ചലച്ചിത്രതാരം ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ‘പണി’ . ഈ ചിത്രത്തിലൂടെ തനിക്ക് അഭിനയം മാത്രമല്ല സംവിധാനവും വഴങ്ങും എന്നു കൂടി തെളിയിച്ചിരിക്കുകയാണ് അദ്ദേഹം . മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ പ്രദര്‍ശനത്തിനെത്തിയ ചിത്രം ശ്വാസം അടക്കിപ്പിടച്ചാണ് പ്രേക്ഷകർ കണ്ടത്.
തൃശ്ശൂര്‍ നഗരത്തെ കേന്ദ്രീകരിച്ച് ക്വട്ടേഷന്‍ പശ്ചാത്തലമാക്കി ജോജു ജോർജ് അണിയിച്ചൊരുക്കിയ” പണി ” എന്ന ചലച്ചിത്രത്തിൽ ഗിരി എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചതും സംവിധായൻ തന്നെ. ഒരു കൊലപാതകവും അതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്.
തൃശ്ശൂർ നഗരത്തിൽ ഒരു വൃദ്ധൻ നടത്തുന്ന മോട്ടോർ സൈക്കിൾ റിപ്പയർ ഷോപ്പിൽ ജോലി ചെയ്യുന്ന യുവാക്കളായ ഡോൺ സെബാസ്റ്റ്യൻ (സാഗർ സൂര്യ), സിജു കെ.ടി (ജുനൈസ് വി.പി.) എന്നിവരിലൂടെയാണ് കഥ വികാസം പ്രാപിക്കുന്നത്. നിഷ്കളങ്കരും ശാന്തരുമായ ഇവർ പട്ടപ്പകൽ തൃശ്ശൂർ നഗരത്തിൽ വച്ച് ഒരു കൊലപാതകം നടത്തുന്നു. അതെ തുടർന്ന് ഉണ്ടാകുന്ന സംഭവങ്ങളിലൂടെ പോകുന്ന കഥ വളരെ യാഥർശ്ചികമായി നഗരത്തിലെ മുൻ അധോലോക നായകനായിരുന്ന ഗിരിയിലേക്ക് തിരിയുന്നു – (ജോജു ജോർജ്) ഇതോടെ ചിത്രത്തിൻ്റെ കഥാഗതി മാറുന്നു.

ത്രില്ലര്‍ മൂഡിലാണ് ചിത്രത്തിന്റെ പോക്ക്. ത്രില്ലര്‍ ചിത്രങ്ങള്‍ തിരഞ്ഞെടുത്ത് കാണുന്നവര്‍ക്ക് “പണി” ഒരു നല്ല ദൃശ്യ വിരുന്ന് തന്നെയാണ് ഒരുക്കുന്നത്. നട്ടെല്ലുള്ള തിരക്കഥ തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഒരുവേള പാളി പോകുമായിരുന്ന സിനിമ നട്ടെല്ലുള്ള ഒരു തിരക്കഥ കൊണ്ട് ഭദ്രമാക്കിയിട്ടുണ്ട് ജോജു ജോർജ്.
