spot_img

യു.എ.ഇ ദേശീയ ദിനത്തോടനുബന്ധിച്ച് നാലു ദിവസത്തെ അവധി:വിമാന നിരക്കുകളില്‍ വന്‍ വര്‍ധന

Published:

ദുബായ് : യു.എ.ഇ ദേശീയ ദിനത്തോടനുബന്ധിച്ച് ഇത്തവണ നാലു ദിവസത്തെ അവധി പ്രഖ്യാപിച്ചതോടെ പ്രവാസികൾ യാത്രകള്‍ക്കൊരുങ്ങിയതു മൂലം വിമാന നിരക്കുകളിൽ വൻ വർധന. പ്രവാസികൾ നാട്ടിലേക്ക് ഹ്രസ്വയാത്രകൾക്ക് ഒരുങ്ങിയതും ഇതര എമിറേറ്റുകളിലേക്കുള്ള ഉല്ലാസ യാത്രകൾക്ക് പ്ലാൻ ചെയ്തതു മൂലമാണ് വിമാനകമ്പനികൾ യാത്ര നിരക്ക് വർദ്ധിപ്പിക്കുവാൻ കാരണം. ഡിസംബര്‍ 2,3 തീയ്യതികളിലാണ് യു.എ.ഇയുടെ ദേശീയ ദിനാഘോഷങ്ങള്‍. തിങ്കള്‍, ചൊവ്വ ദിവസങ്ങള്‍ ദേശീയ അവധിയാണ്. അതിന് മുമ്പുള്ള രണ്ട് വാരാന്ത്യ അവധികള്‍ കൂടി ചേരുന്നതോടെ നാലു ദിവസത്തെ അവധിയാണ് ലഭിക്കുന്നത്. അവധി ദിനങ്ങള്‍ നാട്ടില്‍ വരുന്നതിനുള്ള അവസരമായി പ്രവാസികളില്‍ ഒരു വിഭാഗം കാണുന്നുണ്ട്. വിവിധ ഗള്‍ഫ് നാടുകളിലേക്കുള്ള യാത്രകള്‍ ആസൂത്രണം ചെയ്യുന്നവരുമുണ്ട്. യുഎഇയിലെ അവധി ദിനങ്ങളോടനുബന്ധിച്ച് കേരളത്തിലേക്കുള്ള വിമാന നിരക്കുകളില്‍ വലിയ വര്‍ധനയാണുണ്ടാകുന്നത്. ഈ മാസം 27 ന് ശേഷം വിമാനനിരക്കുകളില്‍ 100 ശതമാനമാണ് വര്‍ധന. നവംബര്‍ 27 നുള്ള ദുബൈ-കൊച്ചി ടിക്കറ്റിന് 6,500 രൂപയാണ് കുറഞ്ഞ നിരക്ക്. എന്നാല്‍ 28 മുതല്‍ 12,000 രൂപക്ക് മുകളിലാണ് നിരക്കുകള്‍. വാരാന്ത്യങ്ങളില്‍ ഇത് 18,400 രൂപയായും വര്‍ധിച്ചിട്ടുണ്ട്.

ഡിസംബര്‍ മൂന്നാം വാരം മുതല്‍ യു.എ.ഇയില്‍ നിന്നുള്ള വിമാന ടിക്കറ്റ് ബുക്കിംഗില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 56 ശതമാനംവര്‍ധനയുണ്ടാകുന്നതായാണ് ട്രാവല്‍ മേഖലയിലെ കണക്കുകള്‍ കാണിക്കുന്നത്. വിവിധ വിദേശ രാജ്യങ്ങളിലേക്കുള്ള വിമാനനിരക്കുകളില്‍ 11 ശതമാനത്തിന്റെ വര്‍ധനയും ഉണ്ടായിട്ടുണ്ട്. യു.എ.ഇ പൗരന്‍മാര്‍ അവധിക്കാല യാത്രകള്‍ക്ക് തെരഞ്ഞെടുക്കുന്ന സമയമായതിനാല്‍ ഈ വര്‍ഷത്തെ അവസാന ആഴ്ചകളില്‍ വിമാന ടിക്കറ്റുകള്‍ക്ക് ഡിമാന്റ് വര്‍ധിച്ചിട്ടുണ്ട് .

Cover Story

Related Articles

Recent Articles