Sunday, May 19, 2024
Google search engine

പൂരങ്ങളുടെ പൂരം തൃശൂർപൂരം ചരിത്രവും , ചടങ്ങുകളും ചിത്രങ്ങളും

spot_img

രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് തൃശൂർ പൂരം .പൂരപ്രേമികൾ ആവേശത്തോടെ കാത്തിരുന്ന തൃശൂർപൂരം 2022 മെയ് 10 തീയതിയായ ഇന്നാണ്. പൂരങ്ങളുടെ പൂരം എന്നറിയപ്പെടുന്ന തൃശൂർ പൂരത്തിന് 30 ആനകളെ അണിനിരത്തി വർഷങ്ങളായി നടത്തി വരുന്ന ഈ മാമാങ്കം തൃശൂർക്കാർക്ക് മാത്രമല്ല ലോകമലയാളികൾക്ക് മുഴുവൻ ആവേശമാണ്.മലയാളികള്‍ക്ക് പൂരമെന്നാല്‍ തൃശൂര്‍ പൂരമാണ്. വെടിക്കെട്ടും കുടമാറ്റവും ആവോളം ആവേശവും ആഹ്ലാദവും നിറയ്ക്കുന്ന പൂരം ഒരിക്കലെങ്കിലും കാണണമെന്ന് ആഗ്രഹിക്കാത്തവരുണ്ടാവില്ല. കേരളത്തിലെ ക്ഷേത്രാഘോഷങ്ങളുടെ അവസാന വാക്കാണ് തൃശൂര്‍ പൂരം. പൂരങ്ങളിലെ മുടിചൂടാമന്നനായ തൃശൂര്‍ പൂരം സാസംകാരിക കേരളത്തിന്റെ ഏറ്റവും വലിയ ആഘോഷം കൂടിയാണ്. പഞ്ചവാദ്യവും കുടമാറ്റവും എല്ലാം ചേര്‍ന്ന് മേളപ്പെരുക്കം സൃഷ്ടിക്കുന്ന തൃശൂര്‍ പൂരത്തിനെക്കുറിച്ചറിയാം.

പൂരചരിത്രം

ശക്തൻ തമ്പുരാൻ തൃശ്ശിവപേരൂർ ഭരിച്ചിരുന്ന കാലത്ത് ആറാട്ടുപുഴയിൽ നടക്കുന്ന ദേവസംഗമം കാണാൻ പോയി. ആറാട്ടുപുഴ ധർമശാസ്താവിന്റെ അമ്പലം സ്ഥിതി ചെയ്യുന്നത് ഒരു പാടത്തിന്റെ അറ്റത്താണ്. അവിടത്തുകാർ വിശ്വസിക്കുന്നത്, പുലർച്ചെ 2 മണിക്ക് നടക്കുന്ന ഈ ദേവസംഗമത്തിനു ഹിന്ദു മത വിശ്വാസപ്രകാരമുള്ള മുപ്പത്തിമുക്കോടി ദേവതകളും പരേതാത്മാക്കളും ചടങ്ങിൽ പങ്കുകൊള്ളാൻ വരും എന്നാണ്. ഈ ദേവസംഗമം നടക്കുന്ന പാടത്ത്, ദേശത്തുള്ള എല്ലാ ദേവി ദേവന്മാരും ആനപ്പുറത്ത് മേള അകമ്പടിയോടെ അണിനിരക്കും. ഒരു 75 ആനകൾ ഇങ്ങനെ പാടത്ത് നിരന്നു വിളക്കും പിടിച്ചു നിൽക്കും

