ദുബായ് : -യുഎഇയിൽ ഒരു കാറിന് തീപിടിച്ചതിനെ തുടർന്ന് ഇരുപതോളം വാഹനങ്ങൾ കൂട്ടിയിടിച്ച് ഒൻപത് പേർക്ക് പരിക്ക്.ഇന്നലെ വൈകിട്ടോടെ വായിബ് അൽ ഹന്നയിൽ നിന്ന് ദിബ്ബ അൽ ഫുജൈറയിലേക്കുള്ള റോഡിലാണ് അപകടമുണ്ടായത്. കൂട്ടിയിടിയെ തുടർന്ന് ദിബ്ബ അൽ ഫുജൈറയിലേക്കുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടിരുന്നു. അപകടം നടന്നതായി വിവരം ലഭിച്ചയുടൻ തന്നെ ദിബ്ബ അൽ ഫുജൈറയിൽ നിന്നുള്ള പോലീസ് പട്രോളിങ് ഉദ്യോഗസ്ഥർ, ട്രാഫിക് ഉദ്യോഗസ്ഥർ, മസാഫി പോലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥർ, നാഷണൽ ആംബുലൻസ് എന്നിവരടങ്ങുന്ന സംഘം സംഭവസ്ഥലത്തെത്തി. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയും ഗതാഗതം പുന:സൃഷ്ടിക്കുകയും ചെയ്തു. പരിക്കേറ്റവരിൽ എട്ട് പേർക്ക് നിസാര പരിക്കുകളാണ്.
റോഡിൽ പൊടുന്നനെ ഒരു കാറിന് തീപിടിച്ചതോടെയാണ് അപകടമുണ്ടായതെന്നാണ് അധികൃതരുടെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. കാറിന് തീപിടിച്ചപ്പോൾ പിറകേ വന്ന മറ്റു വണ്ടികൾ വേഗം കുറച്ചു. എന്നാൽ അമിത വേഗത്തിലെ ത്തിയ ഒരു ട്രക്ക് വേഗം കുറച്ച് നീങ്ങിയിരുന്ന മറ്റ് വണ്ടികളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. വാഹനമോടിക്കുന്നവരോട് ജാഗ്രതയും വേഗ പരിധിയും പാലിക്കണമെന്നും വാഹനങ്ങൾ തമ്മിൽ കൃത്യമായ അകലം സൂക്ഷിക്കണമെന്നും ഫുജൈറ പോലീസ് ജനറൽ കമാൻഡ് ആവശ്യപ്പെട്ടു.