ദോഹ: ഇലക്ട്രിക് സ്കൂട്ടറുകൾ ഉപയോഗിക്കുന്നവർ രാജ്യത്തെ ഗതാഗത നിയമങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം. വാഹനങ്ങൾക്കായുള്ള പ്രധാന റോഡുകൾ ഒഴിവാക്കിക്കൊണ്ട് ഇലക്ട്രിക് സ്കൂട്ടറുകൾക്കായുള്ള പ്രത്യേക പാതകൾ മാത്രം ഉപയോഗിക്കണമെന്ന് മന്ത്രാലയം ഓർമിപ്പിച്ചു.ഇലക്ട്രിക് സ്‌കൂട്ടർ യാത്രികർ മറ്റു വാഹനങ്ങൾക്കുള്ള പാതകൾ ഉപയോഗിക്കുന്നത് ഗതാഗത നിയമ ലംഘനമാണ്. ഡ്രൈവർമാർക്കും സ്കൂട്ടർ യാത്രികർക്കും ഗുരുതരമായ അപകടസാധ്യതയുണ്ടാക്കുന്ന ഇത്തരം നടപടികൾ പൊതുജനങ്ങളുടെ സുരക്ഷയെ അപകടത്തിലാക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇലക്ട്രിക് സ്കൂട്ടറുകളുടെ ശരിയായ ഉപയോഗത്തിനും സുരക്ഷ ഉറപ്പുവരുത്താനും സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാൻ ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. അമിത വേഗത ഒഴിവാക്കുക, മോട്ടോർ വാഹനങ്ങൾക്കുള്ള റോഡുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക, ഹെൽമെറ്റ് ധരിക്കുക, രണ്ട് കൈകൾ കൊണ്ടും ഹാൻഡിൽബാർ പിടിക്കുക, യാത്ര ചെയ്യമ്പോൾ റോഡിൽ ശ്രദ്ധ ചെലുത്തുക തുടങ്ങിയ നിർദേശങ്ങൾ മന്ത്രാലയം മുന്നോട്ടുവെച്ചു.