. ശക്തൻ തമ്പുരാൻ ഈ ദൃശ്യ ഭംഗി കണ്ടപ്പോൾ തോന്നി, ഇത് പോലെ ഒരു ഗംഭീര ഉത്സവം നമ്മുടെ നാട്ടിലും ഉണ്ടാവണം എന്ന്. ഇത്രയും ദൂരത്തേക്ക് അന്നൊക്കെ ആളുകൾക്കു എത്താൻ ബുദ്ധിമുട്ടായിരുന്നല്ലോ. അങ്ങനെ ആറാട്ടുപുഴ പൂരം കണ്ട് വന്ന ശക്തൻ തമ്പുരാൻ തൃശ്ശൂർകാർക്ക് സൗകര്യപൂർവം ഇത് പോലെ ഒരു ഉത്സവം കാണാൻ വേണ്ടി ഉണ്ടാക്കിയതാണ് തൃശൂർ പൂരം

.തൃശൂര്‍ പൂരം ഇത്ര മനോഹരമായി രൂപപ്പെടുത്തിയത് കൊച്ചി വാണരുളിയ ശക്തന്‍ തമ്പുരാനാണ്.36 മണിക്കൂര്‍(കൂടിയേറ്റ് മുതൽ ഉപചാരം ചൊല്ലി പിരിയൽ വരെ) നീണ്ടുനില്‍ക്കുന്ന ഈ വിശ്വവിസ്മയത്തിന്റെ ശില്പിയായി കണക്കാക്കുന്നതും എ.ഡി 1751 മുതല്‍ 1805 വരെ ജീവിച്ചിരുന്ന ശക്തന്‍തമ്പുരാനെയാണ്. ശക്തന്‍ തമ്പുരാന്‍ മരിക്കുന്നതിന് ഏഴു വര്‍ഷം മുമ്പാണ് പൂരം ആരംഭിച്ചതെന്ന് പറയപ്പെടുന്നു അതായത് ഏകദേശം 200 വർഷങ്ങൾക്ക് മുൻപ് .പൂരം കാണാന്‍ വിദേശ സഞ്ചാരികള്‍ അടക്കം ധാരാളം പേര്‍ എല്ലാ വര്‍ഷവും തൃശൂര്‍ പൂരത്തിന് എത്താറുണ്ട്. മേട മാസത്തിലെ പൂരം നക്ഷ്രത്തിലാണ് തൃശൂര്‍ പൂരം ആഘോഷിക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ മേടമാസത്തില്‍ അര്‍ദ്ധരാത്രിക്ക് ഉത്രം നക്ഷത്രം വരുന്നതിന്റെ തലേന്നാണ് പൂരം ആഘോഷിക്കുന്നത്. ആനകള്‍, കുടമാറ്റം, മേളം, വെടിക്കെട്ട് തുടങ്ങിയവാണ് പൂരത്തിന്റെ പ്രധാന ആകര്‍ഷണങ്ങള്‍ .

പൂരാഘോഷം

മേടമാസത്തിലെ പൂരം നക്ഷത്രത്തിലാണ് തൃശ്ശൂര്‍ പൂരം ആഘോഷിക്കുന്നത്. കൃത്യമായി പറയുകയാണെങ്കില്‍ മേടമാസത്തില്‍ അര്‍ദ്ധരാത്രിക്ക് ഉത്രം നക്ഷത്രം വരുന്നതിന്റെ തലേന്ന് തൃശൂര്‍ പൂരം നടക്കും.

