Wednesday, May 8, 2024
Google search engine

ഡോ.കാസിനോ
മുസ്തഫ ഹാജി
ബെഹ്‌റിനിലെ സ്‌നേഹഭാഷ്യം

spot_img

സാധാരണക്കാരനായ ഒരാള്‍ക്ക് സ്വപ്രയത്‌നത്തിലൂടെ ലോകത്തിന്റെ അതിരുകള്‍ക്കപ്പുറത്തേക്കു വളരാന്‍ കഴിയുമെന്ന് സ്വന്തം  ജീവിതത്തിലൂടെ ലോകത്തിനു കാണിച്ചുതന്ന ഡോ. കാസിനോ മുസ്തഫ ഹാജിയും പ്രചോദനകരമായ ജീവിതത്തിലൂടെ …

കഷ്ടപ്പാടില്‍ നിന്നും സമൃദ്ധിയിലേക്ക് കഠിനാദ്ധ്വാനത്തിന്റെ ദൂരമുണ്ടെന്ന് സ്വന്തം ജീവിതവിജയം കൊണ്ട് ആഗോള മലയാളികള്‍ക്ക് സാക്ഷ്യം നല്‍കുകയാണ് മാഹി ചാലക്കര സ്വദേശിയായ ഡോ. കാസിനോ മുസ്തഫ ഹാജി.
നാല്‍പ്പത്തിരണ്ട് വര്‍ഷത്തെ പ്രവാസ ജീവിതം പിന്നിട്ട ഇദ്ദേഹം കഠിനാദ്ധ്വാനത്തിന്റെയും, കഷ്ടപ്പാടിന്റെയും സങ്കടക്കടല്‍ നീന്തിക്കടന്ന് സ്വപ്‌ന സമാനമായ സര്‍വ്വ സൗഭാഗ്യങ്ങളുടെയും അമരത്തിരുന്ന് ലോകത്തിന് നല്‍കുന്ന സന്ദേശമാണ് ‘മനുഷ്യനാകണം,
മതങ്ങള്‍ക്കതീതനാകണം’


സ്വാര്‍ത്ഥത കൊടിയാളമായി കൊണ്ടുനടക്കുന്ന ഈ ആധുനിക കാലത്ത് സത്യസന്ധമായ സാമൂഹ്യ ഇടപെടലുകളിലൂടെ ബെഹ്‌റിന്‍ മലയാളികള്‍ക്കിടയില്‍ ഇടം നേടിയ ഇദ്ദേഹത്തിന് ഇന്ന് നാട്ടിലും മറുനാട്ടിലും ഒരു ആമുഖത്തിന്റെ ആവശ്യമില്ല, കാരണം മലയാളി അറിയുന്ന മലയാളി അംഗീകരിച്ച ഒരു ബിസിനസ്സുകാരന്‍ തന്നെയാണ് ഇദ്ദേഹം. എന്നാല്‍ അല്‍-ഒസറ ഗ്രൂപ്പിന്റെ ചെയര്‍മാനായ ഡോ.കാസിനോ മുസ്തഫഹാജി എന്ന വിളിപ്പേരില്‍ ആഗോള മലയാളികളുടെ മനസ്സില്‍ ഇടം നേടിയ ഒരു പ്രവാസി വ്യവസായി മാത്രമല്ല ഇദ്ദേഹം, അതിനുമപ്പുറം നന്മയുടെ ഒരു വിശുദ്ധഗ്രന്ഥം കൂടിയാണ്. സൗമ്യവും, സത്യസന്ധവുമായ പെരുമാറ്റത്തിലൂടെയും, ചിട്ടയായ ജീവിത ശൈലികളിലൂടെയും, കാപട്യമില്ലാത്ത സേവന പ്രവര്‍ത്തനങ്ങളിലൂടെയുമാണ് മുസ്തഫ ഹാജി എന്ന മനുഷ്യന്‍ ലോകത്തിനു മുന്നില്‍ ഒരു വിശുദ്ധഗ്രന്ഥമാകുന്നത്. അതുകൊണ്ടു തന്നെ ജീവിത വിജയം ആഗ്രഹിക്കുന്ന എതൊരാളും ഇദ്ദേഹത്തിന്റെ ജീവിതം അടുത്തറിയുക തന്നെ വേണം. കാരണം ഇതുവരെയും ഇറങ്ങിയിട്ടില്ലാത്ത ഒരു ക്ലാസ്സിക് സിനിമയേക്കാളും മനോഹരമാണ് ഇദ്ദേഹത്തിന്റെ ജീവിതകഥ .


ഏറ്റവും താഴ്ന്ന ചുറ്റുപാടില്‍ നിന്ന് പോലും ഒരാള്‍ക്ക് സ്വപ്രയത്‌നത്തിലൂടെ ലോകത്തിന്റെ അതിരുകള്‍ക്കപ്പുറത്തേക്കു വളരാന്‍ കഴിയുമെന്ന് ഈ അതുല്യ പ്രതിഭ സ്വന്തം ജീവിതത്തിലൂടെ ലോകത്തിനു കാണിച്ചുകൊടുത്തുകൊണ്ടിരിക്കുകയാണ്. തീര്‍ച്ചയായും നമുക്കും, നമ്മുടെ വരും തലമുറയ്ക്കും ഇദ്ദേഹത്തിന്റെ ജീവിതം പ്രചോദനകരമാണ്. പ്രതിസന്ധികളെ എങ്ങനെ നേരിടാം എന്ന് ഇദ്ദേഹത്തിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു എന്നതില്‍ സംശയമില്ല.ബിസിനസ്സിലായാലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലായാലും ജാതി-മത-വര്‍ണ്ണ-വര്‍ഗ്ഗ വ്യത്യാസം കാണിക്കാത്ത ഡോ. കാസിനോ മുസ്തഫ ഹാജി എന്ന മനുഷ്യസ്‌നേഹി പിന്നിട്ട ജീവിത വഴിത്താരകളിലേക്ക് നമുക്കൊന്നു കടന്നുചെല്ലാം…

