകലയുടെ സാമിപ്യം രാജശേഖരന്‍ പിള്ളയുടെ ജീവിതത്തിന് കൂടുതല്‍ അര്‍ത്ഥവും വ്യാപ്തിയും ഉത്തരവാദിത്വവും നല്‍കി.

രാജശേഖരൻപിള്ളയും കുടുംബവും
ഭാഗ്യം മനുഷ്യനെ അലസനാക്കും, കര്‍മ്മനിരതമായിരിക്കണം ജീവിതം’
എന്ന പ്രമാണത്തില്‍ മുറുകെ പിടിച്ചുകൊണ്ട് ബിസിനസ്സ് ചെയ്തുകൊണ്ടിരുന്ന രാജശേഖരന്‍ പിള്ളയുടെ ജീവിതത്തിന്റെ മൂന്നാം ഘട്ടം ആരംഭിക്കുന്നത് ബഹ്‌റിനിലാണ്. 2002-ലാണ് അദ്ദേഹം ബഹ്‌റിനിലേക്ക് താമസം മാറ്റുന്നത്. മദ്ധേഷ്യയിലെ ഏറ്റവും സാമ്പത്തിക സ്വാതന്ത്ര്യമുള്ള ബഹ്‌റിനിലെ ബിസിനസ്സ് സാധ്യതകള്‍ തിരിച്ചറിഞ്ഞ രാജശേഖരന്‍ പിള്ള അവിടെ നാഷണല്‍ ഫയര്‍ ആന്റെ് സേഫ്റ്റി എന്ന പേരില്‍ പുതിയൊരു കമ്പനി ആരംഭിച്ചു. ലോകരാഷ്ട്രങ്ങള്‍ക്കിടയിലേക്ക് ഒരു വന്‍ കുതിച്ചുകയറ്റം നടത്തികൊണ്ടിരുന്ന ബഹ്‌റിനിലെ വ്യാവസായികലോകത്ത് രാജശേഖരന്‍ പിള്ളയുടെ സുരക്ഷാ ഉപകരണങ്ങള്‍ക്ക് വന്‍ സ്വീകാര്യത ലഭിച്ചു.

മാത്രമല്ല പ്രവാസി ബിസിനസ്സുകാരോടുള്ള ബഹ്‌റിന്‍ രാജകുടുംബത്തിന്റെ തുറന്ന സമീപനവും രാജശേഖരന്‍ പിള്ളയ്ക്ക് മുന്നില്‍ അവസരങ്ങളുടെ പുത്തന്‍ വാതായനങ്ങള്‍ മലര്‍ക്കേ തുറക്കപ്പെട്ടു. തുടര്‍ന്നു വ്യക്തമായ ആസൂത്രണമികവോടെ കഠിനാദ്ധ്വാനം ചെയ്ത രാജശേഖരന്‍ പിള്ള തന്റെ ബിസിനസ്സില്‍ വിശ്വസ്തതയുടെ മേമ്പൊടി ചേര്‍ത്ത് വിജയത്തിന്റെ പടവുകള്‍ ഒന്നൊന്നായി കയറുവാന്‍ തുടങ്ങി. ചുരുങ്ങിയ കാലം കൊണ്ടുതന്നെ ബഹ്‌റിന്‍ ജനതയുടെ മനസ്സില്‍ സുരക്ഷയുടെ മറുവാക്കായി നാഷണല്‍ മാറി.

