Malayala Vanijyam

ഡോ. സിദ്ദീഖ് അഹമ്മദിന് പ്രവാസി പ്രതിഭാ പുരസ്കാരം

തൃശൂർ :- ഡോ. സിദ്ദീഖ് അഹമ്മദിന് പ്രവാസി പ്രതിഭാ പുരസ്കാരം. കേരള പ്രവാസി സംഘത്തിന്റെ ഈ വർഷത്തെ പ്രവാസി പ്രതിഭാ പുരസ്കാരം പ്രമുഖ പ്രവാസി സംരംഭകനും ജീവകാരുണ്യ പ്രവർത്തകനുമായ ഡോ.സിദ്ദീഖ് അഹമ്മദിന് നൽകി ആദരിച്ചു. സൗദി അറേബ്യയിലെ അൽഖോബാർ ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന ഐടിഎല്‍-ഇറാം ഗ്രൂപ്പ് സിഎംഡിയായ ഇദ്ദേഹത്തിന് തൃശൂരിൽ നടന്ന സംഘത്തിന്റെ ആറാം സംസ്ഥാന സമ്മേളനത്തിൽ മുൻ എംപിയും സി.പി.എംപൊളിറ്റ് ബ്യൂറോ അംഗവുമായ എ. വിജയരാഘവനാണ് പുരസ്കാരം നൽകി ആദരിച്ചത്.

രാജ്യത്തിന്റെ തന്നെ നട്ടെല്ലായ പ്രവാസികളുടെ ക്ഷേമപ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി പ്രവാസി പ്രതിഭാ പുരസ്കാരം നേടാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് അവാർഡ് സ്വീകരിച്ചുകൊണ്ട് ഡോ. സിദ്ദീഖ് അഹമ്മദ് പറഞ്ഞു. വലിയ മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന സൗദിയിൽ നീറ്റ് പരീക്ഷാകേന്ദ്രം അനുവദിക്കുന്ന തുൾപ്പടെയുള്ള പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ പങ്കുവഹിക്കാൻ കഴിഞ്ഞത് അഭിമാനത്തോടെ കാണുന്നു. മെഡിക്കൽ, എൻജിനിയറിങ്, നിയമരംഗങ്ങളിലെ വിദഗ്ധരെ വാർത്തെടുക്കുന്നതിനുള്ള മികവുറ്റ വിദ്യാഭ്യാസ സ്ഥാപനമാണ് തന്റെ സ്വപ്നമെന്നും അദ്ദേഹം പറഞ്ഞു.

16 രാജ്യങ്ങളിലായി പടർന്നുകിടക്കുന്ന 40ലധികം കമ്പനികളുടെ ഉടമയായ ഡോ. സിദ്ദീഖ് അഹമ്മദ് ഒരു പ്രവാസി സംരംഭകൻ എന്നതിൽ ഉപരിയായി ഒരു ജീവകാരുണ്യ പ്രവർത്തകൻ എന്ന നിലയിൽ ലോക മലയാളികൾക്കിടയിൽ ഏറെ സുപരിചിതനാണ്.എണ്ണ-പ്രകൃതി വാതകം, ഊര്‍ജം, നിര്‍മാണം, ഉത്പാദനം, ട്രാവല്‍ ആന്റ് ടൂറിസം, ആരോഗ്യം, വിവര സാങ്കേതികവിദ്യ, മാധ്യമം, ലോജിസ്റ്റിക്സ്, ഓട്ടോമോട്ടീവ്, വിദ്യാഭ്യാസം തുടങ്ങിയ വിവിധ മേഖലകളില്‍ വിജയം പതാക ഉയർത്തിയ ഇദ്ദേഹത്തിന് ബിസിനസ് രംഗത്തെ നേട്ടങ്ങള്‍ പരിഗണിച്ച് 2021-ൽ രാജ്യം പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‍കാരം നൽകി ആദരിക്കുകയുണ്ടായി. കേവലം ബിസിനസ്സിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നല്ല ഇദ്ദേഹത്തിന്റെ പ്രവർത്തന മേഖല അതിനുമപ്പുറം സാമൂഹിക-ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തും ഡോ.സിദ്ദീഖ് അഹമ്മദിന്റെ കയ്യൊപ്പ് പതിഞ്ഞു കിടപ്പുണ്ട്.

രാജ്യം മുഴുവന്‍ ശ്രദ്ധിക്കപ്പെട്ട ഇ-ടോയ്‍ലറ്റ് സംവിധാനങ്ങള്‍, തന്റെ സ്വദേശമായ പാലക്കാട്ട് വേനല്‍കാലത്തെ വരള്‍ച്ച പരിഹരിക്കുന്നതിന് നടത്തിയ ക്രിയാത്‍മക ഇടപെടല്‍ തുടങ്ങിയവ സാമൂഹിക പ്രതിബദ്ധത ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തനങ്ങളില്‍ ചിലതുമാത്രം. സൗദി അറേബ്യ പ്രഖ്യാപിച്ച പൊതുമാപ്പ് കാലഘട്ടത്തില്‍ ജയിലിലുള്ള പ്രവാസികളെ നാട്ടിലെത്തിക്കാന്‍ അദ്ദേഹം പ്രത്യേക പദ്ധതി തന്നെ പ്രഖ്യാപിച്ചിരുന്നു. കായിക രംഗത്തും നിരവധി ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിച്ചു.

കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്‍ട്രിയുടെ ആക്ടീവ് ഗള്‍ഫ് കമ്മിറ്റി അംഗമാണ്. മിഡില്‍ ഈസ്റ്റിലെ പെട്രോളിയം ക്ലബ് അംഗം, സൗദിയില്‍ 10 നിക്ഷേപക ലൈസന്‍സുള്ള മലയാളി എന്നിവയ്‍ക്ക് പുറമെ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‍സ് ആന്റ് ഇന്‍ഡസ്‍ട്രി, അറബ് കൌണ്‍സില്‍ കോചെയര്‍, സൗദി ഇന്ത്യ ബിസിനസ് നെറ്റ്‍വര്‍ക്കിന്റെ കിഴക്കന്‍ പ്രവിശ്യ വൈസ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളും വഹിക്കുന്നു. പാലക്കാട് ജില്ലയിലെ മങ്കര സ്വദേശിയായ ഇദ്ദേഹന്റെ ഭാര്യ – നുഷൈബയാണ്, മക്കള്‍ – റിസ്‍വാന്‍, റിസാന, റിസ്‍വി

Exit mobile version