കണ്ണൂര്‍ ജില്ലയില്‍ വടക്കെ മലബാറിന്റെ സാംസ്‌കാരിക തനിമ മൊത്തമായി ചേര്‍ത്തുവച്ച ഒരിടമുണ്ട്, മാഹി എന്നാണ് ആ സ്ഥലത്തിന്റെ പേര്, അവിടെ ചാലക്കരയില്‍ കാസിനോ വീട്ടില്‍ അബ്ദുള്ളയുടെയും നഫീസ ഹജ്ജുമ്മയുടെയും 11 മക്കളില്‍ മൂത്ത പുത്രനായിട്ടാരുന്നു മുസ്തഫ ഹാജിയുടെ ജനനം. ചെറുപ്രായത്തില്‍ തന്നെ മാതാപിതാക്കളില്‍ നിന്ന് അദ്ധ്വാനത്തിന്റെ വിലയും, പ്രയത്‌നത്തിന്റെ മഹത്വവും, സഹജീവികളോട് കരുണകാണിക്കേണ്ടതിന്റെ ആവശ്യകതയും മനസ്സിലാക്കിയിരുന്നു മുസ്തഫ ഹാജി.
‘മാതാപിതാക്കളില്‍ നിന്നു പകര്‍ന്നു കിട്ടിയ അറിവും, പിന്നെ പരമകാരുണ്യവാനായ പടച്ചതമ്പുരാന്റെ അനുഗ്രഹവുമാണ് എന്നെ ഈ നിലയില്‍ എത്തിച്ചത്’. എന്ന് അദ്ദേഹം പറയുന്നു. അതുതന്നെയാണ് ജാതി – മത ചിന്തകള്‍ക്ക് അതീതമായി മനുഷ്യനെ ഒന്നായി കാണുവാനും, ആകാശത്തോളം ഔന്നത്യമുള്ള ആശയങ്ങള്‍ സ്വജീവിതത്തില്‍ അനുവര്‍ത്തിക്കുവാനും മുസ്തഫ ഹാജിക്ക് ഇന്നും കഴിയുന്നതും.

ദാരിദ്ര്യവും കഷ്ടപ്പാടും നിറഞ്ഞതായിരുന്നു മുസ്തഫഹാജിയുടെ ബാല്യകാലം
പിതാവിന് കിട്ടുന്ന തുച്ഛമായ തുക മാത്രമായിരുന്നു വീട്ടിലെ ഏകവരുമാനമാര്‍ഗ്ഗം. അദ്ദേഹത്തിനു കിട്ടുന്ന വരുമാനം കൊണ്ടുമാത്രം ആ വലിയ കുടുംബത്തിന് വിശപ്പടക്കുവാന്‍ കഴിയുമായിരുന്നില്ല. അതുകൊണ്ടു തന്നെ കുടുംബത്തിലെ മൂത്ത കുട്ടിയായിരുന്ന മുസ്തഫ പലപ്പോഴും തനിക്ക് കിട്ടുന്ന ഭക്ഷണത്തിന്റെ വലിയൊരു പങ്ക് സഹോദരങ്ങള്‍ക്ക് പകുത്തുനല്‍കി പച്ചവെള്ളം കുടിച്ചാണ് വിശപ്പടക്കിയിരുന്നത്. പഠിക്കുവാന്‍ മിടുക്കനായിരുന്നെങ്കിലും പലപ്പോഴും പട്ടിണി മൂലം മുസ്തഫയ്ക്ക് കൃത്യമായി സ്‌കൂളില്‍ പോകുവാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടയില്‍ കൂനിന്മേല്‍ കുരു എന്നപോലെ പിതാവിന്റെ ആകസ്മികമായ മരണം, ഇതോടെ അരപ്പട്ടിണിയായിരുന്ന ആ വലിയ കുടുംബം മുഴു പട്ടിണിയിലായി. പട്ടിണിയുടെയും പരിവട്ടത്തിന്റെയും നാളുകള്‍… എന്നിരുന്നാലും ഒരു നേരത്തെ ആഹാരത്തിനുവേണ്ടി ആരുടെ മുന്നിലും കൈ നീട്ടാന്‍ ആ കൊച്ചു ബാലന്റെ മനസ്സ് അനുവദിച്ചിരുന്നില്ല

പ്രവാസി ബിസിനസ്സുകാരനുള്ള കൈരളി ടി.വി.യുടെ എക്സലെൻസ് അവാർഡ് മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് എറ്റു വാങ്ങുന്നു.

പലപ്പോഴും ഉമ്മയുടെയും സഹോദരങ്ങളുടെയും വിശപ്പിന്റെ മുന്നില്‍ ഉത്തരമില്ലാതെ പകച്ചു നില്‍ക്കേണ്ടി വന്ന മുസ്തഫയുടെ കുട്ടിക്കാലം എത്രമാത്രം വേദനാജനകമായിരുന്നുവെന്ന് അക്ഷരങ്ങളിലൂടെ വരച്ചു കാട്ടുവാന്‍ പ്രയാസകരമാണ്. അത്രമാത്രം ദയനീയമായിരുന്നു അദ്ദേഹത്തിന്റെ അവസ്ഥ. എങ്കിലും വിധിയ്ക്കു മുന്നില്‍ തോറ്റുകൊടുക്കാന്‍ കൊച്ചു മുസ്തഫ തയ്യാറായിരുന്നില്ല. ഒടുക്കം കുടുംബത്തിന്റെ പട്ടിണി മാറ്റാന്‍ ജോലിതേടി ഇറങ്ങി. പക്ഷെ ഒരു ചെറുബാലന് എന്ത് ജോലി ചെയ്യാന്‍ സാധിക്കും. ഇനി കഷ്ടപ്പെട്ട് എടുക്കാമെന്ന് വെച്ചാലോ, ആ കാലത്ത് ആര് ജോലികൊടുക്കാന്‍. എങ്കിലും പട്ടിണി മാറ്റാന്‍ തന്നാലാവും വിധം പലവിധജോലികളും ആ ബാലന്‍ ചെയ്തു.
പതിനൊന്നാം വയസ്സില്‍ കുടുംബത്തിനു വേണ്ടി ജീവിതപ്പെരുവഴിയിലേക്ക് യുദ്ധത്തിനിറങ്ങുമ്പോള്‍ ആദര്‍ശ ധീരനും, കഠിനാദ്ധ്വാനിയുമായ ആ ബാലന് കൈ മുതലായി ഉണ്ടായിരുന്നത് ഏതു മഹാമേരുവിന്റേയും മുന്നില്‍ അടിയറവ് പറയാന്‍ തെയ്യാറാകാത്ത ഒരു മനസ്സും,തന്റെ രാജാധിരാജനായ പടച്ചോന്‍ തന്നെ കൈവിടില്ല എന്ന ഉറച്ച വിശ്വാസവുമായിരുന്നു.