ബെഹ്‌റിനിലെ ഒട്ടുമിക്ക വ്യവസായമേഖലകളിലും നാഷണല്‍ തങ്ങളുടെ സാന്നിദ്ധ്യം ഉറപ്പിച്ചതോടെ സൗദിഅറേബ്യയിലേക്കും യു. എ. ഇ. ലേക്കും രാജശേഖരന്‍ പിള്ള ‘നാഷണല്‍ ഫയര്‍ ഫൈറ്റിംഗ്’ കമ്പനിയുടെ പ്രവര്‍ത്തനം വ്യാപിപ്പിച്ചു. പിന്നീട് വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായി ബഹ്‌റിനില്‍ മറ്റു ചില സ്ഥാപനങ്ങൾ കൂടി ആരംഭിച്ചു. ഇന്ന് വിശ്വസ്തതയുടേയും സേവനത്തിന്റെയും നീണ്ട മുപ്പത്തിഎട്ട് വർഷങ്ങള്‍ പിന്നിടുമ്പോള്‍ ബെഹ്‌റിന്‍, യു. എ. ഇ, സിംഗപ്പൂര്‍, സൗദിഅറേബ്യ, യു. കെ, ഇന്ത്യ എന്നിവിടങ്ങളിലായി നാഷണല്‍ ഗ്രൂപ്പ് ഓഫ് കമ്പനിയുടെ കീഴിലായി ക്വാളിറ്റി ഗാര്‍നെറ്റ്, ഗ്‌ളോബല്‍ ടെക്‌നിക്കല്‍ ട്രെയിഡിംഗ്, എഞ്ചിനീയറിംഗ് കോര്‍പ്പറേഷന്‍, നാഷണൽ കണ്‍സ്ട്രക്ഷന്‍ കമ്പനി, വി.കെ.ആർ. ഹോൾഡിംങ് എന്നിങ്ങനെ വ്യത്യസ്ത മേഖലകളിലായി ആധിപത്യം ഉറപ്പിച്ച് രാജശേഖരന്‍ പിള്ള തന്റെ ജൈത്രയാത്ര തുടരുകയാണ്.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയിൽ നിന്ന് പുരസ്കാരം സ്വീകരിക്കുന്നു

വിദേശരാജ്യങ്ങളില്‍ മാത്രമല്ല സ്വന്തം നാട്ടിലും ഇദ്ദേഹം ബിസിനസ്സ് വ്യാപിപ്പിച്ചിട്ടുണ്ട്. നാഷണല്‍ സിമെന്റ് പ്രൊഡക്ട്‌സ്, നാഷണല്‍ ടൂര്‍സ് ആന്റ് ട്രാവല്‍സ്, ഗ്ലോബൽ മീഡിയ റിസര്‍ച്ച് സെന്റര്‍ എന്നിങ്ങനെ നീളുന്നു രാജശേഖരന്‍ പിള്ളയുടെ കേരളത്തിലെ സംരംഭങ്ങള്‍. ഇതിനെക്കാളുപരിയായി വയനാട്ടില്‍ തുടങ്ങാനിരിക്കുന്ന സാരംഗി റിസോര്‍ട്ട് അക്ഷരാര്‍ത്ഥത്തില്‍ രാജശേഖരന്‍ പിള്ളയുടെ പ്രകൃതിസ്‌നേഹം വിളിച്ചോതുന്ന ഒന്നാണ്. വാണിജ്യ ഉദ്ദേശ്യത്തിനപ്പുറം കേരളത്തിന്റെ മനസ്സ് തൊട്ടറിയാന്‍ ലോകജനതയ്ക്ക് അവസരമൊരുക്കുവാനുള്ള തയ്യാറെടുപ്പുകളാണ് ഇദ്ദേഹം ഇവിടെ നടത്തിവരുന്നത്.

