Wednesday, May 8, 2024
Google search engine

പത്മശ്രീ . ഡോ. രവിപിള്ള
ജീവിക്കുന്ന ഇതിഹാസം

spot_img

ലോകത്തിനുമേല്‍ ഉദിച്ചു നില്‍ക്കുന്ന നന്മനക്ഷത്രം. അതാണ് മലയാളത്തിന്റെ ജീവിക്കുന്ന ഇതിഹാസമായ പത്മശ്രീ ഡോ. രവിപിള്ള. മറുനാട്ടിലെ നാല്‍പതു വര്‍ഷത്തെ സമര്‍പ്പിത ജീവിതം കൊണ്ട് ഒന്നരലക്ഷത്തോളം പേര്‍ക്ക് സുരക്ഷിതമായ ജീവിതമാര്‍ഗ്ഗം ഒരുക്കിക്കൊടുത്ത ഈ വിശ്വപുരുഷന്‍ ഒരു മനുഷ്യന്റെ ദൃഢനിശ്ചയത്തിനും, കഠിനാദ്ധ്വാനത്തിനും എത്തിപ്പിടിയ്ക്കുവാന്‍ കഴിയാത്തതായി ഒന്നുമില്ലെന്ന് ലോകജനതയ്ക്ക് കാട്ടിക്കൊടുത്തിരിയ്ക്കുകയാണ്.


ജീവിതവിജയം എല്ലാ മനുഷ്യര്‍ക്കും ഒരുപോലെ സുഗമമായിക്കൊള്ളണമെന്നില്ല. ജീവിതത്തിലെ ഏറ്റക്കുറച്ചിലുകളും പിന്നിട്ട വഴികളില്‍ നേരിടേണ്ടിവരുന്ന പ്രതിസന്ധികളും, പ്രശ്‌നങ്ങളും ഒരാളെ ജീവിതവിജയത്തില്‍ നിന്ന് ഗതിമാറ്റിവിടും, എന്നാല്‍ ചില വ്യക്തിത്വങ്ങള്‍ എല്ലാ തടസങ്ങളേയും അതിജീവിച്ച് വിജയത്തിന്റെ സോപാനത്തിലേക്ക് നടന്നു കയറും. ഇവരാണ് യഥാര്‍ത്ഥവിജയികള്‍. ഇവരുടെ ജീവിതമാണ് ചരിത്രത്തിന്റെ താളുകളില്‍ തങ്കലിപികളാല്‍ ആലേഖനം ചെയ്യപ്പെടേണ്ടത്. രവിപിള്ള എന്ന മനുഷ്യസ്‌നേഹിയുടെ ജീവിതം ഇത്തരത്തില്‍ ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ട ഒന്നാണ്.
ഒരു നിയോഗം പോലെ ദൈവനന്മയുമായി ഈ ഭൂമിയില്‍ ജന്മം എടുത്ത്, സഹജീവികളുടെ കണ്ണുനീരൊപ്പുവാനും, അവരുടെ ദുരിതങ്ങളില്‍ സഹായഹസ്തവുമായി ഓടിയെത്തുവാനും ദൈവത്താല്‍ നിയോഗിതനായ ഒരു മഹത് വ്യക്തിത്വമാണ് ഇദ്ദേഹമെന്നതിന് ലോകമലയാളിക്ക് രണ്ടഭിപ്രായമില്ല.

ആർപി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയർമാനും എംഡിയുമായ രവി പിള്ള 
ഗൾഫിലെ “അംബാനി” എന്നാണ് അറിയപ്പെടുന്നത്. 
ബഹ്‌റൈൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന നിർമാണ ഭീമനായ നസീർ എസ് അൽ ഹജ്‌രി കോർപ്പറേഷന്റെ സ്ഥാപകനും എംഡിയുമാണ്
പത്മശ്രീ . ഡോ. രവിപിള്ള

പത്മശ്രീ ഡോ. രവിപിള്ള എന്ന മഹാമനുഷ്യനിലൂടെ ദൈവത്തിന്റെ പരിലാളനം അനുഭവിച്ചറിഞ്ഞ പതിനായിരങ്ങള്‍ സ്വദേശത്തും വിദേശത്തുമായിട്ടുണ്ട്. ഇവര്‍ അദ്ദേഹത്തെ കാരുണ്യത്തിന്റെ മഹാസാഗരമെന്ന് വിശേഷിപ്പിക്കുന്നതില്‍ എന്താണ് തെറ്റ്…? കേരളമെന്ന കൊച്ചു സംസ്ഥാനത്തുനിന്നും കഠിനാദ്ധ്വാനത്തിലൂടെ ഒരു ആഗോളസംരഭകനായി മാറുക മാത്രമല്ല ഇദ്ദേഹം ചെയ്തത്. എത്തപ്പെട്ട രാജ്യങ്ങളിലെല്ലാം നന്മയുടെ പൂക്കള്‍ വാരിവിതറുകയും ചെയ്തു.