അമേരിക്കയിലെ മദ്രാസ് യുണിവേഴ്‌സിറ്റി ഡോക്ടറേറ്റ് നല്‍കി ആദരിക്കുന്നു

മറ്റു കുട്ടികള്‍ പുസ്തകവുമായി സ്‌കൂളുകളിലേയ്ക്ക് പോകുന്ന പ്രായത്തില്‍ കൂടെപ്പിറപ്പുകളുടെ പട്ടിണിയകറ്റാന്‍ തനിക്ക് പരിചയം പോലുമില്ലാത്ത പല ജോലികളും മുസ്തഫ ചെയ്തു. പക്ഷെ അതുകൊണ്ടൊന്നും ആ വലിയ കുടുംബത്തിന്റെ പട്ടിണി മാറ്റാന്‍ ആ ബാലന് കഴിഞ്ഞില്ല. മുഴുപട്ടിണി അരപ്പട്ടിണിയായെന്നു മാത്രം. ഇതിനൊരു ശാശ്വത പരിഹാരം കണ്ടെ പറ്റു. അതിനായി തന്റെ നാഥനോട് മുട്ടിപ്പായി അദ്ദേഹം പ്രാര്‍ത്ഥിച്ചു. ഒടുവില്‍ മുസ്തഫയുടെ നല്ല മനസ്സിനു മുന്നില്‍ അതിനും ഒരു മാര്‍ഗ്ഗം പടച്ചോന്‍ കാട്ടിക്കൊടുത്തു. കുടുംബത്തിനു വേണ്ടിയുള്ള മുസ്തഫയുടെ കഷ്ടപ്പാട് കണ്ട് മനസ്സലിവ് തോന്നിയ ഒരു ബന്ധു തന്റെ ജോലി സ്ഥലത്തേക്ക് മുസ്തഫയെ കൊണ്ട് പോവാന്‍ തയ്യാറായി. അങ്ങനെ ബന്ധുവിന്റെ സഹായത്താല്‍ അക്കാലത്തെ അവസരങ്ങളുടെ പറുദീസയായ പൂനയിലേക്ക് അദ്ദേഹം യാത്ര തിരിച്ചു.

പൂനയില്‍ ഒരു നന്മനക്ഷത്രം ഉദിച്ചുയരുന്നു


ഒരു മനുഷ്യനെ ജീവിതവിജയത്തിലേക്ക് നയിക്കുന്ന പ്രധാന ഘടകങ്ങളില്‍ ഒന്ന് തിരിച്ചറിവാണ്. താന്‍ ആരാണെന്നും തന്റെ ലക്ഷ്യം എന്താണെന്നുമുള്ള തിരിച്ചറിവ്. അത്തരത്തില്‍ പന്ത്രണ്ടാം വയസ്സില്‍ മുസ്തഫായ്ക്ക് ഉണ്ടായ തിരിച്ചറിവാണ് ബന്ധുവിന്റെ കൂടെ പൂനയിലേക്ക് ജോലി തേടിപ്പോകുവാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.അങ്ങനെ തൊഴില്‍ തേടി സംസ്‌കാരത്തിന്റെ സംഗമഭൂമിയായ പൂനയില്‍ വന്നിറങ്ങുബോള്‍ മുസ്തഫയുടെ മനസ്സില്‍ പ്രധാനമായും രണ്ട് ചിന്തകള്‍ മാത്രമെ ഉണ്ടായിരുന്നുള്ളു. ഒന്ന് കുടുംബത്തിന്റെ പട്ടിണി മാറ്റുക

മുസ്തഫ ഹാജി മോനോടും കൊച്ചുമോനോടുമൊപ്പം

രണ്ട്. തന്റെ ജീവിതം കൊണ്ട്  മറ്റുള്ളവര്‍ക്കുകൂടി പ്രയോജനമുണ്ടാകുക. അങ്ങനെ നല്ലൊരു ജീവിതം സ്വപ്‌നം കണ്ട് പൂനയെന്ന മഹാനഗരത്തില്‍ എത്തിച്ചേര്‍ന്ന മുസ്തഫയെ കാത്തിരുന്നത് ദുരിതങ്ങളും കഷ്ഠപ്പാടുകളും മാത്രമായിരുന്നു. ഒടുവില്‍ ഒരു രൂപ ശമ്പളത്തില്‍ ഒരു ചായക്കടയില്‍ ഹെല്‍പ്പറായി ജോലിയില്‍ പ്രവേശിച്ചു. ആറുമാസത്തിനു ശേഷം മറ്റൊരു ഹോട്ടലില്‍ മൂന്ന് രുപാ ശമ്പളത്തില്‍ പാചകക്കാന്റെ സഹായിയായി ജോലിയില്‍ കയറി. ജോലിയില്‍ പ്രവേശിച്ച് അധികനാള്‍ കഴിയുന്നതിന് മുന്‍പുതന്നെ മുസ്തഫ രുചികൂട്ടുകളുടെ രാജാവായി മാറി.
മൂന്നു രൂപാ ശമ്പളത്തില്‍ ഹോട്ടലിലെ അടുക്കളയില്‍ ജീവിതത്തോട് മല്ലടിക്കുമ്പോഴും മുസ്തഫാ എന്ന ബാലന്റെ മനസ്സ് ഇങ്ങനെ മന്ത്രിച്ചു കൊണ്ടിരുന്നു. ‘ഇവിടെ ഇങ്ങനെ ഈ കരിയിലും പുകയിലും തളച്ചിടേണ്ടതല്ല തന്റെ ജീവിതം തനിക്ക് വെട്ടിപ്പിടിക്കാന്‍ സാമ്രാജ്യങ്ങള്‍ ഏറെയുണ്ട്. അത്തരം തിരിച്ചറിവുകളിലുടെ സഞ്ചരിച്ച ആ ധീക്ഷണശാലിയായ ബാലന്‍ തന്റെ സ്വപ്‌നസാക്ഷാല്‍ക്കാരത്തിനായി കഠിനമായി അദ്ധ്വാനിച്ചുകൊണ്ടിരുന്നു. ഒടുവില്‍ ഒന്നര വര്‍ഷത്തിനു ശേഷം അന്നോളം തന്റെ വിയര്‍പ്പുതുള്ളികളില്‍ നിന്ന് ഉതിര്‍ന്നുവീണ നാണയ തുട്ടുകളുമായി സ്വന്തമായി ഒരു ചെറിയ ഹോട്ടല്‍ ആരംഭിച്ചു.അതിനെ കുറിച്ച് മുസ്തഫ ഹാജി തന്നെ പറയുന്നു

മുൻ മന്ത്രി ജയരാജിനൊപ്പം

‘ഹോട്ടല്‍ എന്നൊന്നും അതിനെ പറയാൻ പറ്റില്ല, രണ്ട് ഓലക്കീറുകള്‍ മറച്ച് ഒരു മറവുണ്ടാക്കി അതിലൊരു തട്ട് അതെയുള്ളു. പക്ഷെ അവിടത്തുകാര്‍ക്ക് അതൊരു ഫൈവ്സ്റ്റാര്‍ ഹോട്ടലായിരുന്നു, കാരണം ഞാന്‍ അന്ന് താമസിച്ചിരുന്നത് കള്ളവാറ്റുകാരും കരിഞ്ചന്തക്കാരും പിടിച്ചു പറിക്കാരും താമസിക്കുന്ന ഒരു കോളനിയില്‍ ആയിരുന്നു.’
അന്നുവരെ അവിടത്തുകാര്‍ക്കു അപ്രാപ്യമായിരുന്ന രുചികരമായ ആഹാരം കൊടുത്ത് മുസ്തഫ ഹാജി കയറിപ്പറ്റിയത് അവിടത്തുകാരുടെ മനസ്സിലേക്കായിരുന്നു. അതിന് ക്രിമനലുകള്‍ എന്നോ, പോലീസുകാരെന്നോ വിത്യാസമില്ലാരുന്നു.

