ദുബായ് : യുഎഇയിൽ അനധികൃതമായി കാറുകളിൽ സ്റ്റിക്കർ സ്ഥാപിച്ചാൽ താമസക്കാർ 500 ദിർഹം പിഴ നൽകേണ്ടിവരും. നിയമങ്ങളും അതിൻ്റെ അനന്തരഫലങ്ങളും അറിയാതെ ഒരു ഏഷ്യൻ യുവാവ് തൻ്റെ കാറിൻ്റെ പിൻവശത്തെ വിൻഡോയിൽ ഒരു സ്റ്റിക്കർ പതിപ്പിച്ചു. ഷാർജ സിറ്റി സെൻ്ററിന് സമീപം വച്ച് പോലീസ് ഇയാളെ തടഞ്ഞ് വാഹന ചട്ടങ്ങൾ ലംഘിച്ചതായി കണ്ടെത്തി ഇയാളിൽ നിന്ന് കനത്ത പിഴ ഈടാക്കാൻ ഇടയാക്കിയ അനുഭവം അയാൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് യു എ ഇ യിലെ പ്രവാസികൾക്കിടയിൽ ഈ വാർത്ത വൻ ചർച്ചയായത്. എമിറേറ്റ്സിൽ വാഹനമോടിക്കുന്ന പ്രവാസികളിൽ പലരും സമാനമായ പിഴകൾ നേരിട്ടിട്ടുണ്ട്. യുഎഇയിൽ കാറുകളിൽ സ്റ്റിക്കറുകൾ സ്ഥാപിക്കാൻ കാറുടമക്ക് മുൻകൂർ അനുമതി ആവശ്യമാണെന്ന് പലർക്കും അറിയില്ലാത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.
കാർ സ്റ്റിക്കറുകൾ സംബന്ധിച്ച നിയമങ്ങളെക്കുറിച്ച് വാഹനമോടിക്കുന്നവരെ അറിയിക്കാൻ പോലീസ് ഇടക്കിടെ ബോധവൽക്കരണ കാമ്പെയ്നുകൾ നടത്താറുണ്ടെങ്കിലും പ്രവാസികളിൽ പലരും ഇത് ശ്രദ്ധിക്കാറില്ല എന്നതാണ് സത്യം.
1995ലെ ഫെഡറൽ ട്രാഫിക് നിയമം നമ്പർ 21 പ്രകാരം വാഹനങ്ങളിലെ അനധികൃത സ്റ്റിക്കറുകൾ നിയമവിരുദ്ധമാണെന്നും അതിന് 500 ദിർഹം പിഴ നൽകണമെന്നാണ് യുഎഇയിലെ നിയമം.
കാറിൻ്റെ നമ്പർ പ്ലേറ്റ് നമ്പർ, ഡ്രൈവറുടെ മുഖം, അല്ലെങ്കിൽ ട്രാഫിക് തടസ്സപ്പെടുത്തുന്ന മറ്റേതെങ്കിലും വിശദാംശങ്ങൾ എന്നിവ മറയ്ക്കുന്ന രീതിയിൽ കാറിൻ്റെ ഏത് ഭാഗത്ത് ഫോട്ടോകളോ സ്റ്റിക്കറുകളോ സ്ഥാപിക്കുന്നത് കുറ്റകരമാണ്.
“അധികാരികളിൽ നിന്ന് അംഗീകാരം നേടിയതിന് ശേഷം ഉൽപ്പന്നങ്ങളും സേവനങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനുള്ള കമ്പനി പരസ്യങ്ങൾ മാത്രമാണ് യുഎഇ അധികാരികൾ അനുവദിക്കുന്ന സ്റ്റിക്കറുകൾ. ഫെഡറൽ നിയമം പ്രകാരം ഇത്എല്ലാ എമിറേറ്റുകളിലും ബാധകമാണ്. ഇത്തരം നിയമ ലംഘനങ്ങൾ പിഴ മാത്രമല്ല ചിലപ്പോൾ നിങ്ങളുടെ ഡ്രൈവിംഗ് ലൈസൻസിൽ ബ്ലാക്ക് പോയിൻ്റുകൾ വീഴാനും , നിങ്ങൾക്ക് തടവ് ശിക്ഷവരെ ലഭിക്കും.
ഓർമ്മിക്കുക:- ട്രാഫിക് നിയന്ത്രണത്തിൻ്റെ നിയമങ്ങളും നടപടിക്രമങ്ങളും സംബന്ധിച്ച 2017 ലെ മന്ത്രിതല പ്രമേയം നമ്പർ 178 പ്രകാരംഅനധികൃതമായി കാറിൽ സ്റ്റിക്കറുകൾ സ്ഥാപിക്കുന്നത് കുറ്റകരമാണ്.