ആറ് ദശാബ്ദങ്ങള്‍ പിന്നിട്ട ഡോ. രവിപിള്ളയുടെ സംഭവബഹുലമായ ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ ഇദ്ദേഹത്തിന്റെ ഈ തെളിവാര്‍ന്ന വിജയത്തിനു പിന്നില്‍ കഠിനാദ്ധ്വാനത്തിന്റേയും അര്‍പ്പണബോധത്തിന്റേയും, സത്യസന്ധതയുടേയും, ഇഴപിരിഞ്ഞ ഒരുകഥയുണ്ട്… പത്മശ്രീ ഡോ. രവിപിള്ളയുടെ ആ ജീവിത ഭൂമികയിലേയ്ക്ക്…

കൊല്ലം ജില്ലയിലെ ചവറയില്‍ പുരാതന കര്‍ഷക കുടുംബമായ ശ്രീവത്സത്തില്‍ ബാലകൃഷ്ണപിള്ളയുടേയും ശാരദാമ്മയുടേയും പുത്രനായിട്ടായിരുന്നു ബി. രവീന്ദ്രന്‍പിള്ള എന്ന രവിപിള്ളയുടെ ജനനം.

കൊല്ലം ജില്ല… കടലും കായലും, മലനിരകളും സമന്വയിക്കുന്ന സംഗമഭൂമി… കേരള ചരിത്രത്തിന്റെ ഏടുകള്‍ പരതിയാല്‍ ഈ വേണാടു ഭൂമിയുടെ സ്ഥാനം അത്ര ചെറുതല്ല. അതിനു കാരണം അദ്ധ്വാനശീലരായ ഇവിടുത്തെ കര്‍ഷകതൊഴിലാളികളും, കയര്‍ തൊഴിലാളികളും, കശുവണ്ടി തൊഴിലാളികളുമാണ്. പക്ഷെ ഇന്ന് ഈ നാട് ലോകഭൂപടത്തില്‍ ഇടം നേടിയിരിക്കുന്നത് പത്മശ്രീ ഡോ. രവിപിള്ളയുടെ ജന്മനാട് എന്ന പേരിലാണ്. കൊല്ലം ജില്ലയിലെ ചവറയില്‍ പുരാതന കര്‍ഷക കുടുംബമായിരുന്ന ശ്രീവത്സത്തില്‍ ബാലകൃഷ്ണപിള്ളയുടേയും ശാരദാമ്മയുടേയും പുത്രനായിട്ടായിരുന്നു ബി. രവീന്ദ്രന്‍പിള്ള എന്ന രവിപിള്ളയുടെ ജനനം. അദ്ധ്വാനത്തിന്റെ വിലയും പ്രയത്‌നത്തിന്റെ മഹത്വവും നന്നെ ചെറുപ്രായത്തില്‍ തന്നെ തിരിച്ചറിഞ്ഞ രവിപിള്ള കുട്ടിക്കാലം മുതല്‍ക്കെ അദ്ധ്വാനിക്കുന്നവരോട് ആദരവും അഗതികളോട് ദീനാനുകമ്പയും കാട്ടിപ്പോന്നിരുന്നു. സമ്പന്ന കുടുംബാംഗമായിരുന്നിട്ടുകൂടി പഠനത്തിന്റെ ഇടവേളകളില്‍ കര്‍ഷകതൊഴിലാളികളോടൊത്ത് പാടത്ത് ഞാറ് നടുവാനും, കളപറിക്കുവാനും, കടയില്‍ പാല്‍ കൊണ്ടു കൊടുക്കുവാനും ഉത്സാഹം കാട്ടിയിരുന്ന കൊച്ചു ബാലന്‍ നാട്ടുകാര്‍ക്ക് ഒരു അത്ഭുതമായിരുന്നു. പഠനകാലത്ത് വിദ്യാഭ്യാസത്തില്‍ ശരാശരി നിലവാരം മാത്രം പുലര്‍ത്തിയിരുന്ന രവിപിള്ളക്ക് കൃഷിപണികളിലും മറ്റ് കുടുംബവ്യവസായങ്ങളായിരുന്ന കയര്‍, തടി എന്നീ മേഖലകളിലും അഗാധമായ പാണ്ഡിത്യം ഉണ്ടായിരുന്നതായി അദ്ദേഹത്തിന്റെ ബാല്യകാല സുഹൃത്തുക്കള്‍ ഇന്നും ഓര്‍ക്കുന്നു.


വിദ്യാര്‍ത്ഥിയില്‍ നിന്ന്
സംരംഭകനിലേക്ക്:

കൺസ്ട്രക്ഷൻ, ഹോസ്പിറ്റാലിറ്റി മുതൽ വിദ്യാഭ്യാസം, വിവരസാങ്കേതികവിദ്യ തുടങ്ങി വിവിധ മേഖലകളിലായി 20-ലധികം കമ്പനികൾ ഗ്രൂപ്പ് അതിന്റെ കുടക്കീഴിൽ പ്രവർത്തിക്കുന്നു