ഗോവ ഗവർണർ
അഡ്വ. ശ്രീധരൻപിള്ള യോടൊപ്പം

കച്ചവടം തുടങ്ങി അധികനാള്‍ കഴിയുന്നതിനു മുന്‍പു തന്നെ മുസ്തഫ ഹാജി അന്നാട്ടുകാരുടെ പ്രിയപ്പെട്ടവനായി മാറി. അവര്‍ക്ക് എന്തിനും ഏതിനും അവരുടെ മുസ്തഫാക്ക വേണം. അത് കല്യാണമായാലും നൂല് കെട്ടായാലും വേണ്ടില്ല, മാത്രമല്ല ക്രിമിനലുകളെയും കള്ളവാറ്റുകാരെയും പോലീസ് സ്റ്റേഷനില്‍ നിന്ന് ജാമ്യത്തില്‍ ഇറക്കുക, അടിപിടികേസ്സുകളില്‍ മദ്ധ്യസ്ഥം പറയുക എന്നിങ്ങനെ എന്ത് കാര്യത്തിലും ആ കോളനിയില്‍ അവസാന വാക്ക് മുസ്തഫ ഹാജിയുടെതായിരുന്നു. ഇങ്ങനെ പോയാല്‍ താന്‍ ഭാവിയില്‍ വലിയൊരു ദാദയായി തീരുമെന്ന് മനസ്സിലാക്കിയ അദ്ദേഹം പൂനയിലെ ജീവിതം മതിയാക്കി മുംബൈയിലേക്ക് ചേക്കേറി. അവിടെ ഒരു ബേക്കറി ജീവനക്കാരനായി പുതിയൊരു ജീവിതം തുടങ്ങി. ഇക്കാലത്താണ് ആലയുള്ളത്തില്‍ വീട്ടില്‍ അബ്ദുള്ളയുടെയും അസിസയുടെയും പുത്രിയായ പാത്തുട്ടി ഇദ്ദേഹത്തിന്റെ ജീവിത സഖിയായി എത്തിയത്.

കൊടിയേരിബാലകൃഷ്ണനോടെപ്പം.

എതൊരു പുരുഷന്റെയും ഉയര്‍ച്ചയുടെ പിന്നില്‍ ഒരു സ്ത്രീയുണ്ടാകുമെന്ന ആപ്തവാക്യത്തെ അന്വര്‍ത്ഥമാക്കും വിധമായിരുന്നു മുസ്തഫ ഹാജിയുടെ മുന്നോട്ടുള്ള ജീവിതം.വഴിത്തിരിവ്
മുംബൈയില്‍ ബേക്കറി ജീവനക്കാരനായി ജോലിനോക്കിരുന്ന കാലത്ത് ഒരു അറബിയ്ക്ക് ദം ബിരിയാണി വച്ചു നല്‍കിയതാണ് ഡോ. മുസ്തഫ ഹാജിയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. ആ കഥ മുസ്തഫ ഹാജി തന്നെ പറയട്ടെ. ഒരിക്കല്‍ എന്റെ നാട്ടുകാരനും മുംബൈയില്‍ ബിസിനസ്സ് ചെയ്തു കൊണ്ടിരുന്ന ഒരു അറബിയുടെ കൈയ്യാളുമായിരുന്ന ഖാദര്‍ ഇക്ക വിദേശത്തേയ്ക്ക് പോകുന്നതറിഞ്ഞ് അദ്ദേഹത്തിന് അല്പം അച്ചാറു നല്‍കാനായി അദ്ദേഹത്തിന്റെ ഓഫിസില്‍ പോയി. അവിടെ വച്ച് ഖാദറിക്ക തന്റെ അറബിയെ പരിചയപ്പെടുത്തി.

ഒപ്പം ഞാന്‍ നല്ല കൈപ്പുണ്ണ്യമുള്ള ഒരു പാചകക്കാരനാണെന്നും പറയുകയും ചെയ്തു. അറബി എന്നെ നോക്കി ഒന്നു ചിരിക്കുക മാത്രം ചെയ്തു. കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം എന്റെ കടയുടെ മുന്നിലൂടെ പാസ് ചെയ്ത അറബി എന്നെ നോക്കി വീണ്ടും പുഞ്ചിരിച്ചു. തിരിച്ച് ഞാനും. കുറച്ച് സമയം കഴിഞ്ഞ് അറബിയുടെ പണിക്കാരന്‍ കടയില്‍ വന്ന് അദ്ദേഹത്തിന്റെ ഓഫീസിലേക്ക് ഒന്ന് ചെല്ലുവാന്‍ പറഞ്ഞു. ഉടന്‍ തന്നെ ഞാന്‍ അദ്ദേഹത്തെ കാണുവാനായി ചെന്നു, അറബി എന്നോട് സമയം കിട്ടുമ്പോള്‍ അദ്ദേഹത്തിന് ഒരു ദം ബിരിയാണി ഉണ്ടാക്കി തരുമോ എന്നു ചോദിച്ചു. ഞാന്‍ ഓക്കെ പറഞ്ഞു.