മുൻ മുഖ്യമന്ത്രി അച്ചുതാനന്ദനിൽ നിന്ന് പുരസ്കാരം എറ്റുവാങ്ങുന്നു
പ്രകൃതിവിഭവങ്ങള്‍ ആവോളം നല്‍കി ഈശ്വരന്‍ അനുഗ്രഹിച്ച വയനാട്ടിലെ ധാതുസമ്പുഷ്ടമായ കൃഷിഭൂമിയേയും, മണ്‍സൂണ്‍കാലം തരുന്ന അനുഗ്രഹ വര്‍ഷത്തെയും പ്രയോജനപ്പെടുത്തിക്കൊണ്ട് കേരളത്തില്‍ അന്യം നിന്നു പോകുന്ന നെല്ലിനങ്ങളായ ജീരകശാല, ഗന്ധകശാല തുടങ്ങിയ അപൂര്‍വ്വഇനങ്ങള്‍ ഈ റിസോര്‍ട്ടിനോട് ചേര്‍ന്ന് കൃഷി ചെയ്യുവാനുള്ള പ്രഥമിക തയ്യാറെടുപ്പുകള്‍ ആരംഭിച്ചുകഴിഞ്ഞു. . ഈ റിസോര്‍ട്ടിന്റെ ഏറ്റവും വലിയ പ്രത്യേകത ഇവിടെ താമസിക്കാന്‍ എത്തുന്നവര്‍ക്ക് ആവശ്യമായ ഭക്ഷണവിഭവങ്ങള്‍ ഇവിടെ തന്നെ കൃഷി ചെയ്ത് ഉദ്പ്പാദിക്കുവാനാണ് പദ്ധതിയിട്ടിരിക്കുന്നത്. അതും ജൈവരീതിയില്‍ തന്നെ.

ഗാനഗന്ധവൻ യേശുദാസിനൊപ്പം

തീര്‍ത്തും പ്രകൃതിയേയും അതിന്റെ സന്തുലനാവസ്ഥയുടേയും പ്രാധാന്യം മനസ്സിലാക്കികൊണ്ട് നിര്‍മ്മിച്ചിട്ടുള്ള ഈ റിസോര്‍ട്ട് മാതൃകാപരമായിരിക്കുമെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആശ്രയകേരളമല്ല സ്വാശ്രയകേരളമാണ് തന്റെ സ്വപ്‌നം എന്നു പറയുന്ന രാജശേരന്‍ പിള്ള കേരളത്തിനെ ലോകത്തിന്റെ മര്‍മ്മപ്രധാനമായ ഒരു ഡെസ്റ്റിനേഷനാക്കുവാനുള്ള മറ്റൊരു പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. അറബിക്കടലിന്റെ റാണിയായ കൊച്ചിയില്‍ രാജശേഖരന്‍ പിള്ളയുടെ ഈ ചിരകാലസ്വപ്‌നത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എണ്‍പത് ശതമാനത്തോളം പൂര്‍ത്തിയായിക്കഴിഞ്ഞു. ഒരു കാര്യം ഉറപ്പാണ്-രാജശേഖരന്‍ പിള്ളയുടെ ഈ ബൃഹത് പദ്ധതി പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ഒരു പക്ഷെ വരും തലമുറ ഇദ്ദേഹത്തിന്റെ നാമം ചരിത്രത്തില്‍ സ്വര്‍ണ്ണലിപികളാല്‍ ആലേഖനം ചെയ്യും എന്നതില്‍ സംശയമില്ല.

രാജശേഖരൻ പിള്ളയെന്ന മനുഷ്യ സ്നേഹി

സാമൂഹ്യപ്രതിബദ്ധത പ്രസംഗത്തിലല്ല പ്രവര്‍ത്തിയിലാണെന്ന് വിശ്വസിക്കുന്ന വി. കെ. രാജശേഖരന്‍ പിള്ള സാധാരണക്കാരോടും നിര്‍ദ്ധനരോടുമുള്ള തന്റെ ഉത്തരവാദിത്വം മറക്കുന്നില്ല. ഇതിന്റെ ഏറ്റവും വലിയ തെളിവാണ് സന്നദ്ധസേവാപ്രവര്‍ത്തനങ്ങള്‍ക്കായി ഇദ്ദേഹം രൂപം നല്‍കിയ രാജശ്രീ ചാരിറ്റബിള്‍ ട്രസ്റ്റ്. നിര്‍ദ്ധനരുടേയും നിരാലംബരുടേയും ക്ഷേമം ഉറപ്പുവരുത്തുക, പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെ പഠനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക തുടങ്ങിയ മാതൃകാപരമായ ക്ഷേമപ്രവര്‍ത്തനങ്ങളാണ് രാജശ്രീ ചാരിറ്റബിള്‍ട്രസ്റ്റിന്റെ കീഴില്‍ അദ്ദേഹം നടത്തിവരുന്നത്. ഇതുമാത്രമല്ല തന്റെ സമ്പാദ്യത്തിന്റെ നല്ലൊരു ശതമാനം നാട്ടിലും മറുനാട്ടിലുമായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെക്കുകയും ചെയ്യുന്ന രാജശേഖരന്‍ പിള്ള പറയുന്നു.