മൈനാഗപ്പള്ളി ഗവ. എല്‍. പി. സ്‌കൂള്‍, ചവറ ഗവണ്‍മെന്റ് ബോയ്‌സ് ഹൈസ്‌കൂള്‍, ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളേജ് എന്നിവിടങ്ങളില്‍ നിന്നുമാണ് ഡോ. രവിപിള്ള തന്റെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. സ്‌കൂള്‍ പഠനകാലത്ത് ഇദ്ദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹം സ്വന്തമായി സ്ഥാപനം തുടങ്ങുക എന്നതായിരുന്നു. അക്കാലത്ത് നാട്ടില്‍ നിലനിന്നിരുന്ന സാമ്പത്തിക അരക്ഷിതാവസ്ഥയായിരിക്കും ഇത്തരം ഒരു സ്വപ്‌നം കാണുവാന്‍ ആ ബാലനെ പ്രേരിപ്പിച്ചത്. കാരണം സ്വാതന്ത്ര്യസമരത്തിന്റെ കരിനിഴല്‍പാടുകളില്‍ നിന്ന് ഇന്ത്യന്‍ ജനത മോചിതരായെങ്കിലും സാമ്പത്തിക സ്വാതന്ത്ര്യം മലയാളിക്ക് അപ്പോഴും വളരെ അകലെയായിരുന്നു. പ്രത്യേകിച്ച് കൊല്ലത്തെ കയര്‍, കര്‍ഷക തൊഴിലാളിക്ക്. ഇതിനൊരു ശാശ്വത പരിഹാരം നല്‍കുക എന്ന സദുദ്ദേശ്യത്തോടെയാണ് പ്രീഡിഗ്രി സെക്കന്റിയറിനു പഠിക്കുന്ന കാലത്ത് രവിപിള്ള തന്റെ ആദ്യ സംരംഭമായ ചിട്ടിസ്ഥാപനത്തിന് തുടക്കം കുറിച്ചത്. ഡെയിലി ചിട്ടിയും, ചെറുലേലചിട്ടിയുമായി ആരംഭിച്ച ആ പ്രസ്ഥാനത്തിന് രവിപിള്ളയ്ക്കും കുടുംബത്തിനും നാട്ടില്‍ ഉണ്ടായിരുന്ന വിശ്വാസം ഏറെ മുതല്‍ക്കൂട്ടായി. വളര്‍ച്ചയുടെ ഘട്ടത്തില്‍ ചിട്ടിസ്ഥാപനത്തോടൊപ്പം ചെറുകരാര്‍ ജോലികളും അദ്ദേഹം ഏറ്റെടുത്തു. എന്നാല്‍ ഏറെ ചതിക്കുഴികള്‍ നിറഞ്ഞ ചിട്ടി വ്യവസായത്തില്‍ അധികനാള്‍ പിടിച്ചു നില്‍ക്കുവാന്‍ സത്യസന്ധനായ ആ യുവാവിനു കഴിഞ്ഞില്ല. ഇതോടെ ചിട്ടിസ്ഥാപനം നിര്‍ത്തി കരാറുപണികളില്‍ മാത്രമായി ശ്രദ്ധ. ഇതിനിടയില്‍ വിദ്യാഭ്യാസം സര്‍വ്വധനാല്‍ പ്രധാനം എന്നറിയാവുന്ന രവിപിള്ള ഉന്നതവിദ്യാഭ്യാസത്തിനായി അറബിക്കടലിന്റെ റാണിയായ കൊച്ചിയിലേയ്ക്ക് യാത്രയായി

ചമയങ്ങൾ ഇല്ലാതെ രവിപിളളയും കുടുംബവും (പഴയ ആൽബത്തിൽ നിന്ന്)

അവിടെ പഠിക്കുന്ന സമയം ചില എഞ്ചിനീയര്‍മാരായ സുഹൃത്തുക്കളുടെ സഹായത്താല്‍ പുതിയ കരാര്‍ പണികള്‍ ഇദ്ദേഹം ഏറ്റെടുത്തു. അക്കാലത്തെ കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാസ്ഥാപനങ്ങളിലൊന്നായ എ.അ.ഇ.ഠ യിലെ കരാര്‍ പണികള്‍ ഏറ്റെടുത്തത് രവിപിള്ളയുടെ ജീവിതത്തിലെ ഒരു വഴിത്തിരിവ് തന്നെയായി. ഇതോടെ കൊച്ചിയിലെ പല പ്രമുഖ പൊതുമേഖല സ്ഥാപനങ്ങളുടെയും വര്‍ക്കുകള്‍ ഇദ്ദേഹത്തെ തേടിയെത്തി. വിജയകരമായി തന്നെ അവയെല്ലാം
രവിപിള്ള പൂര്‍ത്തിയാക്കുകയും ചെയ്തു. ഏറ്റെടുത്ത വര്‍ക്കുകള്‍ എല്ലാം തന്നെ വന്‍സാമ്പത്തികനേട്ടം അദ്ദേഹത്തിന് ഉണ്ടാക്കികൊടുത്തെങ്കിലും കാലം രവിപിള്ളയുടെ കര്‍മ്മഭൂമിയായി കാത്തുവെച്ചത് മണലാരണ്യമായിരുന്നു. ഇതിന് നിമിത്തമായതാകട്ടെ തൊഴിലാളി സമരവും. രവിപിള്ളയുടെ വര്‍ക്ക് സൈറ്റുകളില്‍ പൊട്ടിപ്പുറപ്പെട്ട അനാവശ്യ തൊഴില്‍ സമരത്തെ തുടര്‍ന്ന് നാട്ടിലെ വര്‍ക്കുകള്‍ എല്ലാം നിര്‍ത്തിവെച്ച് രവിപിള്ള, അക്കാലത്തെ അവസരങ്ങളുടെ പറുദീസയായ മുംബൈയിലേക്ക് വണ്ടികയറി. അവിടെ നിന്ന് കുമാരന്‍ചേട്ടന്‍ എന്ന സുഹൃത്തിന്റെ സഹായത്താല്‍ നിധി തേടി അറബിനാട്ടിലേക്കും.