മുഹമ്മദലി ശിഹാബ് തങ്ങൾക്കൊപ്പം മുസ്തഫ ഹാജി

അറബി തന്റെ വീട്ടിന്റെ അഡ്രസ്സ് പറഞ്ഞു തന്നു. പിറ്റേ ദിവസം അറബി പറഞ്ഞ അഡ്രസ്സില്‍ ഞാന്‍ അന്വേഷിച്ച് ചെന്നെങ്കിലും വീട് കണ്ടെത്തുവാന്‍ എനിക്ക് കഴിഞ്ഞില്ല. അടുത്ത ദിവസം എന്റെ ഒരു സുഹൃത്തിന്റെ സഹായത്താല്‍ വീട് കണ്ട് പിടിച്ച് അദ്ദേഹത്തിന് ദം ബിരിയാണി ഉണ്ടാക്കി നല്‍കി. അത് കഴിച്ച ശേഷം അടുത്ത ദിവസം കബാബ് അടക്കമുള്ള ഉണ്ടാക്കി കൊടുക്കുവാന്‍ പറഞ്ഞു, ഞാന്‍ അതും മടികൂടാതെ ഉണ്ടാക്കിക്കൊടുത്തു. അതും ആസ്വാദിച്ച് കഴിച്ചശേഷമാണ് അദ്ദേഹം ബഹ്‌റനിലെ തന്റെ വീട്ടിലെ പാചകക്കാരനായി വരുവാന്‍ പറ്റുമോ എന്ന് എന്നോട് ചോദിച്ചത്. ഉടന്‍ ഒന്നും ആലോചിച്ചില്ല യെസ് എന്ന് മറുപടി നല്‍കി, പിന്നെയെല്ലാം പെട്ടെന്നായിരുന്നു. അദ്ദേഹം എനിക്ക് ബെഹ്‌റനിലേക്കുള്ള വിസയും 500 രൂപയും നല്‍കി.അടിയന്തിരാവസ്ഥകാലമായതിനാല്‍ അറബിയില്‍ നിന്ന് കിട്ടിയ വിസ മുംബൈയിലും, മദ്രാസ്സിലും, എറണാകുളത്തും എന്‍ഡോസ്‌മെന്റ് ചെയ്യാന്‍ കഴിഞ്ഞില്ല. ഒടുവില്‍ നിരാശയോടെ നാട്ടില്‍ എത്തി എളാപ്പയുടെ കടയില്‍ ഇരുന്നു, അദ്ദേഹത്തോട് ഞാന്‍ എന്റെ സങ്കടം പങ്കു വച്ചു.

കൊടിയേരി ബാലകൃഷ്ണനും ,                ഷംസീർ MLA യും  മുസ്തഫാഹാജീയുടെ വീട് സന്ദർശിച്ച വേളയിൽ

അതുകേട്ടുകൊണ്ടിരുന്ന ഒരു അപരിചിതന്‍ ലോഗന്‍സ് റോഡിലെ ഒരു ട്രാവല്‍ ഏജന്‍സി 100 രൂപയ്ക്ക് എന്‍ഡോസ് ചെയ്തു തരുമെന്ന് പറഞ്ഞു. എനിക്ക് അതത്ര വിശ്വാസം വന്നില്ലെങ്കിലും പിറ്റേ ദിവസം ട്രാവല്‍സില്‍ ചെല്ലുകയും വിസ എന്‍ഡോസ് ചെയ്ത് ലഭിക്കുകയും ചെയ്തു. ഇന്നും ഞാന്‍ വിശ്വസിക്കുന്ന ഒരു കാര്യമുണ്ട് അന്ന് എന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ട ആ അപരിചിതന്‍ എന്റെ റബ്ബാണ്, എന്റെ രാജാധിരാജന്‍.
അങ്ങനെ 1975-ല്‍ ബോംബയില്‍ നിന്ന് അക്ബര്‍ എന്ന കപ്പലില്‍ ബെഹ്‌റിനിലേക്ക് മുസ്തഫ ഹാജി യാത്ര തിരിച്ചു. അഞ്ച്ദിവസത്തെ യാത്രയ്ക്ക് ഒടുവില്‍ ബെഹ്‌റിനിലെ റസല്‍മാനിയ പോര്‍ട്ടില്‍ കപ്പലിറങ്ങി. തുടര്‍ന്ന് ഒരന്നര വര്‍ഷക്കാലം അറബിയുടെ വീട്ടില്‍ പാചകക്കാരനായി ജോലി നോക്കി. തുടര്‍ന്ന് സ്വന്തം ബിസിനസ്സ് ആരംഭിച്ചു. സാന്‍വിച്ച് ഷോപ്പ്, ഫിഷ്, ഇറച്ചി കട, കോള്‍ഡ്‌സ്റ്റോറേജ്, മൈദയും, ആട്ടയും വില്‍ക്കുന്ന കട, മിനി സൂപ്പര്‍ മാര്‍ക്കറ്റ് ഇങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ കച്ചവട നൈപുണ്യം. ഇതില്‍ ഫിഷ് കടയിലുടെ ഇന്ത്യന്‍ മുള്ളന്‍ (നമ്മുടെ നാട്ടിലെ മുള്ളന്‍ മത്സ്യം) ഇറച്ചി കടയിലൂടെ ഇന്ത്യന്‍ മട്ടനും ബെഹ്‌റിന്‍കാര്‍ക്ക് പരിചയപ്പെടുത്തി കച്ചവടത്തില്‍ മുസ്തഫ ഹാജി പുതിയൊരു രസതന്ത്രം തന്നെ ഉണ്ടാക്കി.


ഇത്തരത്തില്‍ നിരവധി ബിസിനസ്സുകള്‍ ഉണ്ടായിരുന്നെങ്കിലും മുസ്തഫഹാജിയുടെ പ്രധാനവരുമാന മാര്‍ഗ്ഗം കോള്‍ഡ് സ്റ്റോറേജ് ആയിരുന്നു. പക്ഷെ നിര്‍ഭാഗ്യമെന്ന് പറയട്ടെ ഒരു സുപ്രഭാതത്തില്‍ കോള്‍ഡ് സ്റ്റോറേജിന് തീപിടിച്ച് നിമിഷ നേരം കൊണ്ട് എല്ലാം കത്തി നശിച്ചു. എന്നാന്‍ പടച്ചോന്‍ അവിടെയും മുസ്തഫഹാജിയ്ക്ക് കൂട്ടായി എത്തി. സാധരണഗതില്‍ ഒരു സ്ഥാപനം കത്തി നശിച്ചാല്‍ അന്വേഷണമൊക്കെ കഴിഞ്ഞ് ഇന്‍ഷുറന്‍സ് തുക കിട്ടാന്‍ ഒന്നോ രണ്ടോ വര്‍ഷം വരെ എടുക്കാറുണ്ട്. എന്നാല്‍ മുസ്തഫ ഹാജിയുടെ സത്യസന്ധതയില്‍ ബോധ്യം വന്ന കമ്പനി കേവലം ഇരുപത്തിരണ്ട് ദിവസം കൊണ്ട് ക്ലെയിം ചെയ്ത മുഴുവന്‍ തുകയും മുസ്തഫ ഹാജിയ്ക്ക് കമ്പനി നല്‍കി.

