തിരുവനന്തപുരം: –അപകട സാധ്യതകളില്ലാതെ സുരക്ഷിതമായ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാവാൻ വേണ്ടിയാണ് എല്ലാവരും വിവിധ നിക്ഷേപങ്ങൾ നടത്തുന്നത്. ഉയർന്ന വരുമാനവും മികച്ച നേട്ടങ്ങളും നൽകുന്ന നിക്ഷേപങ്ങളാണോ തിരയുന്നത്? എങ്കിൽ നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായ നിക്ഷേപങ്ങളാണ് കെ.എസ്.എഫ്.ഇ ഉറപ്പ് നൽകുന്നത്. ഒരു ബാങ്ക് ഇതര സ്ഥാപനത്തിനപ്പുറം ഇതൊരു സർക്കാർ പിന്തുണയുള്ള ഫിനാൻഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് കൂടിയാണ്. അതിനാൽ സാമ്പത്തിക നേട്ടം ഉറപ്പുള്ളതായിരിക്കും.
എന്താണ് മുടക്ക ചിട്ടി?
പല തരം സാഹചര്യങ്ങളിൽ ചിട്ടിത്തുക അടച്ച് തീർക്കാൻ സാധിക്കാത്തവർക്ക് ചിട്ടിയിൽ നിന്നും ഒഴിവാകാം. ഇതിനായി കെ.എസ്.എഫ്.ഇ ബ്രാഞ്ചില് ചിട്ടി ഒഴിവാക്കാനുള്ള അപേക്ഷ സമര്പ്പിക്കാം. ഇനി തുടർച്ചയായി ചിട്ടി തുകയുടെ അടവ് മുടങ്ങിയാൽ കെ.എസ്.എഫ്.ഇ കുടിശ്ശിക വരുത്തും. അപ്പോൾ സ്വാഭാവികമായും ചിട്ടിയിൽ നിന്നും നിങ്ങൾ പുറത്താകേണ്ടി വരും. ഈ 2 സാഹചര്യങ്ങളേയാണ് മുടക്ക ചിട്ടികളെന്ന് പറയുന്നത്. മുടക്ക ചിട്ടിയുടെ പ്രധാന നേട്ടം എന്തെന്നാൽ ഇതിൽ ആവശ്യക്കാരെല്ലാം നേരത്തെ ചിട്ടി വിളിച്ചിട്ടുണ്ടാവും. അതിനാൽ തന്നെ നിങ്ങൾക്ക് 30% കിഴിവിൽ ചിട്ടി വിളിക്കേണ്ടി വരില്ല.
മുടക്ക ചിട്ടി തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
1. കഴിഞ്ഞ മാസം ഈ ചിട്ടി എത്ര രൂപ കിഴിവിലാണ് ലേലം വിളിച്ചതെന്ന് പരിശോധിക്കുക.
2. തിരഞ്ഞെടുത്ത മുടക്ക ചിട്ടിയിൽ എത്ര രൂപ ഡിവിഡന്റ് കിട്ടാൻ സാധ്യതയുണ്ടെന്ന് നോക്കുക.
മുടക്ക ചിട്ടികൾ ചേരുന്നതിനുള്ള നടപടിക്രമങ്ങൾ…
നിങ്ങൾക്ക് അനുയോജ്യമായ മുടക്ക ചിട്ടി കെ.എസ്.എഫ്.ഇയിൽ ഉണ്ടെന്ന് ഉറപ്പ് വരുത്തുക. ശേഷം തിരഞ്ഞെടുത്ത മുടക്ക ചിട്ടിയുടെ ഇതുവരെ അടച്ച മുഴുവൻ തവണ സംഖ്യകളും നിങ്ങൾ ഒരുമിച്ച് അടച്ചാൽ മാത്രമാണ് പൂർണമായും ആ ചിട്ടി നിങ്ങളുടെ പേരിലേക്ക് മാറുകയുള്ളൂ. ഇങ്ങനെ മാറ്റിയാൽ ആദ്യം ചേർന്നയാൾക്ക് പിന്നീട് ഈ ചിട്ടിയിൽ ഒരു അവകാശവുമുണ്ടാവില്ല. മാത്രമല്ല അതുവരെയുള്ള മുഴുവൻ ഡിവിഡന്റും പുതുതായി ചിട്ടി ചേർന്ന വ്യക്തിക്കുള്ളതാണ്. അതിനാൽ ഇതുവരെയുള്ള ഡിവിഡന്റ് കിഴിച്ചുള്ള തുക മാത്രം അടച്ചാൽ മതി. അതിനൊപ്പം ഒരു 100 രൂപ സർവ്വീസ് ചാർജും ഈടാക്കും.ലേലത്തിന്റെ തലേ ദിവസം മുടക്ക ചിട്ടിയിൽ ചേർന്നാൽ ലേലത്തിൽ നിങ്ങൾക്ക് പങ്കെടുക്കാം. അതായത് ലേല തിയ്യതിക്ക് ഒരു ദിവസം മുന്നേയെങ്കിലും ചിട്ടി നിങ്ങളുടെ പേരിലേക്ക് മാറ്റിയാൽ അടുത്ത ദിവസം ലേലത്തിൽ നിങ്ങൾക്ക് പങ്കെടുക്കാം. സാധാരണയായി ഈ മാസം ലേലം വിളിച്ചാൽ അതിന്റെ തുക അടുത്ത മാസമാണ് ലഭിക്കുക.
ചിട്ടിയിൽ ചേർന്ന് മൂന്നാം ദിവസം പണം ഉറപ്പാണ്.
മുകളിൽ പറഞ്ഞതു പോലെ മുടക്ക ചിട്ടിയിൽ ചേർന്നാൽ നേരിട്ട് തന്നെ ലേലത്തിൽ പങ്കെടുക്കാം. ആ മാസം തന്നെ ചിട്ടി വിളിച്ചെടുക്കാൻ ശ്രമിക്കുക. ചിട്ടിയിൽ ചേർന്ന രണ്ടാമത്തെ ദിവസം ലേലം വിളിച്ചാൽ മൂന്നാമത്തെ ദിവസം പണം എങ്ങനെ സ്വന്തമാക്കാം? ഇതിന് നിലവിൽ കെ.എസ്.എഫ്.ഇ നൽകുന്ന ഒരു പദ്ധതിയാണ് ചിട്ടി പ്രൈസ് മണി അഡ്വാൻസ് പേയ്മെന്റ് എന്ന സിസ്റ്റം.ഈ മാർഗത്തിലൂടെ ലേലം കഴിഞ്ഞ് തൊട്ടടുത്ത ദിവസം തന്നെ ചിട്ടിത്തുക ലഭിക്കും. ഇതിന് മതിയായ ജാമ്യം ആവശ്യമുണ്ട്. ഈ രീതിയിൽ കെ.എസ്.എഫ്.ഇ മുൻകൂർ പണം തന്നാൽ അതിന് പ്രതിവർഷം 12.5% പലിശയാണ് ഈടാക്കുന്നത്