കൊടികയറ്റം

പൂരത്തിന് ഒരാഴ്ച മുമ്പ് പങ്കാളികളായ ക്ഷേത്രങ്ങളിൽ കൊടികയറുന്നു. തന്ത്രി, മേൽശാന്തി എന്നിവരുടെ നേതൃത്വത്തിൽ കൊടികയറ്റത്തിനു മുമ്പ് ശുദ്ധികലശം നടത്തുന്നു. ക്ഷേത്രം അടിയന്തരക്കാരായ ആശാരിമാർ തയ്യാറാക്കുന്ന കവുങ്ങാണ് കൊടിമരം. ചെത്തിമിനുക്കി കൊടിക്കൈവച്ചു പിടിപ്പിച്ച കവുങ്ങിൽ ആലിലയും മാവിലയും ചേർത്തു കെട്ടുന്നു. ക്ഷേത്രഭാരവാഹികളുടെ സാന്നിധ്യത്തിൽ തട്ടകക്കാർ ആർപ്പുവിളികളോടെ കൊടിമരം ഏറ്റുവാങ്ങി പ്രതിഷ്ഠയ്ക്കു തയ്യാറാക്കിയിരിക്കുന്ന കുഴിയിൽ പ്രതിഷ്ഠിക്കുന്നു. തിരുവമ്പാടി ക്ഷേത്രത്തിൽതിരുവമ്പാടി ക്ഷേത്രത്തിൽ കൊടിമരം പ്രതിഷ്ഠിക്കുന്നതിനുമുമ്പ് ആശാരി ഭൂമിപൂജ നടത്തുന്നു. പൂജയ്ക്കുശേഷം കൊടിമരം തട്ടകത്തെ ജനങ്ങൾ ഏറ്റുവാങ്ങുന്നു. ഭഗവതിയുടെ കോമരം ചെമ്പട്ടുടുത്ത് ഈ അവസരത്തിൽ സന്നിഹിതനായിരിക്കും. കൊടിമരം പ്രതിഷ്ഠിക്കാനായി ഉയർത്തുമ്പോൾ ചുറ്റും കൂടിയിട്ടുള്ളവരിൽ സ്ത്രീകൾ കുരവയിടുന്നു. ചിലർ നാമം ജപിക്കുന്നു.

പൂരപന്തൽ

പ്രദക്ഷിണ വഴിയിൽ (തൃശൂർ റൌണ്ട്) പടിഞ്ഞാറ് , തെക്ക്, വടക്ക് ഭാഗത്ത് മാത്രമാണ് പന്തൽ ഉള്ളത്. പാറമേക്കാവിന് മണികണ്ഠനാലിൽ (തെക്ക്) ഒരു പന്തലേയുള്ളുവെങ്കിൽ തിരുവമ്പാടിക്ക് നടുവിലാലും(പടിഞ്ഞാറ്) നായ്ക്കനാലിലും(വടക്ക്) പന്തലുകളുണ്ട്.നടുവിലാലിലെ പന്തലിന് ആചാരപ്രകാരം ഏറെ പ്രധാന്യമുള്ളതാണ്. തിരുവമ്പാടി ഭഗവതി മഠത്തിൽ നിന്നെഴുന്നള്ളുമ്പോൾ ശ്രീ വടക്കുംനാഥൻറെ നടയ്ക്കൽ മുഖം കാട്ടുന്നത് നടുവിലാലിലെ പന്തലിൽ നിന്നു കൊണ്ടാണ്.

ഈ മുഹൂർത്തത്തിൽ പഞ്ചവാദ്യം ‘ഇടത്തീർ’ കലാശം കൊട്ടും. പുലർച്ചെ പ്രധാന വെടികെട്ട് സമയത്ത് തിരുവമ്പാടിയുടെയും പാറമേക്കാവിൻറെയും ഓരോ ആനകൾ തിടമ്പേറ്റി നിൽക്കുന്നത് നായ്ക്കനാൽ- മണികണ്ഠനാൽ പന്തലുകളിലാണ്.പരസ്യവിപണി കടുത്ത മത്സര രംഗമായിട്ടും തൃശൂർ പൂരത്തിന്റെ പന്തലുകൾ പരസ്യക്കാർക്ക് ഇന്നും ബാലികേറാമലയാണ്. ബാനറുകളോ ഏതെങ്കിലും തരത്തിലുള്ള പരസ്യ ബോർഡുകളോ പന്തലിൽ അനുവദിക്കില്ല. ദേവസ്വത്തിന്റെ പേർ പോലും ഈ പന്തലുകൾക്കാവശ്യമില്ല.