ആ തുകയുമായി കാസിനോ എന്ന പേരില്‍ ഒരു സുപ്പര്‍ മാര്‍ക്കറ്റ് ആരംഭിച്ചു. വിവധ ബിസിനസ്സുകളിലുടെ അന്നേവരെ ലഭിച്ച അനുഭവ സമ്പത്തിന്റെകൂടെ മേമ്പെടിയായി സത്യസന്ധതയും, കഠിനാദ്ധ്വാനവും ചേര്‍ന്നതോടെ കാസിനോ സൂപ്പര്‍ മാര്‍ക്കറ്റ് സ്വദേശികളും വിദേശികളും ഒരുപോലെ ഹൃദയത്തില്‍ എറ്റുവാങ്ങി. അങ്ങനെ മുസ്തഫ ഹാജി കാസിനോ മുസ്തഫ ഹാജിയായി മാറി.

പിന്നിട് ബഹ്‌റനില്‍ നിലവില്‍ വന്ന ചില നിയമങ്ങളെ തുടര്‍ന്ന് മുസ്തഫ ഹാജിയ്ക്ക് സൂപ്പര്‍ മാര്‍ക്കറ്റ് ഒരു അറബിയ്ക്കു വില്‍ക്കേണ്ടി വന്നു. അങ്ങനെ കൈനിറയെ പണവും ബഹ്‌റിന്‍ ജനത ചാര്‍ത്തിക്കൊടുത്ത കാസിനോ മുസ്തഫ ഹാജിയെന്ന വിളിപ്പേരുമായി നാട്ടില്ലേയ്ക്ക് പോകുവാന്‍ തയ്യാറെടുപ്പുകള്‍ ആരംഭിച്ചു. ഈ സമയം ഇദ്ദേഹത്തിന്റെ ഈ കച്ചവടനൈപുണ്യം തിരിച്ചറിഞ്ഞ ഒരു അറബി തന്റെ ഒരു ബില്‍ഡിംങ് ചുരുങ്ങിയ വാടകയ്ക്ക് നിര്‍ബന്ധപൂര്‍വ്വം മുസ്തഫ ഹാജിയെ ഏല്‍പ്പിച്ചു. ആ ബില്‍ഡിങില്‍ ഒരു റസ്റ്റോറന്റ് ആരംഭിച്ച ഇദ്ദേഹത്തിന് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഇതേതുടര്‍ന്ന് ബെഹ്‌റിന്റെ വിവിധ ഭാഗങ്ങളിലായി നാലോളം റസ്റ്റോറന്റുകള്‍ ആരംഭിച്ച് രുചിയുടെ വിവിധ വകഭേദങ്ങള്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും അദ്ദേഹം അനുഭവവേദ്യമാക്കി. ഇന്നും ബെഹ്‌റനിലെ രുചിയുടെ രാജാവായി ജൈത്രയാത്ര തുടരുകയാണ്.
കഴിഞ്ഞ നാല്‍പ്പത്തിരണ്ട് വര്‍ഷക്കാലം തനിക്ക് അന്നം തന്ന് തന്നെ താനാക്കിയ ബെഹ്‌റിനെ കുറിച്ചു പറയുമ്പോള്‍ ഇന്നും നൂറ് നാവാണ് ഡോ.മുസ്തഫ ഹാജിക്ക്. ‘ആത്മാര്‍ത്ഥതയോടെ ജോലി ചെയ്യുന്നവര്‍ക്കുള്ള മികച്ച രാജ്യമാണ് ബെഹ്‌റിന്‍, ഇവിടത്തെ സാമൂഹ്യ സുരക്ഷയും തൊഴില്‍ നിയമങ്ങളുമെല്ലാം സത്യസന്ധര്‍ക്ക് ഉര്‍ജ്ജം പകരുന്നതാണ്.

സിനിമാതാരം മാമൂക്കോയയ്ക്ക് ഒപ്പം

നിങ്ങള്‍ ശരിയാണെങ്കില്‍ ഈ നാട്ടിലെ നിയമങ്ങള്‍ നിങ്ങള്‍ക്ക് അവകാശങ്ങള്‍ നല്‍കും. ബിസിനസ്സുകാരുടെ പോസിറ്റീവ് ശ്രമങ്ങള്‍ക്ക് എപ്പോഴും പ്രോത്സാഹനം നല്‍കുവാന്‍ ശ്രമിക്കുന്ന ഭരണ സംവിധാനമാണ് ബെഹ്‌റിനിലേത്. ഡോ. മുസ്തഫാ ഹാജി തന്റെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ പറഞ്ഞു നിര്‍ത്തി.
നന്മയുടെ സഹയാത്രികന്‍
ബിസിനസ്സില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒന്നല്ല ഡോ. മുസ്തഫ ഹാജിയുടെ പ്രവര്‍ത്തനമേഖല. അതിനുമപ്പുറം ജാതി – മത – വര്‍ഗ്ഗ-വര്‍ണ്ണ- വ്യത്യാസമില്ലാതെ നാട്ടിലേയും മറുനാട്ടിലേയും ജീവകാരുണ്യപ്രവര്‍ത്തന രംഗത്ത് ഇദ്ദേഹത്തിന്റെ കയ്യൊപ്പ് പതിഞ്ഞു കിടപ്പുണ്ട്. സ്വന്തം കുടുംബത്തിനപ്പുറം സമുഹത്തിലെ ദരിദ്രരും പതിതരുമായ പതിനായിരങ്ങള്‍ക്കു വേണ്ടി തന്റെ മനസ്സും, ശരീരവും, സമ്പാദ്യവും തുറന്നു വെയ്ക്കുന്ന ഇദ്ദേഹം ഇതിനായി രൂപം നല്‍കിയ കാസിനോ ഫാമിലി ട്രസ്റ്റിലുടെ തന്റെ വരുമാനത്തിന്റെ നല്ലൊരു ശതമാനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ചിലവഴിച്ചു വരുന്നു.