ഞാന്‍ യഥാര്‍ത്ഥ സന്തോഷം അനുഭവിക്കുന്നത് പണമുണ്ടാക്കുമ്പോഴല്ല, ആ പണം മറ്റുള്ളവരുടെ പ്രാരാബ്ധങ്ങള്‍ക്ക് പരിഹാരം ആകുന്നത് കാണുമ്പോഴാണ്. മാത്രമല്ല സാമൂഹ്യ പ്രതിബദ്ധത ഒരു ബിസിനസ്സുകാരന്റെ ഉത്തരവാദിത്വമാണെന്നും ഞാന്‍ വിശ്വസിക്കുന്നു’.മുതലാളിമാര്‍ തൊഴിലാളികളെ ഏറെ ചൂഷണം ചെയ്തുകൊണ്ടിരിക്കുന്ന സമകാലികതയില്‍ തന്റെ സ്ഥാപനത്തിലെ തൊഴിലാളികളെ മുഴുവന്‍ സഹപ്രവര്‍ത്തകരായികണ്ട് അവരുടെ ക്ഷേമകാര്യങ്ങളില്‍ ഏറെ ഔത്സുക്യം പുലര്‍ത്തുന്ന ഇദ്ദേഹം അവരുടെ സന്തോഷത്തിലും സന്താപത്തിലും പങ്കുകൊള്ളുന്ന കുടുംബത്തിലെ ഒരു വല്ല്യേട്ടനാണ്. മാത്രമല്ല അവര്‍ക്ക് നാളിതുവരെ കുടിശ്ശികകൂടാതെ കൃത്യമായി ശമ്പളം നല്‍കിവരുന്നു എന്നതും ഇദ്ദേഹത്തെ കുറിച്ച് എടുത്തുപറയേണ്ട ഒരു പ്രധാന വസ്തുതയാണ്. ഇത്തരത്തില്‍ ബിസിനസ്സ് രംഗത്തും സാമൂഹ്യരംഗത്തും മാനവികതയിലും മികച്ചരീതിയില്‍ മുന്നേറുന്ന ഈ മനുഷ്യസ്‌നേഹിയെത്തേടി അര്‍ഹതയ്ക്കുള്ള അംഗീകാരം എന്നോണം നിരവധി പുരസ്‌കാരങ്ങള്‍ എത്തിയിട്ടുണ്ട്.

സാമൂഹ്യപ്രവര്‍ത്തകനുള്ള ദേശീയഅവാര്‍ഡ് എന്നിങ്ങനെയുള്ള നിരവധി അംഗീകാരങ്ങള്‍ ലഭിച്ച ഇദ്ദേഹത്തിന് ഒടുവില്‍ രാജ്യം പരമോന്നത ബഹുമതികളില്‍ഒന്നായ പ്രവാസിഭാരതീയസമ്മാന്‍ നല്‍കി ആദരിക്കുകയുണ്ടായി.

