നിയമലംഘകർക്ക് ആറുമാസം മുതൽ 10 വർഷം വരെ തടവും അഞ്ചു ലക്ഷം ദിർഹം മുതൽ 20 ലക്ഷം ദിർഹം വരെ പിഴയുമാണ് ശിക്ഷ
ദുബായ്: – യു എ ഇയിൽ സോഷ്യൽ മീഡിയയിലൂടെ നിങ്ങളെ ആരെങ്കിലും അപമാനിക്കാൻ ശ്രമിച്ചോ.. ?ജോലി സ്ഥലത്ത് ആരെങ്കിലും നിങ്ങളോട് വിവേചനം കാട്ടിയോ…?ഭയപ്പെടേണ്ട ദുബായ് ഭരണകൂടം നിങ്ങളോടൊപ്പമുണ്ട്. കാരണം സഹിഷ്ണുതയും സമാധാനവും പ്രദാനംചെയ്യുന്ന രാജ്യമാണ് യു.എ.ഇ. ഇവിടെ മതം, ജാതി, ലിംഗം, വംശം തുടങ്ങി എല്ലാത്തരം വിവേചനങ്ങളും റിപ്പോർട്ട് ചെയ്യാൻ ഒട്ടേറെ മാർഗങ്ങൾ നിലവിലുണ്ട്. വിവേചനങ്ങൾക്കെതിരേ 2015-ലാണ് യു.എ.ഇയിൽ നിയമം പ്രാബല്യത്തിലായത്. പിന്നീട്, 2023-ൽ കൂടുതൽ ശിക്ഷാനടപടികൾചേർത്ത് ഭേദഗതിചെയ്തു.മതവിദ്വേഷമുണ്ടാക്കുന്ന പദപ്രയോഗവും പ്രസംഗവും, അവഹേളനം, ഓൺലൈൻ വഴി അപമാനിക്കൽ, ജോലി സ്ഥലത്തെ വിവേചനം തുടങ്ങി ഏതൊരു പ്രവൃത്തിയും ഈ രാജ്യത്ത് കുറ്റകരമാണ്. ഇത്തരം സംഭവങ്ങളുണ്ടായാൽ അധികാരികളെ നേരിട്ട് അറിയിക്കാം. യു.എ.ഇ. പോലീസിന്റെ ഓൺലൈൻ സേവനങ്ങൾവഴി പരാതി നൽകാം. നിയമലംഘകർക്ക് ആറുമാസം മുതൽ 10 വർഷം വരെ തടവും അഞ്ചു ലക്ഷം ദിർഹം മുതൽ 20 ലക്ഷം ദിർഹം വരെ പിഴയുമാണ് ശിക്ഷ.
പരാതി നൽകാൻ
അബുദാബി പോലീസിന്റെ അമാൻ സേവനത്തിലൂടെ 8002626, 8002828 എന്ന നമ്പറുകളിലേക്ക് എസ്.എം.എസ്. അയക്കാം.
ദുബായ് പോലീസിന്റെ അൽ അമീൻ സേവനത്തിലൂടെ 8004888 എന്ന നമ്പറിലോ യു.എ.ഇ.ക്ക് പുറത്തുള്ളവർക്ക് +9718004888 എന്ന നമ്പറിലൂടെയോ പരാതികൾ നൽകാം.
ഷാർജ പോലീസിന്റെ നജീദ് സേവനത്തിലൂടെ 800151 എന്ന നമ്പറിലേക്ക് എസ്.എം.എസ്. ചെയ്യാം. അല്ലെങ്കിൽ 7999 നമ്പറും ഉപയോഗിക്കാം.ജുഡീഷ്യൽ അധികാരികൾ മുഖേന പരാതി നൽകി കേസ് ഫയൽ ചെയ്യാം.
സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് മാനവവിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയത്തിന്റെ (ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് ഇമിറേറ്റൈസേഷൻ മന്ത്രാലയം) ഓൺലൈൻ ചാനലുകൾ വഴി ജോലിസ്ഥലത്തെ വിവേചനം റിപ്പോർട്ട് ചെയ്യാം. പരാതിക്കൊപ്പം കേസിനെ പിന്തുണയ്ക്കുന്ന കാര്യമായ തെളിവുകൾ ഹാജരാക്കണം. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽനിന്നോ അല്ലെങ്കിൽ ഓഫീസുകളിൽനിന്നോ ഔദ്യോഗിക പരാതി ഫോറം ലഭിക്കും.സർക്കാർ മേഖലയിലെ ജീവനക്കാർക്ക് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സസിന്റെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെപരാതികളറിയിക്കാം.തെളിവുകൾ ഒപ്പം ഹാജരാക്കുന്നത് പ്രശ്‌നപരിഹാരത്തിനുള്ള സാധ്യത മെച്ചപ്പെടുത്തും. സാക്ഷിമൊഴികളും സമർപ്പിക്കാം.മനുഷ്യാവകാശ പരാതികൾ ഹ്യൂമൻ റൈറ്റ്‌സ് ഓഫീസ് ജൂഡീഷ്യൽ ഡിപ്പാർട്ട്‌മെന്റ്, അബുദാബി കമ്യൂണിറ്റി അതോറിറ്റി (സി.ഡി.എ) എന്നിവിടങ്ങളിൽ റിപ്പോർട്ട് ചെയ്യാം. സി.ഡി.എ.യുടെ 8002121 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാം. അല്ലെങ്കിൽ human_rights@cda.gov.ae എന്ന വിലാസത്തിൽ ഇ-മെയിൽ ചെയ്യാം.മനുഷ്യാവകാശ പരാതികൾ ഹ്യുമൻ റൈറ്റ്‌സ് ഇൻസ്റ്റിറ്റ്യൂഷനിലും അറിയിക്കാം. (https://nhriuae.com/en)വിവേചന പ്രശ്നങ്ങൾ യു.എ.ഇ യിലെ സഹിഷ്ണുത, സഹവർത്തിത്വ മന്ത്രാലയത്തിലും അറിയിക്കാം. info@tolerance.gov.ae എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