പ്രധാന ചടങ്ങുകൾ

പാറമേക്കാവ് ഭഗവതീ ക്ഷേത്രവും തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രവും

പാറമേക്കാവ് ഭഗവതീ ക്ഷേത്രത്തിലെയും തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെയും ഭഗവതിമാരാണ് തൃശ്ശൂർ പൂരത്തിൽ പങ്കെടുക്കുന്നതായി സങ്കൽപ്പിക്കപ്പെടുന്നത്. . തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠകളിൽ ഒന്നായ ബാലഭദ്രകാളിയാണ് ഇവി‌‌‌ടെ നിന്നും പൂരത്തില്‍ പങ്കെടുക്കുന്നത്. . വേറെയും എട്ടു ചെറു പൂരങ്ങള്‍ കൂടി തൃശൂര്‍ പൂരത്തിന്റെ ഭാഗമാണെങ്കിലും തൃശൂര്‍ പൂരം മുഴുവന്‍ ചുറ്റി നില്‍ക്കുന്നത് ഈ രണ്ടു ക്ഷേത്രങ്ങളിലാണ്. പൂരത്തിന്റെ പ്രത്യേക അവകാശങ്ങള്‍ പലതും ഈ രണ്ടു ക്ഷേത്രങ്ങള്‍ക്കും മാത്രമായുള്ളതാണ്. വടക്കുന്നാഥക്ഷേത്രത്തിന്റെ ചുറ്റുള്ള വഴിയിൽ ഇവർക്കേ അവകാശമുള്ളൂ

എട്ടു ചെറുപൂരങ്ങള്‍

എട്ടു ചെറുപൂരങ്ങളാണ് തൃശൂര്‍ പൂരത്തിന്‍റെ ഭാഗമായുള്ളത്. കണിമംഗലം ശാസ്താവ്, കാരമുക്ക് ഭഗവതി, ചൂരക്കോട്ടുകാവ്‌ ഭഗവതി, നെയ്തലക്കാവ് ഭഗവതി, ലാലൂർ ഭഗവതി, പനയ്ക്കേമ്പിള്ളി ശാസ്താവ്, അയ്യന്തോൾ കാർത്ത്യായനി ഭഗവതി, ചെമ്പൂക്കാവ് ഭഗവതി എന്നീ എട്ട് ക്ഷേത്രങ്ങളിലെ ദേവതമാരാണ് ചെറു പൂരത്തിനായി എത്തുന്നത്. പ്രധാന പൂര ദിവസമാണ് ചെറുപൂരങ്ങളുടെ എഴുന്നള്ളിപ്പ് നടക്കുന്നത്. ഈ പൂരങ്ങളെല്ലാം വടക്കുംനാഥന്റെ മുന്നില്‍ മാത്രമാണ് അരങ്ങേറുന്നത് എന്ന പ്രത്യേകതയും ഉണ്ട്.

പുറപ്പാട് എഴുന്നള്ളത്ത്

പൂരത്തിനു മുന്നോടിയായുള്ള ചടങ്ങുകളിലെ ആദ്യത്തേതാണ് പുറപ്പാട് എഴുന്നള്ളത്ത്, തിരുവമ്പാടി ഭഗവതിയുടെ തിടമ്പെടുത്ത് ബ്രഹ്മസ്വം മഠത്തിലേക്ക് കൊണ്ടുപോകുന്ന ചടങ്ങ് ആണിത്.