ഒരു മാസ്സ്, ത്രില്ലര്‍, റിവഞ്ച് ജോണറായാണ് ചിത്രം തിയേറ്ററുകളിലെത്തിയത് .എങ്കിലും കുടുംബന്ധങ്ങളുടെ നൂലിഴകളും സൗഹൃദത്തിൻ്റെ തീഷ്ണതയും, പ്രണയത്തിൻ്റെ ലൈംഗികതയും ഇതിൽ വളരെ മനോഹരമായി തന്നെ ജോജു ജോർജ് ഇതിൽ ചേർത്തിട്ടുണ്ട്. അതുകൊണ്ടു തന്നെ രണ്ടരമണിക്കൂറോളം പ്രേക്ഷകരെ തിയേറ്ററില്‍ പിടിച്ചിരുത്താന്‍ ചിത്രത്തിന് സാധിച്ചു. എന്നാൽ സിനിമ കണ്ടിറങ്ങിക്കഴിഞ്ഞാൽ എവിടയോ അല്പം ലോജിയ്ക്കില്ലാഴ്മ ചിത്രത്തിൻ്റെ ആസ്വാദനത്തെ ബാധിക്കുന്നതായി തോന്നും. പ്രത്യേകിച്ച് പോലിസിൻ്റെയും, ക്വട്ടേഷൻ ടീമിൻ്റെയും കാര്യപ്രാപ്തി ഇല്ലായ്മ. കാരണം ഇന്ത്യയിലെ തന്നെ ഏറ്റവും സമർത്ഥരായ ഫോഴ്സാണ് കേരള പോലീസ് എന്നതിൽ തിരക്കഥകൃത്തിന് ഒഴികെ മറ്റ് ആർക്കും സംശയം കാണില്ല. സിറ്റി പോലീസ് കമ്മീഷണർ അടക്കം ഒരു വൻ ഫോഴ്സ് ഇറങ്ങി പുറപ്പെട്ടിട്ടും നഗരത്തെ ഞെട്ടിച്ച് രണ്ട് കൊലപാതകം നടത്തി മൊബൈയിലിലൂടെ നായകനെ ഭിഷണിപ്പെടുത്തിക്കൊണ്ടിരിക്കു രണ്ട് സാധാ ചെറുപ്പക്കാരെ കണ്ടെത്താൻ പോലീസിന് കഴിയുന്നില്ല എന്നത് ഏറെ അപഹാസ്യമായി തോന്നി. പ്രത്യേകിച്ചും ടെക്നോളജി ഇത്രയും വളർന്ന ഇക്കാലത്ത്. മാത്രമല്ല തൃശ്ശൂർ നഗരത്തിലെ ഉടുവഴികൾ സർവ്വതും അറിയുന്ന ക്വട്ടേഷൻ സംഘത്തിനും അവരെ കണ്ടെത്തുവാൻ കഴിയുന്നില്ല. ഒരു കാര്യം ഉറപ്പാണ് ഈ രണ്ടു കൂട്ടരെക്കുറിച്ചും ജോജു ജോർജിൻ്റെ അറിവ് വളരെ പരിമിതമാണ്. അതിൻ്റെ കുറ്റവും കുറവും പ്രേക്ഷകരെ അറിയ്ക്കാതെയാണ് ജോജു ജോർജ് “പണി “എന്ന തൻ്റെ കന്നി ചലച്ചിത്രം അണിയിച്ചൊരിക്കിരിക്കുന്നത്. അത് ജോജു ജോർജ് എന്ന സംവിധായകന് തൻ്റെ പണി ശരക്കും അറിയാവുന്നത് കൊണ്ട് തന്നെയാണ്.

മികച്ച പശ്ചാത്തസംഗീതം, മികച്ച ഛായാഗ്രഹണം എന്നിവ സിനിമയെ വേറിട്ട് നിര്‍ത്തുന്ന ഘടകങ്ങളാണ്. ചിത്രത്തില്‍ ജോജുവിന്റെ നായികയായി എത്തുന്നത് അഭിനയയാണ്. സീമ, ഗായിക അഭയ ഹിരണ്മയി, പ്രശാന്ത് അലക്സ്, സുജിത് ശങ്കര്‍ തുടങ്ങിയവര്‍ക്കൊപ്പം അറുപതോളം പുതിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.രണ്ടര പതിറ്റാണ്ടിലേറെ പിന്നിട്ട തൻ്റെ സിനിമാ ജീവിതത്തിലെ ജോജു ജോർജിൻ്റഅനുഭവ സമ്പത്താണ് അദ്ദേഹത്തിൻ്റെ ‘പണി’ എന്ന ചലച്ചിത്രം.