മരുഭൂമിയില്‍ നിധിതേടി:

1978-ല്‍ മണലാരണ്യത്തിലെത്തിയ രവിപിള്ള ഒരു വര്‍ഷക്കാലത്തെ നെല്ലും പതിരും തേടിയുള്ള അലച്ചിലിനിടയില്‍ പരിചയപ്പെട്ട ”നാസര്‍ അല്‍ – ഹാജ്‌രി” എന്ന അറബി സുഹൃത്തുമായി ചേര്‍ന്ന് നാസര്‍ എസ്. അല്‍-ഹാജ്‌രി കോര്‍പ്പറേഷന്‍ എന്ന പേരില്‍ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിക്ക് രൂപം നല്‍കി. രവിപിള്ളയുടെ ഭാഗ്യമോ…? അറബി സുഹൃത്തിന്റെ സ്വാധീനമോ കമ്പനിയ്ക്ക് ആദ്യം കിട്ടിയത് രാജാവിനുവേണ്ടിയുള്ള എയര്‍പോര്‍ട്ടിന്റെ നിര്‍മ്മാണമായിരുന്നു. അങ്ങനെ കേരളത്തില്‍ നിന്നും കന്യാകുമാരിയില്‍നിന്നുമുള്ള 150-ാളം തൊഴിലാളികളുമായി രവിപിള്ള തന്റെ ആദ്യവര്‍ക്കിന് തുടക്കം കുറിച്ചു. ഇതേതുടര്‍ന്ന് എണ്ണപ്പാടങ്ങളുടേയും, മറ്റ് വ്യവസായ സമുച്ഛയങ്ങളുടേയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലേയ്ക്ക് തിരിഞ്ഞ രവിപിള്ളയുടെ വളര്‍ച്ചയ്ക്ക് രാജാവിന്റെ എയര്‍പോര്‍ട്ടില്‍ നിന്ന് ആദ്യം പറന്നുയര്‍ന്ന ജെറ്റ് വിമാനത്തേക്കാള്‍ വേഗതയായിരുന്നു.

രവിപിള്ളയുടെ അനുഗ്രഹീതവും അസാധാരണവുമായ പ്രവര്‍ത്തനപാടവത്താല്‍ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലെ എണ്ണ, പ്രകൃതിവാതക, റിഫൈനറി, പെട്രോ കെമിക്കല്‍സ്, ഫെര്‍ട്ടിലൈസര്‍, പവര്‍ എനര്‍ജി, സ്റ്റീല്‍ തുടങ്ങിയ മേഖലകളിലെ നിര്‍മ്മാണ ജോലികള്‍ എല്ലാം തന്നെനാസര്‍ എസ്. അല്‍-ഹാജ്‌രി കോര്‍പ്പറേഷന്‍ ഏറ്റെടുക്കുവാന്‍ തുടങ്ങി. ചെയ്യുന്ന ജോലിയില്‍ കാട്ടുന്ന ആത്മാര്‍ത്ഥതയും ഏറ്റെടുക്കുന്ന ജോലികള്‍ എല്ലാം തന്നെ സമയബന്ധിതമായി ചെയ്തു തീര്‍ത്തതും രവിപിള്ളയെ അറബിനാട്ടിലെ അവിഭാജ്യ ഘടകമാക്കി മാറ്റി. അദ്ദേഹത്തിന്റെ നാസര്‍ എസ്. അല്‍-ഹാജ്‌രി കോര്‍പ്പറേഷന്‍ അറബിനാട്ടിലെ ഏറ്റവും വലിയ കണ്‍സ്ട്ര. ക്ഷന്‍ കമ്പനിയുമായി മാറി. ഇതില്‍ നിന്നും ലഭിച്ച ആത്മവിശ്വാസത്തിന്റെ പിന്‍ബലവുമായിട്ടാണ് ഇദ്ദേഹം ആര്‍. പി. ഗ്രൂപ്പ് ഓഫ് കമ്പനീസിന് രൂപം നല്‍കിയത്.

ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കുന്ന കമ്പനികളുടെ പട്ടികയില്‍ മുന്‍നിരയിലാണ് ആര്‍. പി. ഗ്രൂപ്പിന്റെ സ്ഥാനം. ഇന്ത്യ, ദുബായ്, സൗദി അറേബ്യ, അബുദാബി, ഖത്തര്‍, ബഹ്‌റിന്‍, കൊറിയ, ആസ്‌ട്രേലിയ, അമേരിക്ക, ആഫ്രിക്ക, ഹോങ്കോംഗ് എന്നീ രാജ്യങ്ങളിലായി കണ്‍സ്ട്രക്ഷന്‍, കോണ്‍ട്രാക്റ്റിംഗ്, ഹോസ്പിറ്റാലിറ്റി, ട്രേഡിംഗ്, ഹെല്‍ത്ത് കെയര്‍, വിദ്യാഭ്യാസം, ടെക്‌നിക്കല്‍ ട്രെയിനിംഗ്, ഐടി തുടങ്ങി വിവിധ മേഖലകളിലായി 85,000ത്തോളം പേരാണ് പത്മശ്രീ ഡോ. രവിപിള്ളയുടെ കീഴില്‍ ജോലിചെയ്യുന്നത്. അന്തര്‍ദ്ദേശിയ കമ്പനികളായ ഷെവ്‌റോണ്‍, ഷെല്‍ (ടവലഹഹ), സാബിക്, സൗദി ആരാംകോ , കോണോകോഫിലിപ്‌സ് ,സാംസംഗ്, ഖത്തര്‍ പെട്രോളിയം, ഡോ , എക്‌സോണ്‍ മൊബില്‍എന്നിവരോട് സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ആര്‍. പി. ഗ്രൂപ്പിന്റെ വളര്‍ച്ചയുടെ രഹസ്യം ചോദിച്ചാല്‍ രവിപിള്ള അഭിമാനത്തോടുകൂടി തന്നെ പറയും… ”അത് എന്റെ സഹപ്രവര്‍ത്തകരുടെ കഠിനാദ്ധ്വാനവും, ആത്മാര്‍ത്ഥതയും കുടുംബാംഗങ്ങളുടെ പ്രാര്‍ത്ഥനയും പിന്നെ എന്റെ ഇഷ്ടദേവനായ ഗുരുവായൂരപ്പന്റെ അനുഗ്രഹവുമാണ്.”

മുൻ രാഷ്ട്രപതി പ്രതിഭ ദേവിസിംങ് പാട്ടിലിൽ നിന്ന് പത്മശ്രീ പുരസ്കാരം ഏറ്റുവാങ്ങുന്നു

ഇനിയും ഒത്തിരിപേര്‍ക്ക് തൊഴില്‍ നല്‍കുവാന്‍ ആഗ്രഹിക്കുകയും അതിനായി അഹോരാത്രം അദ്ധ്വാനിക്കുകയും ചെയ്യുന്ന ഡോ. രവിപിള്ളയുടെ അഭിപ്രായത്തില്‍ ‘ഇന്ത്യയുടെ ഏറ്റവും വലിയ സമ്പത്ത് നമ്മുടെ മാനവ വിഭവ ശേഷി തന്നെയാണെന്നാണ്.’ അത് വേണ്ടവിധത്തില്‍ ഉപയോഗിക്കുവാന്‍ കഴിഞ്ഞാല്‍ ഇന്ത്യയെ കാത്തിരിക്കുന്നത് ഇതിലും വലിയ നേട്ടങ്ങളാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡോ. രവിപിള്ളയുടെ ഈ വാക്കുകള്‍ക്ക് മറ്റേതൊരു പ്രവാസിസംരഭകന്റെ വാക്കുകളേക്കാള്‍ മൂല്യമുണ്ട്. കാരണം വൈദഗ്ധ്യം ആവശ്യമുള്ള ജോലികളില്‍ ഇന്ത്യക്കാരെ സംശയത്തോടെ മാത്രം നോക്കി കണ്ടുകൊണ്ടിരുന്ന രാജ്യാന്തര കമ്പനികള്‍ ഇന്ത്യന്‍ മനുഷ്യവിഭവശേഷി അംഗീകരിച്ചിട്ടുണ്ടെങ്കില്‍ അതിനുപിന്നില്‍ ഭാരതത്തിന്റെ മാത്രമല്ല, ഏഷ്യയുടെതന്നെ അഭിമാനമായ പത്മശ്രീ ഡോ. രവിപിള്ളയുടെ കഠിനാദ്ധ്വാനവും ദീര്‍ഘവീക്ഷണവുമാണ്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ യുവത്വം എന്നും എക്കാലവും കടപ്പെട്ടിരിക്കുന്നു ഈ മഹാമനുഷ്യനോട്.