മഠത്തില്‍ വരവ്

ബ്രഹ്മസ്വം മഠത്തിൽ നിന്ന് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ തിടമ്പ് വടക്കും നാഥൻ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്ന ചടങ്ങ് ആണിത്,
രാവിലെ എട്ടു മണിക്കാണ്‌ മഠത്തിലേയ്ക്കുള്ള വരവ് തിരുവമ്പാടി ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കുന്നത്. രണ്ടരമണിക്കൂർ കൊണ്ട് ഇത് മഠത്തിൽ എത്തിച്ചേരുന്നു. ‘ഇറക്കി പൂജ’ കഴിഞ്ഞ് (പണ്ടത്തെ ചമയങ്ങൾ സ്വീകരണം) പതിനൊന്നരയോടെ മഠത്തിൽ വരവ് ആരംഭിക്കുന്നു. പത്തോളം ആനയുമായി പുറപ്പെടുന്ന ഇത് നായ്ക്കനാൽ എത്തിച്ചേരുമ്പൊൾ എണ്ണം 15 ആകുന്നു. മഠത്തില്‍ വരവിന്റെ പഞ്ചവാദ്യമാണ് പ്രസിദ്ധം. . 17 വീതം തിമിലക്കാരും കൊമ്പുകാരും താളക്കാരും ഇതിലുണ്ടാകണമെന്നാണ് നിര്‍ബന്ധം. ഒൻപത് മദ്ദളം, നാല് ഇടയ്ക്ക എന്നിവ നിര്‍ബന്ധമാണ്. പഞ്ചവാദ്യം കലാശത്തോടുകൂടി തിരുവമ്പാടി എഴുന്നള്ളത്ത് നായ്ക്കനാലിൽ നിന്ന് തേക്കിൻകാട് മൈതാനത്തേക്ക് കടക്കുന്നു. തുടര്‍ന്ന് പതിനഞ്ച് ആനകളുടേയും ചെണ്ട മേളത്തിന്റെയും അകമ്പടിയോടെ എഴുന്നള്ളത്ത് വടക്കുംനാഥ ക്ഷേത്രത്തിലേക്ക് നീങ്ങുന്നുതാണ് ചടങ്ങ്.

പാറമേക്കാവിന്റെ പുറപ്പാട്

പാറമേക്കാവിന്റെ പൂരം തുടങ്ങുമ്പോള്‍ 12 മണി അടുപ്പിച്ചാവും. പതിനഞ്ച്‌ ആനകളുടെ അകമ്പടിയോടെ സർവ്വാലങ്കാരവിഭൂഷിതയായി ആണ് പാറമേക്കാവ് ഭഗവതി എഴുന്നള്ളുന്നത്. ചെമ്പട മേളം, പാണ്ടി മേളം, പാണ്ടി മേളം കലാശം എന്നിവയോടെ എഴുന്നള്ളത്ത് വടക്കുംനാഥൻ ക്ഷേത്രത്തിൽ പ്രവേശിക്കുന്നു. രണ്ടു കലാശം കഴിഞ്ഞ് ഇലഞ്ഞിത്തറയിൽ എത്തും.

ഇലഞ്ഞിത്തറ മേളം

വടക്കുംനാഥ ക്ഷേത്രത്തിലെ കൂത്തമ്പലത്തിൽ വച്ച് ഭഗവതിയുടെ എഴുന്നള്ളെത്ത് അവസാനിക്കും. തുടർന്നാണ് പ്രശസ്തമായ ഇലഞ്ഞിത്തറ മേളം അരങ്ങേറു‌ന്നത്. കൂത്തമ്പലത്തിനു് മുന്നിലെ ഇലഞ്ഞിത്തറയിൽ അരങ്ങേറുന്നതുകൊണ്ടാണ്‌ ഇത് ഇലഞ്ഞിത്തറ മേളം എന്നറിയപ്പെടുന്നത്. നാലു മണിക്കൂർ നീണ്ടു നിൽക്കുന്ന പാണ്ടി മേളമാണിത്. ഉരുട്ട് ചെണ്ടക്കാർ 15 , ഒറ്റത്താളം പിടിക്കാനായി 90 വലം തല ചെണ്ടകൾ, 21 വീതം കൊമ്പുകാരും കുഴലുകാരും. ഇലത്താളം 75 പേർ എന്നിങ്ങനെയാണ് കണക്കെങ്കിലും മിക്ക വര്‍ഷങ്ങളിലുെ അതിലധികവും ആളുകള്‍ എത്താറുണ്ട്.

