Sunday, May 5, 2024
Google search engine

ഒരു കെണിക്കഥയുമായി ആശാശരത്തിന്റെ ഖെദ്ദ

spot_img

ഖെദ്ദ’ എന്ന വാക്കിന്റെ അര്‍ഥം കെണി എന്നാണ്. പേരില്‍ തന്നെയുണ്ട് ‘ഖെദ്ദ’ എന്ന സിനിമയുടെ മൊത്തം സ്വഭാവവും. ആസക്തികളുടെ കെണികളെയും അതില്‍ പെടുന്ന ജീവിതങ്ങളെയും കുറിച്ചാണ് ‘ഖെദ്ദ’ പറയുന്നത്. മനോജ് കാന സവിധാനം ചെയ്‍തിരിക്കുന്ന പുതിയ ചിത്രം ‘ഖെദ്ദ’ സാമൂഹ്യ യാഥാര്‍ഥ്യങ്ങളോടാണ് സര്‍ഗാത്‍മകമായി സംവദിക്കുന്നത്.

‘സവിത’ എന്ന അംഗനവാടി ടീച്ചറാണ് ‘ഖെദ്ദ’യുടെ കേന്ദ്ര സ്ഥാനത്ത്.  പതിനേഴുകാരിയായ മകള്‍ ‘ചിഞ്ചു’വിന്റെയും കഥയാണ് ‘ഖെദ്ദ’. കുടുംബത്തിന്റെ അത്താണി സവിത തന്നെയാണ്. അംഗനവാടി ടീച്ചര്‍ ജോലിക്ക് പുറമേ അച്ചാറ് വിറ്റുമാണ് ‘സവിത’ കുടുംബം പോറ്റുന്നത്. ജീവിതത്തില്‍ പരാജയപ്പെട്ട പ്രസാധകനായ ‘രവീന്ദ്രനാ’ണ് ‘സവിത’യുടെ ഭര്‍ത്താവ്. ട്യൂട്ടോറിയല്‍ അധ്യാപകനുമായിരുന്നു ജീവിതത്തിന്റെ ഉത്തരവാദിത്തങ്ങളില്‍ നിന്ന് അകന്നുനില്‍ക്കാൻ ശ്രമിക്കുന്ന ‘രവീന്ദ്രൻ’. പഠിപ്പില്‍ ശ്രദ്ധ കുറയുന്ന മകളുടെ കാര്യത്തില്‍ ആവലാതിപ്പെടുകയാണ് ‘സവിത’. മകള്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന ഫോണ്‍ ‘സവിത’ കണ്ടുപിടിക്കുന്നു. ഭര്‍ത്താവിന്റെ ഒരു തരത്തിലുമുള്ള സഹായങ്ങളൊന്നുമില്ലെങ്കിലും മകളുടെ ഭാവി മാത്രം ഓര്‍ത്ത് ജീവിക്കുന്ന ‘സവിത’യ്‍ക്ക് അത് ആഘാതമാകുന്നു. മകളുടെ രഹസ്യങ്ങളിലേക്ക് ചെല്ലാൻ ‘സവിത’യും സ്‍മാര്‍ട്ട് ഫോണ്‍ സ്വന്തമാക്കുന്നു. അവിടെ ഒരു കെണി രൂപപ്പെടുന്നു. ‘ഖെദ്ദ’ പറയുന്നത് ആ കെണിയുടെ കഥയാണ്.

Manoj Kana film Khedda review

പഴക്കമുള്ള വീട്ടിലെ തട്ടിൻപുറത്തെ എലിയുടെ ശബ്‍ദം കേള്‍പ്പിച്ചാണ് സംവിധായകൻ കെണിയുടെ സൂചനയിലേക്ക് തുടക്കത്തില്‍ പ്രേക്ഷകനെ ക്ഷണിക്കുന്നത്. എലി ഒരു രൂപകമായിട്ടു തന്നെ സിനിമിയിലുടനീളം നിറഞ്ഞുനില്‍ക്കുന്നുണ്ട്. എലിയെ പിടികൂടാൻ കെണി വാങ്ങിക്കൊണ്ടുവരുന്നുണ്ട് ‘രവീന്ദ്രൻ’. കെണിയില്‍ ‘രവീന്ദ്ര’ന്റെ വിരലുകള്‍ തന്നെ പെടുന്നതും സിനിമയെ മൊത്തത്തില്‍ പ്രതിഫലിപ്പിക്കുന്നു.