ബിസിനസ്സ് രംഗത്തും സാമൂഹ്യരംഗത്തും മാനവികതയിലും മികച്ചരീതിയില്‍ മുന്നേറുന്ന രാജശേഖരൻ പിള്ളയ്ക്ക് അര്‍ഹതയ്ക്കുള്ള അംഗീകാരം എന്നോണം 2017 ജനുവരി 9-ാംതീയ്യതി ബാംഗ്‌ളൂരില്‍ നടന്ന വര്‍ണ്ണാഭമായ ചടങ്ങില്‍ മുൻ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഇദ്ദേഹത്തെ പ്രവാസി ഭാരതിയ പുരസ്‌കാരം നല്‍കി ആദരിച്ചു.

മുൻ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയില്‍ നിന്ന് ‘പ്രവാസി ഭാരതീയ സമ്മാന്‍’ ഏറ്റുവാങ്ങുന്നു.
2017 ജനുവരി 9-ാംതീയ്യതി ബാംഗ്‌ളൂരില്‍ നടന്ന വര്‍ണ്ണാഭമായ ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയാണ് ഇദ്ദേഹത്തിന് പുരസ്‌കാരം നല്‍കി ആദരിച്ചത്. കായിക താരങ്ങള്‍ക്ക് അര്‍ജ്ജുന, സിനിമാ താരങ്ങള്‍ക്ക് ഭരത്, സൈനികര്‍ക്ക് കീര്‍ത്തി ചക്ര, എന്നതുപോലെ പ്രവാസികള്‍ക്ക് അഭിമാനവും അന്തസ്സും അംഗീകാരവും ആദരവും നല്‍കുന്നതാണ് പ്രവാസി ഭാരതീയ സമ്മാന്‍. വിദേശ രാജ്യങ്ങളില്‍ ജീവിത വിജയം നേടുന്നതിനോപ്പം മാതൃരാജ്യത്തിന്റെ സംസ്‌കാരവും മഹത്വവും ഉയര്‍ത്തിപ്പിടിച്ച് മാതൃക കാട്ടുന്നവര്‍ക്ക് ഭാരത സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ ബഹുമതിയാണ് ഈ പുരസക്കാരം. 2017-ൽ ബംഗളൂരുവില്‍ വച്ച് നടന്ന പ്രവാസി സമ്മേളനത്തില്‍, ആസ്ട്രേലിയ മുതല്‍ അമേരിക്ക വരെയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയില്‍ നിന്ന് ‘പ്രവാസി ഭാരതീയ സമ്മാന്‍’ ഏറ്റുവാങ്ങി. സാമൂഹിക സേവനം, ബിസിനസ്, കലാസാംസ്‌കാരികം, വൈദ്യശാസ്ത്രം, വിദ്യാഭ്യാസം, പാരിസ്ഥിതികം, സാമൂഹിക നേതൃത്വം എന്നിങ്ങനെ വിവിധ മേഖലകളില്‍ നിസ്തുലമായ സംഭാവനകള്‍ നല്‍കിയവര്‍. ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗം നീനാ ഗില്‍, അമേരിക്കന്‍ അസിസ്റ്റന്റ് സെക്രട്ടറി നിഷ ദേശായ് ബിസ്വാള്‍, പോർച്ചുഗൽ പ്രധാനമന്ത്രി ഡോ.അന്റോണിയോ കോസ്റ്റ തുടങ്ങി അവാര്‍ഡ് സ്വീകരിച്ച 30 പേരില്‍ ഒരാള്‍ മലയാളിയായിരുന്നു, വി. കെ. രാജശേഖരന്‍ പിള്ള.

അമ്മയുടെ കൈ പിടിച്ച് കുടുംബ സമേദം ഹാളിലെത്തി അദ്ദേഹം ഈ പുരസ്‌കാരം ഏറ്റുവാങ്ങിയ നേരം സമ്മേളനത്തില്‍ പങ്കെടുത്ത മുഴുവന്‍ മലയാളികള്‍ക്കും അഭിമാനം നല്‍കിയ നിമിഷമായിരുന്നു. ആത്മാര്‍ത്ഥതയ്ക്കും കഠിനാധ്വാനത്തിനും നിശബ്ദ സേനവനത്തിനും ലഭിച്ച ആ അംഗീകാരത്തെ നിറഞ്ഞ കരഘോഷത്തോടെയാണ് കാണികള്‍ എതിരേറ്റത്.