ബഷീർ അലി തങ്ങൾക്കൊപ്പം

അനുകമ്പ അര്‍ഹിക്കുന്നവരെ കണ്ടെത്തി അവര്‍ക്ക് ആവശ്യമായ സഹായ ഹസ്തം നല്‍കുന്നതിനോടെപ്പം കാസിനോ ഫാമിലി ട്രസ്റ്റിന്റെ പേരില്‍ എല്ലാവര്‍ഷവും മുടങ്ങാതെ സ്‌നേഹസംഗമവും, പ്രതിഭാ പുരസ്‌കാര സമര്‍പ്പണവും നടത്തി വരുന്നു. കൂടാതെ ജാതിമത ഭേദമന്യേ നിര്‍ദ്ധനരായ പെണ്‍കുട്ടികള്‍ക്കായുള്ള വിവാഹ സഹായം, പ്രളയത്തില്‍ വിട് നഷ്ടമായവര്‍ക്ക് സുരക്ഷിതവും, കെട്ടുറപ്പുമുള്ള വീടു നിര്‍മ്മിക്കുന്നതിനുള്ള സഹായം, നിര്‍ദ്ധനര്‍ക്കും, രോഗികള്‍ക്കുമായുള്ള സാമ്പത്തിക സഹായം എന്നിവയും ചെയ്തു വരുന്നു. മാത്രമല്ല ഇത്തരം സദ്പ്രവര്‍ത്തനങ്ങള്‍ക്ക് ആര് ഇറങ്ങി തിരിച്ചാലും അതിന്റെ മുന്‍പന്തിയില്‍ ഡോ. മുസ്തഫാ ഹാജി ഉണ്ടാകും. അതിന്റെ ഏറ്റവും പുതിയ തെളിവാണ് കെട്ടിടനിര്‍മ്മാണ ജോലിക്കിടെ ഉയരത്തില്‍ നിന്ന് താഴെവിണ് കഴിഞ്ഞ 13 വര്‍ഷക്കാലമായി ചികിത്സയിലും വീല്‍ചെയറിലും കഴിഞ്ഞിരുന്ന എടക്കുനി പ്രേമരാജന്‍ എന്ന ചെറുപ്പക്കാരനെ ക്കുറിച്ചുള്ള വാര്‍ത്ത ജനശബ്ദം പത്രത്തിലുടെ ഡോ. മുസ്തഫാ ഹാജി അറിയുന്നത്. ഉടന്‍ പ്രേമരാജന് പൊതുസമുഹത്തിലേക്ക് ഇറങ്ങി ചെന്ന് പുതിയൊരു ജീവിതം കെട്ടിപടുക്കാന്‍ ഉതകുന്ന ഒരു മൂചക്ര വാഹനം വാങ്ങി നല്‍കി.

മുൻപോണ്ടിച്ചേരി മുഖ്യമന്ത്രിയ്ക്കൊപ്പം


ഇത്തരത്തില്‍ സമയോചിതമായി, ആവശ്യഘട്ടങ്ങളില്‍ സഹായഹസ്തവുമായി ഓടിയെത്താറുള്ള ഇദ്ദേഹത്തിന്റെ സേവന പ്രവര്‍ത്തനത്തെ പറ്റി പറയുവാന്‍ മാഹിക്കാര്‍ക്ക് നൂറ് നാവാണ്. ജീവകാരുണ്യ പ്രവര്‍ത്തനം ചെയ്യുമ്പോള്‍ ഡോ. മുസ്തഫാഹാജി ജാതിയോ, മതമോ, രാഷ്ട്രിയമോ നോക്കാറില്ലെന്ന് ആ നാട്ടുകാര്‍ക്കൊപ്പം, കോണ്‍ഗ്രസ് നേതാവും, ഇന്ദിരഗാന്ധി ഹോസ്പിറ്റല്‍ ചെയര്‍മാനുമായ മമ്പുറം ദിവാകരനും കേരളകൗമദി പത്രത്തിന്റെ പ്രാദേശിക ലേഖകന്‍ ചാലക്കര പുരുഷുവും മലയാള വാണിജ്യത്തോട് സാക്ഷ്യം പറഞ്ഞു

കേരളകൗമദി പത്രത്തിന്റെ പ്രാദേശിക ലേഖകന്‍ ചാലക്കര പുരുഷുവിനൊടെപ്പം

. ‘കെ.എം.സി.സി പോലുള്ള സംഘടനകള്‍ ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തേയ്ക്ക് കടന്നു വരുന്നതിനും വളരെക്കാലം മുന്‍പേ ജീവകാരുണ്യ മേഖലയില്‍ കയ്യൊപ്പു ചാര്‍ത്തിയ വ്യക്തിയാണ് ഇദ്ദേഹം പക്ഷെ മറ്റുള്ളവരെപ്പോലെ അത് അദ്ദേഹം അലങ്കാരമായി കൊണ്ടു നടക്കാറില്ലെന്നു മാത്രം. എന്ന് മറ്റൊരു മാഹിക്കാരന്‍ കൂട്ടി ചേര്‍ത്തു. ഇതിനെല്ലാം പുറമെ ഇദ്ദേഹത്തിന്റെ സഹായത്താല്‍ അറബ് നാട്ടില്‍ എത്തി ജീവിതം പച്ചപിടിച്ച നൂറ് കണക്കിന് ചെറുപ്പക്കാര്‍ മാഹിയിലും സമീപ പ്രദേശങ്ങളിലുമുണ്ട്. ഇവരോട് ആരോടും അഞ്ചു പൈസ പോലും വിസയ്ക്കായി വാങ്ങിയിട്ടില്ല. മാത്രമല്ല പലര്‍ക്കും ഫ്‌ലൈറ്റ് ടിക്കറ്റ് വരെ ഇദ്ദേഹം എടുത്തു നല്‍കിട്ടുണ്ട് എന്നത് അരമന രഹസ്യമാണ്.തികഞ്ഞ ഒരു ദൈവ വിശ്വാസിയായ ഇദ്ദേഹം തനിക്കുള്ളതെല്ലാം തന്റെ നാഥന്‍ തന്നതാണ് എന്ന അഭിപ്രായക്കാരനാണ്. അതുകൊണ്ടുതന്നെ തന്റെ സമ്പാദ്യം സഹജീവികള്‍ക്കു കൂടി അവകാശപ്പെട്ടതാണെന്ന് വിശ്വസിക്കുന്നു.

‘അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയറുനിറച്ചുണ്ണുന്നവന്‍ എന്നില്‍പെട്ടവനല്ല’ എന്ന നബിവചനം പിന്‍പറ്റുന്ന ഡോ. മുസ്തഫ ഹാജി എല്ലാ റമദാന്‍ കാലത്തും ജാതിയും മതവും നോക്കാതെ തന്റെ നാട്ടിലെ 500 ഓളം പാവങ്ങള്‍ക്കായി 100 ചാക്ക് അരി വിതരണം ചെയ്യാറുണ്ട്. ഇത് തന്റെ ഔദാര്യമല്ല മറിച്ച് പാവപ്പെട്ടവന്റെ അവകാശമാണെന്നാണ് ഇദ്ദേഹത്തിന്റെ പക്ഷം. മുസ്ലിം സമുദായത്തിനു മാത്രമേ ദാനം നല്‍കാറുള്ളൂ എന്ന് ചോദിച്ചപ്പോള്‍ ‘അയല്‍വാസി പട്ടിണികിടക്കുന്നുണ്ടോ എന്ന് നോക്കുവാനാണ് പടച്ചോന്‍ പറഞ്ഞത്. അല്ലാതെ പട്ടിണി കിടക്കുന്നവന്‍ ഹിന്ദുവാണോ, ക്രിസ്ത്യാനിയാണോ മുസ്ലീംമാണോ എന്ന് നോക്കാന്‍ പടച്ചോന്‍ പറഞ്ഞിട്ടില്ല’ അദ്ദേഹം പുഞ്ചിരിയോടെ കൂട്ടിചേര്‍ത്തു.