ജന്മനാടിനെ മറക്കാത്ത സംരംഭകന്‍:

ഗള്‍ഫില്‍ വളരെ തിരക്കിട്ട ജീവിതം നയിക്കുമ്പോഴും, തനിക്ക് ജന്മം നല്‍കിയ നാടിനെ മറക്കുന്നില്ല എന്നതാണ് മറ്റ് പ്രവാസി സംരഭകരില്‍ നിന്ന് ഡോ. രവിപിള്ളയെ വ്യത്യസ്തനാക്കുന്നത്. കേരളത്തിന്റെ സമ്പദ്ഘടനയ്ക്ക് മുതല്‍ കൂട്ടാകുന്ന നിരവധി സംരഭക പദ്ധതികള്‍ ഡോ. രവിപിള്ളയുടേതായിട്ടുണ്ട്. കൊല്ലത്തുള്ള ഇദ്ദേഹത്തിന്റെ ‘ദ റാവീസ് ഹോട്ടല്‍’ ഇതിനോടകം തന്നെ കേരളത്തിന്റെ ടൂറിസം ഭൂപടത്തില്‍ അപ്രധാനമല്ലാത്ത സ്ഥാനം നേടിയെടുത്ത ഒരു സ്ഥാപനമാണ്. കേരളത്തിന്റെ ആതിഥ്യമര്യാദയും, ആയുര്‍വേദത്തിന്റെ അനന്തസാധ്യതകളും ആഗോളജനതക്ക് പരിചയപ്പെടുത്തുന്നതില്‍ ‘ദ റാവീസ് ഹോട്ടല്‍’ വഹിക്കുന്ന പങ്ക് അത്ര ചെറുതല്ല. അതേപോലെതന്നെ ആഡംബരത്തില്‍ ലോകോത്തരനിലവാരം ഉറപ്പുവരുത്തുന്ന കോവളത്തെ ”ഹോട്ടല്‍ ലീല”, മലബാറിന്റെ മാസ്മരിക സൗന്ദര്യം മറുനാടന്‍ മലയാളിയ്ക്ക് മുന്നില്‍ തുറന്നു വയ്ക്കുന്ന കോഴിക്കോട്ടെ കടവ് റിസോര്‍ട്ട്’, ആര്‍. പി. മാളും’ ആതുര സേവന രംഗത്ത് ലോകോത്തര നിലവാരം ഉറപ്പ് വരുത്തിക്കൊണ്ട് സ്വന്തം നാട്ടുകാര്‍ക്ക് കുറഞ്ഞ ചിലവില്‍ (ആവശ്യമെങ്കില്‍ സൗജന്യമായും) വിദഗ്ധ ചികിത്സ നല്‍കിവരുന്ന കൊല്ലത്തെ ”ഉപാസന ഹോസ്പിറ്റല്‍ & റിസേര്‍ച്ച് സെന്റര്‍”, ഉപാസന നേഴ്‌സിംഗ് കോളേജ് തുടങ്ങിയവയാണ് ഇതില്‍ പ്രധാനം.

മാധവസേവ മാനവസേവയാക്കിയ മനുഷ്യസ്നേഹി

തന്റെ സമ്പാദ്യം തനിക്കുമാത്രം എന്നു ചിന്തിക്കാതെ അതിലൊരു ഭാഗം സഹജീവികള്‍ക്കുകൂടി അവകാശപ്പെട്ടതാണെന്ന് വിശ്വസിക്കുന്ന അപൂര്‍വ്വം ചില പ്രവാസികളില്‍ ഒരാളാണ് പത്മശ്രീ ഡോ. രവിപിള്ള. സ്വന്തം കുടുംബത്തിനപ്പുറം സമൂഹത്തിലെ ദരിദ്രരും പതിതരുമായ പതിനായിരങ്ങള്‍ക്കുവേണ്ടി തന്റെ മനസ്സും, ശരീരവും, സമ്പാദ്യവും തുറന്നു വെയ്ക്കുന്ന ഇദ്ദേഹം, ഇതിനായി രൂപം നല്‍കിയ ആര്‍. പി. ഫൗണ്ടേഷനിലൂടെ ഓരോ വര്‍ഷവും കോടിക്കണക്കിന് രൂപയാണ് ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി ചിലവഴിച്ചുവരുന്നത്. അനുകമ്പ അര്‍ഹിക്കുന്നവരെ കണ്ടെത്തി അവര്‍ക്ക് ആവശ്യമായ സഹായഹസ്തം നല്‍കുന്നതിനോടൊപ്പം തന്നെ എണ്ണിയാല്‍ തീരാത്തത്ര സദ് പ്രവര്‍ത്തനങ്ങളും ആര്‍. പി. ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടന്നു വരുന്നുണ്ട്.

ദാരിദ്യരേഖയ്ക്ക് താഴെയുളള നൂറുകണക്കിന് യുവതീയുവാക്കളെ കണ്ടെത്തി ആര്‍. പി. ഫൗണ്ടേഷന്‍ നടത്തി വരുന്ന സമൂഹവിവാഹം ഇതിനോടകം തന്നെ ലോകശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു. ദേശ-മത വ്യത്യാസമില്ലാതെ അശരണരായ ആയിരക്കണക്കിന് ആളുകളില്‍ നിന്ന് അര്‍ഹരായ വധൂവരന്മാരെ കണ്ടെത്തി നടത്തുന്ന ഈ വിവാഹങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ കേരളത്തിന്റെ തന്നെ പ്രധാന സംഭവങ്ങളില്‍ ഒന്നായി മാറിയിരിക്കുകയാണ്. ഇതിനോടകം ദാരിദ്യരേഖക്ക് താഴെയുള്ള നൂറിലേറെ കുടുംബംഗങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കിയത് ഡോ. രവിപിള്ളയുടെ ഹൃദയവിശാലതയുടെ മറ്റൊരു മകുടോദാഹരണമാണ്.