മാനവസേവ മാധവസേവയായി കാണുന്ന ഇദ്ദേഹം തനിക്ക് ലഭിക്കുന്ന സമ്പാദ്യത്തിന്റെ ഒരുവിഹിതം സമൂഹത്തിലേക്കു തന്നെ തിരികെ നല്‍കുകയാണ് ചെയ്യാറ്. ‘എന്നെക്കൊണ്ട് ആകുന്ന സഹായങ്ങള്‍ ഞാന്‍ മറ്റുള്ളവര്‍ക്കായി ചെയ്യുന്നതില്‍ എനിക്ക് സന്തോഷമേയുള്ളൂ. വിജയത്തിന്റെ പടവുകള്‍ കയറുന്നതിനനുസരിച്ച് സഹായങ്ങളുടെ അളവും വര്‍ദ്ധിപ്പിച്ചു വരുന്നു.രാജശേഖരന്‍പിള്ള കൂട്ടിച്ചേര്‍ത്തു’.
ഇദ്ദേഹത്തിന്റെ ഈ വാക്കുകള്‍ക്ക് സാക്ഷ്യം പറയുന്നത് നിരാലംബരും നിര്‍ദ്ധനരുമാണ്. മാത്രമല്ല നാട്ടിലേയും മറുനാട്ടിലേയും സംഘടനകളും സമാജങ്ങളുമാണ്. പ്രവാസി മലയാളികളേയും, മലയാളി സംഘടനകളേയും എന്നും സ്‌നേഹിക്കുകയും അവരുടെ വളര്‍ച്ച ആഗ്രഹിക്കുകയും ചെയ്യുന്ന ഇദ്ദേഹം ഒരു സംഘടനകളുടേയും നേതൃസ്ഥാനത്തേയ്ക്ക് എത്തിച്ചേരാന്‍ ശ്രമിച്ചിട്ടില്ല എന്നൊരു പ്രത്യേകത കൂടിയുണ്ട്. എന്നാല്‍ ബഹ്‌റിനിലെ ഒട്ടുമിക്ക സംഘടനകളുടേയും പിന്നിലെ സാമ്പത്തികസ്രോതസ്സില്‍ രാജശേഖരന്‍ പിള്ളയും ഉള്‍പ്പെട്ടിട്ടുണ്ട് എന്നുള്ളതാണ് സത്യം. സൗഹൃദങ്ങള്‍ക്ക് മറ്റെന്തിനേക്കാളും വിലകല്‍പ്പിക്കുന്നയാളാണിദ്ദേഹം. എന്റെ ഏറ്റവും വലിയ സമ്പാദ്യം ലാഭേച്ഛയില്ലാത്ത സൗഹൃദങ്ങളാണ്. ഇതില്‍ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ ഉള്‍പ്പെടുന്നു. എന്നാല്‍ തന്റെ സൗഹൃദങ്ങളേയും വ്യക്തിബന്ധങ്ങളേയും അനാവശ്യമായ ശുപാര്‍ശകള്‍ കൊണ്ട് ബുദ്ധിമുട്ടിക്കാറില്ലെന്നും സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്കും പ്രശസ്തിക്കുമായി അവരുടെ പേരുകള്‍ താന്‍ വലിച്ചിഴക്കാറില്ലെന്നും രാജശേഖരന്‍ പിള്ളപറയുന്നു.