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയോടും ജോൺ ബ്രീട്ടാസ് MP യ്ക്കും ഒപ്പം

ജാതി മതങ്ങള്‍ക്കതീതമായി ചിന്തിയ്ക്കുകയും, എല്ലാ മതങ്ങളും മനുഷ്യ നന്മയ്ക്ക് വേണ്ടി ഉണ്ടാക്കിയതാണെന്നും പറയുകയും ചെയ്യുന്ന ഡോ. മുസ്തഫ ഹാജി ആര്‍ഷഭാരത സംസ്‌കൃതിയെ ഹൃദയത്തില്‍ കൊണ്ടു നടക്കുകയും, അതില്‍ അഭിമാനംകൊള്ളുകയും ചെയ്യുന്ന ഒരു പ്രവാസിയാണ്. എല്ലാത്തിനും ഉപരിയായി ‘അതിഥി ദേവോഭവഃ’ എന്ന മഹത്ത്വത്തെ മുറികെ പിടിക്കുന്നയാളാണ് ഇദ്ദേഹം. മുസ്തഫ ഹാജി ചെയ്ത സേവന പ്രവര്‍ത്തനത്തെ മുന്‍ നിര്‍ത്തി അമേരിക്കയിലെ മദ്രാസ് യുണിവേഴ്‌സിറ്റി ഡോക്ടറേറ്റ് നല്‍കി ആദരിക്കുകയുമുണ്ടായി.
ഉത്തമനായ കുടുംബനാഥന്‍
കുടുംബത്തെ പറ്റി ചോദിച്ചപ്പോഴാണ് ഡോ. മുസ്തഫ ഹാജി കൂടുതല്‍ വാചലനായത്. തന്റെ ഏറ്റവും വലിയ സമ്പാദ്യം കുടുംബമാണെന്ന് ഇദ്ദേഹം പറയുന്നു. അതുകൊണ്ടു തന്നെ തന്റെ അനിയന്ത്രിതമായ തിരക്കുകള്‍ക്കിടയിലും കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ ഞാന്‍ സമയം കണ്ടെത്താറുണ്ട്. അതിന്റെ കാരണം അദ്ദേഹം തന്നെ പറയുന്നു.

‘കുടുംബം എന്നു പറയുന്നത് ഒരു കൂട്ടായ്മയാണ്, കൂട്ടുത്തരവാദിത്വമാണ്. പരസ്പരം പങ്കുവെയ്ക്കലാണ്, അതായിരിക്കണം കുടുംബത്തിന്റെ അടിസ്ഥാനം. ഒരു കുടുംബത്തില്‍ നിന്നുമാണ് എല്ലാത്തിന്റേയും ആരംഭം. കുടുംബം സ്വര്‍ഗമാക്കാത്തവന്‍ സ്വര്‍ഗം പ്രതീക്ഷിക്കരുത്.’
സൂര്യന് താഴെയുള്ള എന്തിനെക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാടും നിരിക്ഷണബോധവും ഉള്ള മുസ്തഫ ഹാജിയുടെ കാഴ്ചപ്പാടില്‍ ഒരാളുടെ വിജയപ്രദമായ വ്യക്തിത്വത്തിന് നാല് ഘടകങ്ങള്‍ അനിവാര്യമാണ്.

ആ വ്യക്തിവേണ്ടത്ര മാനസിക സമാധാനവും സന്തോഷവും ഉള്ളവനായിരിക്കണം,
പ്രായത്തിന്റെ പരിഗണനയോടെ ആ വ്യക്തി ശാരീരകമായി ആരോഗ്യവാനായിരിക്കണം.
ആ വ്യക്തിയെ സമുഹം സ്വീകരിക്കണം
ആ വ്യക്തി സാമ്പത്തിക സ്ഥിരതയുള്ളവനായിരിക്കണം.
ഇക്കാരണങ്ങള്‍കൊണ്ടു തന്നെ നമുക്ക് അടിവരയിട്ടു പറയാം ഡോ. മുസ്തഫ ഹാജി എന്ന മനുഷ്യന്‍ ജീവിതവിജയം വരിച്ചവരുടെ നിരയില്‍ മുന്നില്‍ തന്നെ നില്‍ക്കും. ഈ വിജയത്തിന്റെ പ്രേരകശക്തിയെ കുറിച്ച് ചോദിച്ചാല്‍ ഒട്ടും ആലോചിക്കാതെ തന്നെ അദ്ദേഹം പറയും ‘തന്റെ കുടുംബവും, സുഹൃത്തുക്കളും പിന്നെ ആത്മാര്‍ത്വതയുള്ള തന്റെ പാങ്കാളികളും, സേവന തല്‍പ്പരരായ തൊഴിലാളികളുമാണെന്ന്’.ഒരു പെരുമഴക്കാലം പോലെയാണ് ഡോ. മുസ്തഫ ഹാജിയുടെ ജീവിതം.നന്ദിയും, അനുമോദനവും, പുരസ്‌കാരങ്ങളും, ഒരു രക്ഷകനോടുള്ള ബഹുമാനവും എല്ലാംകൂടി ഇദ്ദേഹത്തിന്റെമേല്‍ ഒരു മഴയായി പെയ്തിറങ്ങുമ്പോള്‍ വീണ്ടും… വീണ്ടും ഒത്തിരിപേര്‍ക്ക് അഭയവും, ആശ്വാസവും, ആശ്രയവും നല്‍കുന്ന ഒരു വന്‍ തണല്‍വൃക്ഷമായി പടര്‍ന്നു പന്തലിക്കുകയാണ് ഡോ. മുസ്തഫ ഹാജി, ബിസിനസ്സില്‍ മാത്രമല്ല മാഹിക്കാരുടെ മനസ്സിലും .

Latest articles

spot_img

Related articles

Leave a reply

Please enter your comment!
Please enter your name here

RSS
Pinterest
LinkedIn
Share
Instagram
Telegram
WhatsApp