ദോഹ :-ജല, വൈദ്യുതി ഉൽപാദനം വർധിപ്പിക്കാൻ പുതിയ നിർമാണ്ണ കരാറിൽ ഖത്തർ ഒപ്പുവെച്ചു. രാജ്യത്തെ ജല, വൈദ്യുതി ഉൽപാദന ശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായി റാസ് ബു ഫന്താസ് ഇലക്ട്രിസിറ്റി-വാട്ടർ ഫെസിലിറ്റി നിർമാണ കരാറിൽ ഒപ്പുവെച്ച് ഖത്തറിന്റെ വൈദ്യുതി, ജല വിതരണ സ്ഥാപനമായ കഹ്റാമ. പ്രതിദിനം 2400 മെഗാവാട്ട് വൈദ്യുതിയും 110 മില്യൺ ഗാലൺ വെള്ളവും ഉൽപാദിപ്പിക്കാൻ ശേഷിയുള്ള പുതിയ പവർ പ്ലാന്റാണ് റാസ് ബു ഫൊന്റാസിൽ നിർമ്മിക്കുന്നത്. ഖത്തറിന്റെ വൈദ്യുതി, ജല ഉൽപാദനം ഗണ്യമായി വർധിപ്പിക്കാൻ കഴിയുന്ന പുതിയ പദ്ധതിക്ക് 13.5 ബില്യൺ ഖത്തരി റിയാലാണ് നിർമാണ ചെലവ് കണക്കാക്കുന്നത്. ഇതു സംബന്ധിച്ച നിർമാണ കരാറിൽ ഖത്തർ എനർജി, കഹ്റാമ, ക്യു.പി.എസ്.സി, സുമിറ്റോമോ കോർപറേഷൻ എന്നിവർ ഒപ്പുവെച്ചു. രാജ്യത്തിന്റെ മൊത്തം വൈദ്യുതിയുടെ ഏകദേശം 23 ശതമാനവും ജല ഉത്പാദനത്തിന്റെ 20 ശതമാനവവും റാസ് ബു ഫന്താസ് ഫെസിലിറ്റി ഉൽപാദിപ്പിക്കാനാ കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്ന് ഘട്ടങ്ങളായി നിർമ്മാണം നടക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടം 2028 ഏപ്രിൽ 25ഓടെ 836 മെഗാവാട്ട് വൈദ്യുതി ഉൽപാദനം സാധ്യമാക്കും വിധം പൂർത്തിയാക്കുകയാണ് ലക്ഷ്യമിടുന്നത്. ജല ഉൽപാദനത്തിന്റെ പ്രാഥമിക ഘട്ടത്തിൽ 110 ദശലക്ഷം ഗാലൺ വെള്ളമാണ് ശേഷി. 2028 ആഗസ്റ്റ് ഒന്നോടെ ഇത് സാധ്യമായേക്കും. 2029 ജൂൺ ആദ്യത്തോടെ വൈദ്യുതി ഉൽപാദനം 2400 മെഗാവാട്ടിലേക്ക് ഉയർത്തി പൂർണശേഷി കൈവരിക്കുമെന്നും കഹ്റാമ അറിയിച്ചു. ദേശീയ ഗ്രിഡിന്റെ കാര്യക്ഷമത വർധിപ്പിക്കാനും പുനരുപയോഗ ഊർജത്തെ സംയോജിപ്പിച്ച് പ്രവർത്തിക്കാനും പുതിയ പദ്ധതിയിലൂടെ സാധിക്കും.
ഖത്തർ ഊർജ സഹമന്ത്രിയും സി.ഇ.ഒയുമായ സഅദ് ഷെരിദ അൽ കഅബി, കഹ്റാമ പ്രസിഡന്റ് അബ്ദുല്ല ബിൻ അലി അൽ തിയാബ, ഖത്തർ വാട്ടർ ആന്റ് ഇലക്ട്രിസിറ്റി കമ്പനി മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ മുഹമ്മദ് നാസർ അൽ ഹാജിരി ഉൾപ്പെടെയുള്ളവർ കരാർ ഒപ്പുവെക്കൽ ചടങ്ങിൽ പങ്കെടുത്തു. ഏറ്റവും പുതിയ സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ച് രാജ്യത്തിന്റെ ജല, വൈദ്യുതി ഉൽപാദനം വർധിപ്പിക്കുന്നതിൽ നിർണായകമാണ് പുതിയ പദ്ധതിയെന്ന് മന്ത്രി സഅദ് ഷെരിദ അൽ കഅബി പറഞ്ഞു. ഖത്തർ ദേശീയ വിഷൻ 2030, മൂന്നാം ദേശീയ സ്ട്രാറ്റജി എന്നിവയുടെ ഭാഗമായ പദ്ധതിയിലൂടെ ഭാവിതലമുറക്ക് സുസ്ഥിര മാർഗങ്ങളിലൂടെയുള്ള ഊർജ സൗകര്യങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.