കടമകള്‍ മറക്കാത്ത കുടുംബനാഥൻ

കുടുംബത്തില്‍ നിന്നാണ് എല്ലാത്തിന്റേയും ആരംഭം. നീതിയുക്തമായ ഒരു സമൂഹത്തിന്റെ അടിത്തറ വിദ്യാഭ്യാസവും അച്ചടക്കമുള്ള കുടുംബവുമാണ്. കഴിഞ്ഞ തലമുറയില്‍ ഏതുരീതിയിലാണ് കുട്ടികളെ വളര്‍ത്തിയത് ആ രീതിയിലാണ് ഞാന്‍ എന്റെ കുട്ടികളെ വളര്‍ത്തിക്കൊണ്ട് വരുന്നത്. അവരും അതിഷ്ടപ്പെടുന്നു. അതുപോലെ തന്നെ സംസ്‌കാരിക, സാമൂഹിക, പ്രമുഖരുമായുള്ള ബന്ധം ഇതൊക്കെ കുട്ടികളുടെ വ്യക്തിത്വത്തെയും ചിന്താഗതിയെയും കാര്യമായി സ്വാധീനിക്കുന്ന ഘടകങ്ങളാണെന്ന് ഞാന്‍ വിശ്വസിക്കുന്നു

രാജശേഖരൻപിള്ളയും കുടുംബവും
കുടുംബത്തെപ്പറ്റി ചോദിച്ചപ്പോഴാണ് പൊതുവെ സൗമ്യനായ രാജശേഖരന്‍ പിള്ള ഏറെ വാചാലനായത്. തന്റെ ഏറ്റവും വലിയ സമ്പാദ്യം കുടംബമാണെന്ന് ഇദ്ദേഹം പറയുന്നു. അതുകൊണ്ടുതന്നെ തിരക്കുകള്‍ക്കിടയിലും കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ സമയം കണ്ടെത്താറുണ്ട്. ഇതിന്റെ കാരണം അദ്ദേഹം തന്നെ പറയന്നു. “കുടുംബത്തില്‍ നിന്നാണ് എല്ലാത്തിന്റേയും ആരംഭം. നീതിയുക്തമായ ഒരു സമൂഹത്തിന്റെ അടിത്തറ വിദ്യാഭ്യാസവും അച്ചടക്കമുള്ള കുടുംബവുമാണ്. കഴിഞ്ഞ തലമുറയില്‍ ഏതുരീതിയിലാണ് കുട്ടികളെ വളര്‍ത്തിയത് ആ രീതിയിലാണ് ഞാന്‍ എന്റെ കുട്ടികളെ വളര്‍ത്തിക്കൊണ്ട് വരുന്നത്.

സംസ്‌കാരിക, സാമൂഹിക, പ്രമുഖരുമായുള്ള ബന്ധം കുട്ടികളുടെ വ്യക്തിത്വത്തെയും ചിന്താഗതിയെയും കാര്യമായി സ്വാധീനിക്കുന്ന ഘടകങ്ങളാണെന്ന് ഞാന്‍ വിശ്വസിക്കുന്നു’. ഓണവും വിഷുവുമൊക്കെ നമ്മുടെ നാടിന്റെ തനതായ രീതിയില്‍ കുട്ടികള്‍ക്കൊപ്പം നമ്മള്‍ ആഘോഷിക്കേണ്ടതുണ്ടെന്നും അത് ഭാവിയിലും നമ്മുടെ സംസ്‌കാരം നിലനിന്നു പോകുവാന്‍ ആവശ്യമാണെന്നും രാജശേഖരന്‍ പിള്ള പറയുന്നു

.