2004-ല്‍ ഇന്‍ഡോനേഷ്യയിലുണ്ടായ ഭൂകമ്പത്തെത്തുടര്‍ന്ന് ഇന്ത്യന്‍ തീരങ്ങളില്‍ സുനാമി തിരകള്‍ സംഹാര താണ്ഡവമാടിയപ്പോഴും, ഗുജറാത്ത് ഭൂകമ്പത്തില്‍ പതിനായിരങ്ങള്‍ നിരാലംബരായപ്പോഴും ആദ്യം സഹായഹസ്തവുമായി ഓടിയെത്തിയ പ്രമുഖരില്‍ മുന്നില്‍ തന്നെയുണ്ടായിരുന്നു പത്മശ്രീ ഡോ. രവിപിള്ള. ഇദ്ദേഹത്തിന്റെ ഈ സല്‍കര്‍മ്മത്തെ അഭിനന്ദിച്ച പ്രമുഖരില്‍ മുന്‍ രാഷ്ട്രപതി ഡോ. എ. പി. ജെ. അബ്ദുള്‍കലാമും ഉണ്ടായിരുന്നു. ലോകശ്രദ്ധ പിടിച്ചു പറ്റിയ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ മാത്രമല്ല ആര്‍. പി. ഫൗണ്ടേഷന്റെ സാമൂഹിക പ്രതിബദ്ധത ഒതുങ്ങുന്നത്. ലോകമറിയാത്ത നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ആര്‍. പി. ഫൗണ്ടേഷന്‍ നേതൃത്വം നല്‍കി വരുന്നുണ്ട്. ജീവിതസായാഹ്നത്തില്‍ ഒറ്റപ്പെട്ടുപോയവര്‍ക്കായുള്ള വൃദ്ധമന്ദിരങ്ങള്‍, ഉന്നത വിദ്യാഭ്യാസത്തിനായി 1500ലേറെ പാവപ്പെട്ട കുട്ടികള്‍ക്ക് മെറിറ്റ് സ്‌കോളര്‍ഷിപ്പ്, അനാഥര്‍ക്കായുള്ള പുനരധിവാസമന്ദിരം, കുടിവെള്ള പദ്ധതി, ശാസ്താംകോട്ട ദേവസ്വംബോര്‍ഡ് കോളേജിന് പണിതുനല്‍കിയ കെട്ടിടസമുച്ചയം, നാട്ടുകാര്‍ക്ക് സൗജന്യമായി വിവാഹവും മറ്റ് ചടങ്ങുകളും നടത്തുന്നതിനായി പണിതുയര്‍ത്തിയ ഹാള്‍ എന്നിങ്ങനെ നീളുന്നു അവ.

പത്മശ്രീ ഡോ. രവിപിള്ളയുടെ ഈ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമെന്നോണം ദേശീയവും അന്തര്‍ദ്ദേശീയവുമായ നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ‘പത്മശ്രീ’ തന്നെയാണ.് കേന്ദ്രസര്‍ക്കാരിന്റെ തന്നെ പ്രവാസി ഭാരതീയ സമ്മാന്‍, ഹിന്ദ്‌രത്‌ന തുടങ്ങിയ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചതിനു പിന്നാലെയായിരുന്നു 2010 ലെ പത്മശ്രീ ബഹുമതി ഇദ്ദേഹത്തെ തേടിയെത്തിയത്. എക്‌സോണ്‍ മൊബീല്‍ കമ്പനിയുടെ ‘ബെസ്റ്റ് കോണ്‍ട്രാക്റ്റര്‍ അവാര്‍ഡ്’, സാംസംഗ് എഞ്ചിനിയറിംഗ് കമ്പനി ലിമിറ്റഡിന്റെ ‘ബെസ്റ്റ് പാര്‍ട്ടണര്‍ അവാര്‍ഡ്’, 2011-ലെ സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്‌സ് ക്ലബ്ബിന്റെ ‘ബിസിനസ് മാന്‍ ഓഫ് ദി ഇയര്‍’ തുടങ്ങിയവ ഇദ്ദേഹത്തിനു കിട്ടിയ പുരസ്‌കാരങ്ങളില്‍ ചിലത് മാത്രമാണ്.
ഒരു മനുഷ്യന്‍ യഥാര്‍ത്ഥവിജയിയാവുന്നത് സമ്പത്തിനോടും സൗഭാഗ്യത്തോടും ഒപ്പം സന്തുഷ്ടമായ ഒരു കുടുംബംകൂടി ലഭിക്കുമ്പോഴാണ്. അങ്ങനെയെങ്കില്‍ പത്മശ്രീ ഡോ. രവിപിള്ള ഒരു വിജയിയാണെന്ന് അടിവരയിട്ടുതന്നെ പറയാം. ഭാര്യ ഗീതയും മകൻ ഗണേഷും ഭാര്യ അഞ്ജന സുരേഷും, മകൾആരതിയും ഭർത്താവ് ഡോ. ആദിത്യ വിഷ്ണു അടങ്ങുന്ന സന്തുഷ്ടമായ കുടുംബമാണ് ഇദ്ദേഹത്തിന്റേത്. കേവലം ബിസിനസ്സിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല ഇദ്ദേഹത്തിന്റെ പ്രവർത്തന മേഖല ഇതിന്റെ മറ്റൊരു തെളിവാണ് മകളുടെ വിവാഹത്തോടനുബന്ധിച്ച് കേരളത്തിലെ 75 പഞ്ചായത്തുകളുടെ സഹകരണത്തോടെ അവശത അനുഭവിക്കുന്ന പതിനൊന്നായിരം പേരെ കണ്ടെത്തി അവരുടെ ചികിത്സാ സഹായത്തിനായി പത്തുകോടി രൂപ ഇദ്ദേഹം നല്‍കിയത്.