തെക്കോട്ടിറക്കം

പാറമേക്കാവിലെയും തിരുവമ്പാടിയിലെയും ഭഗവതിമാർ തേക്കി‌‌ൻകാട് മൈതാനത്ത് പ്രവേശിക്കുന്ന ചടങ്ങാണ് ഇത്. വടക്കുംനാഥ ക്ഷേത്രത്തിൻറെ തെക്കേഗോപുരത്തിലൂടെയാണ് ഇവര്‍ പ്രവേശിക്കുന്നത്.

ആനച്ചമയം പ്രദർശനം

തൃശൂർ പൂരത്തിൻറെ തലേ ദിവസം പാറമേക്കാവ് – തിരുവമ്പാടി വിഭാഗങ്ങൾ പൂരം എഴുന്നള്ളിപ്പിന് ഉപയോഗിക്കുന്ന കോലം, നെറ്റിപട്ടം, ആലവട്ടം, വെഞ്ചാമരം, കുടകൾ തുടങ്ങിയ ചമയങ്ങൾ പൊതുജനങ്ങൾക്കായി പ്രദർശനത്തിനു വെയ്ക്കുന്നു.

കുടമാറ്റം

തൃശൂർ പൂരത്തിലെ ഏറ്റവും പ്രധാന ചടങ്ങാണ് കുടമാറ്റം. ഇരു വിഭാഗവും മത്സര ബുദ്ധിയോടെ ആനപ്പുറത്ത് വിവിധ നിറത്തിലും ഡിസൈനിലും നിർമ്മിച്ച കുടകൾ മാറി മാറി ഉയർത്തുന്ന ചടങ്ങാണ് ഇത്. ഒരു പ്രാവിശ്യം കുട ഉയർത്തിക്കഴിഞ്ഞാൽ മൂന്ന് പ്രാവിശ്യം ആലവട്ടവും വെൺചാമരവും ഉയർത്തുന്നു. തുടര്‍ന്ന് അടുത്ത് കുട ഉയർത്തും. ഈ വിധത്തിലാണ് ഇരു വിഭാഗങ്ങളും കുടമാറ്റം നടത്തുന്നത്. ഇതേത്തുടർന്ന് ചെറിയ വെടിക്കെട്ടും പഞ്ചവാദ്യവും നടക്കും. തിടമ്പുകയറ്റിയ ആനയുടെ കുട മറ്റു14 ആനകൾക്ക് ഉയർത്തുന്ന കുടയേക്കാൾ വ്യത്യാസമുള്ളതായിരിക്കും എന്ന പ്രത്യേകതയും ഉണ്ട്

പൂര വെടിക്കെട്ട്

പൂരത്തിന്റെ പ്രധാന ആകര്‍ഷണമാണ് വെടിക്കെട്ട്. വെളുപ്പിന്‌ മൂന്നു മണിയോടെയാണ്‌ വെടിക്കെട്ട് ആരംഭിക്കുന്നത്. പൂരം ദിവസങ്ങളിൽ തേക്കിൻകാട് മൈതാനിയിൽ ഈ രണ്ട് ദേവസ്വങ്ങൾക്കുമല്ലാതെ മറ്റാർക്കും വെടിക്കെട്ട് കത്തിക്കാൻ പറ്റില്ല.

പകല്‍പ്പൂരം

പൂരം നാളിൽ പകൽ നടക്കുന്ന പൂരമാണ് പകൽപ്പൂരം. പാണ്ടിമേളവും കുടമാറ്റവും പകൽപ്പൂരത്തിന് ഉണ്ടാകും. മാത്രമല്ല ചെറിയ ഒരു വെടിക്കെട്ടും ഉണ്ടാകും. തുടന്ന് ഇരു ക്ഷേത്രങ്ങളിലേയും ദേവിമാർ അടുത്ത പൂരത്തിന് കാണാം എന്ന് പറഞ്ഞ് ഉപചാരം ചൊല്ലി പിരിയുന്നതോടേ തൃശൂർ പൂരം അവസാനിക്കും.

Latest articles

spot_img

Related articles

Leave a reply

Please enter your comment!
Please enter your name here

RSS
Pinterest
LinkedIn
Share
Instagram
Telegram
WhatsApp