രാജശേഖരൻപിള്ളയും കുടുംബവും
ഭാര്യ ശ്രീകലയും മകൾ രാജശ്രീയും മകളുടെ ഭർത്താവ് അജേഷ്, മകൻ ശ്രീരാജും അടങ്ങുന്നതാണ് രാജശേഖരൻപിള്ളയുടെ കുടുംബം . പിതാവിന് തന്റെ മക്കള്‍ക്ക് നല്‍കാവുന്നതില്‍ വെച്ച് ഏറ്റവും വലിയസമ്പാദ്യമാണ് വിദ്യാഭ്യാസമെന്നും തന്റെ ഇന്നീകാണുന്ന ഉയര്‍ച്ചയുടെ വിജയരഹസ്യം തന്റെ കുടുംബത്തിന്റെ പ്രാര്‍ത്ഥനയും തൊഴിലാളികളുടെ ആത്മാര്‍ത്ഥതയും അര്‍പ്പണമനോഭാവമാണെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുടുംബത്തിന് മറ്റെന്തിനെക്കാളും മഹത്വം കൽപ്പിക്കുന്ന രാജശേഖരൻ പിളളയുടെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസം ഏതെന്ന് ചോദിച്ചാൽ ഒട്ടും ആലോചിക്കാതെ തന്നെ ഇദ്ദേഹം പറയും അത് 2021 മാർച്ച് 21 തീയതിയാണെന്ന് . അന്നായിരുന്നു മകൾ രാജശ്രീയുടെ വിവാഹം.

കൊല്ലം ജില്ലയിലെ അഞ്ചലിനടുത്ത
യെരൂർ കാവ്യാജ്ഞലിയിൽ പി.സി.ജയചന്ദ്രൻപിള്ളയുടെയും, മല്ലീകദേവികുഞ്ഞമ്മയുടെയും പുത്രനും, MBBS ശേഷം PG ചെയ്ത്കൊണ്ടിരിക്കുന്ന ഡോ. കാവ്യയുടെ സഹോദരനുമായ അജേഷുമായുള്ള രാജശ്രീയുടെ വിവാഹം 2021 മാർച്ച് 21 തീയതി കായംകുളം മിക്കാസ് കൺവൻഷൻ സെന്ററിൽ വച്ചായിരുന്നു.
അജേഷിന്റെ കുടുംബത്തോടെപ്പം രാജശേഖരൻപിള്ളയും കുടുംബവും
സമൂഹിക-രാഷ്ട്രീയ- സാംസ്കാരിക മേഖലയിലെ പ്രമുഖർക്ക് ഒപ്പം പ്രവാസികളും പങ്കെടുത്ത വിവാഹമാമാങ്കത്തിന് മാറ്റുകുട്ടാനായി ചലച്ചിത്രപിന്നണി ഗായകൻ സുദീപ്കുമാറിന്റെ സംഗീത വിരുന്നും, നാദസ്വര വിദ്വാൻ തിരുവിഴ ജയശങ്കർ & പാർട്ടിയുടെ നാദസ്വര കച്ചേരിയും , അമ്പലപ്പുഴ ബ്രദേഴ്സിന്റെ പഞ്ചവാദ്യവും, രൂപാ രേവതിയുടെയും , ഡോ.ജോബിവെമ്പാലയുടെയും വയലിൽ കച്ചേരിയും , മകൻ ശ്രീരാജ് നയിച്ച ഗാനമേളയും അഥിതികൾക്കായി ഒരിക്കിരുന്നു.

കഠിനാദ്ധ്വാനവും നന്മനിറഞ്ഞ മനസ്സുംകൊണ്ട് രാജശേഖരൻപിള്ള നേടിയത് ഒരു ബിസിനസ്സ് സാമ്രാജ്യം മാത്രമല്ല, സമാധാനവും ശാന്തിയും നിറഞ്ഞ ഒരു കുടുംബജീവിതവും കൂടിയാണ്. വിജയങ്ങള്‍ ഒരിക്കലും തന്നെ ലഹരി പിടിപ്പിക്കാറില്ല. മറിച്ച് ഭാവിയിലേക്ക് ഉറച്ചകാല്‍വെപ്പുകളുമായി മുന്നേറാന്‍ അവ പ്രചോദനമാകാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Latest articles

spot_img

Related articles

Leave a reply

Please enter your comment!
Please enter your name here

RSS
Pinterest
LinkedIn
Share
Instagram
Telegram
WhatsApp