അതെ… ദൈവത്തിന്റെ ദൂതനായി ഭൂമിയില്‍ ജീവിയ്ക്കുന്ന ഡോ. രവിപിള്ളയെന്ന മലയാളിയെ എന്തു പുരസ്‌കാരങ്ങള്‍ നല്‍കിയാലാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പകരമാവുക. പുരസ്‌കാരങ്ങള്‍ വരുന്നതും വരാതിരിക്കുന്നതും പത്മശ്രീ രവിപിള്ളയ്ക്ക് ഒരുപോലെയാണ്. തന്നില്‍ അര്‍പ്പിതമായ ദൗത്യം മാനവസേവനത്തിലൂന്നിയ പ്രവര്‍ത്തനങ്ങളിലൂടെ ലോകം എങ്ങും പ്രകാശം ചൊരിയുക എന്നതാണെന്ന് ഇദ്ദേഹം വിശ്വസിക്കുന്നു.

മകളുടെ വിവാഹം

2015 നവംബറിൽ കൊല്ലത്ത് വെച്ച് ആദിത്യ വിഷ്ണുവുമായുള്ള തന്റെ മകൾ ആരതിയുടെ വിവാഹത്തിന് 55 കോടി രൂപ (7.5 മില്യൺ ഡോളർ) ചിലവഴിച്ചു.
ബാഹുബലി എന്ന സിനിമയുടെ പ്രൊഡക്ഷൻഡിസൈനറാണ്   വിവാഹം    ഡിസൈൻ ചെയ്ത്കേരളത്തിൽ ഇതുവരെ  നടന്നിട്ടുള്ളതിൽ വച്ച് ഏറ്റവും     ചെലവേറിയ വിവാഹമായിരുന്നു ഇതെന്നാണ് കണക്കാക്കപ്പെടുന്നത്.

മകന്റെ വിവാഹം

വിവാഹത്തിന് മുന്നോടിയായി ഗംഭീര അലങ്കാരങ്ങളാണ് ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയിലടക്കം സാക്ഷ്യം വഹിച്ചത്.. പൂക്കള്‍ കൊണ്ടുള്ള അലങ്കാരങ്ങളും കമാനങ്ങളുമാണ് ഏറെയും. പൂന്താനം ഓഡിറ്റോറിയം അഞ്ച് ദിവസത്തേയ്ക്ക് വാടകയ്‌ക്കെടുത്താണ് ചടങ്ങുകള്‍ നടത്തുന്നത്. രാഷ്ട്രീയ -സിനിമ സാമൂഹിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.മകന്‍റെ വിവാഹത്തിന്റെ മുന്നോടിയായി ഗുരുവായൂരപ്പന് സ്വര്‍ണ കിരീടം രവി പിള്ള നടയ്ക്കു വെച്ചിരുന്നു. 

തന്നില്‍ നിക്ഷിപ്തമായ ഈ കര്‍ത്തവ്യം ഏറെ അഭിമാനത്തോടും ഉത്തരവാദിത്വത്തോടും കൂടി തന്നെയാണ് ഇദ്ദേഹം നിര്‍വ്വഹിയ്ക്കുന്നത്.
സൂഫികഥകളില്‍ അറിവും സമ്പത്തും വര്‍ധിക്കുമ്പോള്‍ വിനയപൂര്‍വ്വം അതെല്ലാം സമൂഹത്തിനും സൃഷ്ടികര്‍ത്താവിനും സമര്‍പ്പിക്കുന്ന ജ്ഞാനികളെക്കുറിച്ച് പലപ്പോഴും പറയാറുണ്ട്. ഇതിനുത്തമോദാഹരണമായി… ജീവിക്കുന്ന ഇതിഹാസമായിമാറുകയാണ് ഡോ. രവിപിള്ളയെന്ന ഈ വിശ്വപുരുഷന്‍.

Latest articles

spot_img

Related articles

Leave a reply

Please enter your comment!
Please enter your name here

RSS
Pinterest
LinkedIn
Share
Instagram
Telegram
WhatsApp