മനോജ് കാനയുടെ സിനിമകളുടെ സാമൂഹിക ദൗത്യത്തിന്റെ സ്വാഭാവികമായ തുടര്‍ച്ച തന്നെയാണ് ഖെദ്ദയും. സാമൂഹ്യപ്രസക്തിയുള്ള വിഷയം തന്നെ ഇത്തവണയും മനോജ് കാന തെരഞ്ഞെടുത്തിരിക്കുന്നു. ഇന്നത്തെ സാമൂഹ്യ മാധ്യമ കാലഘട്ടത്തില്‍ പ്രാധാന്യമര്‍ഹിക്കുന്ന വിഷയം കരുത്തുറ്റ ഒരു തിരക്കഥയിലാണ് മനോജ് കാന അവതരിപ്പിക്കുന്നത്. വാര്‍ത്തകളില്‍ ആവര്‍ത്തിക്കപ്പെടുന്ന വിഷയമായതിനാല്‍ ഇതിലെന്ത് പുതുമ എന്ന് കഥയുടെ ഒറ്റക്കേള്‍വിയില്‍ തോന്നലുണ്ടാക്കുമെങ്കിലും സൂക്ഷ്‍മതലത്തിലാണ് പ്രേക്ഷകരിലേക്ക് സംവിധായകൻ പ്രമേയം സംവേദനം ചെയ്യുന്നത്. ആശയ വിനിമയ സാങ്കേതികയുടെ പുത്തൻ കാലഘട്ടത്തിലെ  ഒരു മധ്യവര്‍ഗ മലയാളി കുടുംബത്തിന്റെ ജീവിതത്തെ വിശകലനം ചെയ്യുന്നുമുണ്ട് ചിത്രത്തില്‍ മനോജ് കാന. കുടുംബം, പ്രണയം, ആസക്തിയുടെ കെണികള്‍, സാമ്പത്തിക പരാധീനത, മദ്യപാനം, പക,  തുടങ്ങിയ വിവിധ ജീവിത സാഹചര്യങ്ങള്‍  യാഥാര്‍ഥ്യങ്ങളോട് ചേര്‍ന്നുനില്‍ക്കും വിധം ‘ഖെദ്ദ’യില്‍ കടന്നുവരുന്നു. അക്ഷരാര്‍ഥത്തില്‍ നിലവിലെ സാമൂഹ്യ വര്‍ത്തമാന സാഹചര്യത്തില്‍ സംവദിക്കപ്പെടേണ്ട ഒരു സിനിമ തന്നെയാകുന്നു ‘ഖെദ്ദ’.

Manoj Kana film Khedda review

‘സവിത’ എന്ന കേന്ദ്ര കഥാപാത്രമായി ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത് ആശാ ശരത്താണ്. പ്രകടനത്തില്‍ വിസ്‍‍മയിപ്പിക്കുകയാണ് ചിത്രത്തില്‍ ആശാ ശരത്ത്. മകളുടെ അമ്മ, സ്‍നേഹത്തിന്റെ കരുതല്‍ കൊതിക്കുന്ന സാധാരണക്കാരിയായ സ്‍ത്രീ, കുടുംബത്തിന്റെ നെടുംതൂണായ ഗൃഹനാഥ എന്നിങ്ങനെയുള്ള വിവിധ സാഹചര്യങ്ങളില്‍ കൃത്യമായി പെരുമാറുന്നുണ്ട് ആശാ ശരത്ത്. കെണിയിലാണകപ്പെട്ടത് എന്ന തിരിച്ചറിവിലെ ഭാവമാറ്റങ്ങളും ആശാ ശരത്തിലെ അഭിനേത്രിയെ മികച്ച രീതിയില്‍ അടയാളപ്പെടുത്തുന്നു.

ആശാ ശരത്തിന്റെ മകള്‍ ഉത്തരാ ശരത്താണ് ‘ചിഞ്ചു’വെന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. അരങ്ങേറ്റത്തില്‍ തന്നെ തന്റെ പ്രതിഭ അടയാളപ്പെടുത്താൻ ഉത്തരയ്‍ക്കായിട്ടുണ്ട്. അലസനും എലിയെ പേടിയുള്ളവനുമായ ‘രവീന്ദ്ര’ന്റെ ഭാവമാറ്റങ്ങള്‍ സുധീര്‍ കരമനയിലും ഭദ്രമാണ്. ‘അഖില്‍’ എന്ന കഥാപാത്രമായി എത്തുന്ന സുദേവ് നായരുടെ പ്രകടനവും ‘ഖെദ്ദ’യുടെ കഥാസന്ദര്‍ഭങ്ങള്‍ക്കാവശ്യമായ പാകത്തിലുള്ളതാണ്.

Manoj Kana film Khedda review

വാണിജ്യ താര സിനിമകളുടെ ആഖ്യാന രീതികളില്‍ നിന്ന് മാറിനില്‍ക്കുന്ന ഖെദ്ദ’യെ ആസ്വാദ്യകരമായി അവതരിപ്പിക്കുന്നതില്‍  പ്രതാപ് പി നായരുടെ ക്യാമറാനോട്ടത്തിന്റെ പങ്ക് വലുതാണ്. പ്രമേയമര്‍ഹിക്കുന്ന രീതിയല്‍ തന്നെ പ്രതാപ് പി നായര്‍ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നു. പ്രമേയത്തോട് ചേര്‍ന്നുനില്‍ക്കുന്നതും ആകര്‍ഷിക്കുന്നതുമായ സംഗീതമാണ് ചിത്രത്തിനായി ബിജിബാല്‍ ചെയ്‍തിരിക്കുന്നത്. തിയറ്റര്‍ കാഴ്‍ചയിലൂടെ തന്നെ അനുഭവിക്കേണ്ട ചലച്ചിത്രാഖ്യാനമാണ് ‘ഖെദ്ദ’യുടേത് എന്നും എടുത്തുപറയേണ്ടതാണ്.

Latest articles

spot_img

Related articles

Leave a reply

Please enter your comment!
Please enter your name here

RSS
Pinterest
LinkedIn
Share
Instagram
Telegram
WhatsApp