Sunday, May 5, 2024
Google search engine

വീണ്ടും വിജയ് തരംഗം : വാരിസ് ഒരു കംപ്ലീറ്റ് ഫാമിലി പാക്കേജ്

spot_img

കണ്ണു നിറഞ്ഞ് കൈയ്യടിക്കാൻ പറ്റിയ ചിത്രം . പുതിയ വിജയ് ചിത്രമായ വാരിസിനെ ഒറ്റവാക്കിൽ നമുക്ക് ഇങ്ങനെ വിശേഷിപ്പിക്കാം.വിജയ് നായകനായ വംശി പൈഡിപ്പള്ളിയുടെ സംവിധാനത്തിൽ പിറന്ന ‘വാരിസ്’ കുടുംബ പ്രേക്ഷകരെ ലക്ഷ്യമിട്ട് ഇറങ്ങിയ പക്കാ എന്റർടൈൻമെന്റ് പാക്കേജ് ആണ്. ആദ്യ ഷോകൾ കഴിയുമ്പോൾ തന്നെ വിജയ് ആരാധകരെല്ലാം തൃപ്തരാണ്. കുടുംബ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള എല്ലാ ദക്ഷിണേന്ത്യൻ വാണിജ്യ സിനിമകളും പിന്തുടരുന്ന ഒരു ടെംപ്ലേറ്റ് ഈ സിനിമയിലും ഉണ്ട്. അതിൽ ആക്ഷൻ, മാസ്, വൈകാരിക രംഗങ്ങൾ, ഗാനങ്ങൾ മുതലായവ നിറഞ്ഞു നിൽക്കുന്നു.

സ്ഥിരം ക്ലിഷേ കഥയാണ് ചിത്രം പറയുന്നതെങ്കിലും അത് കാഴ്ചക്കാരെ മടുപ്പിക്കാതെ പറഞ്ഞ് തീർക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. ഒരുപാട് സ്നേഹം വാരി വിതറാതെ ഒരു താളത്തിലാണ് ചിത്രത്തിന്റെ സഞ്ചാരം. അടുത്ത നിമിഷം എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് പ്രവചിക്കാൻ കഴിയുമെങ്കിലും സിനിമയുടെ തിരക്കഥ വേറിട്ടതാണ്.

വിജയ് തന്റെ സ്‌ക്രീൻ പ്രെസൻസ് കൊണ്ട് സിനിമയെ പിടിച്ചുനിർത്തുന്നു. എന്നാൽ അദ്ദേഹത്തിന്റെ കഥാപാത്രവും പ്രകടനവും പ്രേക്ഷകർക്ക് യാതൊരു തരത്തിലും പുതുമ നൽകുന്നില്ല, മുൻ ചിത്രങ്ങളിലേത് പോലെ തന്റെ സേഫ് സോണിൽ തന്നെ നിന്നു ചെയ്ത കഥാപാത്രമാണ് ‘വാരിസി’ലെ വിജയ്‍യും.

വിജയ്‌യെ ഏറെ നാളുകൾക്ക് ശേഷം കോമെഡിയും, വൈകാരിക മുഹൂർത്തങ്ങളും ചെയ്യുന്ന ഒരു നടനായി കൂടി കാണാൻ കഴിഞ്ഞു എന്നതാണ്. ആരാധകർക്കു വേണ്ട സ്ഥിരം ശൈലിയിലുള്ള പാട്ടും നൃത്തവും സംഘട്ടനവും പഞ്ച് ഡയലോഗുകളുമെല്ലാം കൃത്യമായി ചേർത്ത തിരക്കഥയിലുള്ള വൈകാരിക നിമിഷങ്ങൾ പ്രേക്ഷകരുമായി ഒരു പരിധി വരെ ബന്ധിപ്പിക്കാൻ സാധിച്ചു എന്നിടത്താണ് വാരിസ് ശരാശരി അനുഭവം സമ്മാനിക്കുന്ന ഒരു ഫാമിലി എന്റെർറ്റൈനെർ ആയി മാറുന്നത്. വിജയ്‌യുടെ മാസ്സ് ഡയലോഗുകളും സംഘട്ടന രംഗങ്ങളും മികച്ച രീതിയിൽ ഒരുക്കിയതും, ദൃശ്യ മികവോടുകൂടി ഗാനരംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നതും തീയേറ്ററുകളിൽ ആവേശം സൃഷ്ടിക്കുന്നതിൽ വലിയ പങ്കുവഹിച്ചിരിക്കുന്നു.

ചിത്രത്തിൽ 4 കോടി പ്രതിഫലം വാങ്ങിയ നായിക രശ്‌മിക മന്ദാന പാട്ടിൽ നൃത്തം ചെയ്യാൻ വരുന്ന ഒരാൾ എന്ന നിലയിൽ മാത്രം ഒതുങ്ങി നിന്നു. അഭിനേത്രി എന്ന നിലയിൽ അവർ പൂർണ്ണ പരാജയമായിരുന്നു ഈ ചിത്രത്തിൽ എന്ന് പറയേണ്ടി വരും. വിജയ് കൂടാതെ കയ്യടി നേടിയത് കുറച്ചു സീനുകളിൽ വന്ന യോഗി ബാബു ആണ്. വിജയ്- യോഗി ബാബു സീനുകൾ രസകരമായിരുന്നു. ശരത് കുമാർ, ജയസുധ എന്നിവരും മികച്ചു നിന്നപ്പോൾ വില്ലൻ വേഷം അവതരിപ്പിച്ച പ്രകാശ് രാജിന്റെ കഥാപാത്രത്തിന് വേണ്ടത്ര ശക്തി ഇല്ലാതിരുന്നത് ഈ ചിത്രത്തിന് തിരിച്ചടിയായി. കുടുംബത്തിന്റെ ബിസിനെസ്സ് സാമ്രാജ്യത്തിൽ നിന്ന് മാറി നിന്നു ജീവിതം ആസ്വദിക്കുന്ന ഇളയ മകൻ തിരികെ വന്ന് എല്ലാം ഏറ്റെടുത്ത്, കുടുംബത്തിലെ പ്രശ്നങ്ങൾ തീർക്കുകയും, ശത്രുക്കളെ അടിച്ചിരുത്തുകയും ചെയ്യുന്ന പ്ലോട്ടിൽ നിന്ന്‌ കൊണ്ട്, വിജയ് എന്ന നടനെ ഏവർക്കും ഇഷ്ട്ടപ്പെടുന്ന അദ്ദേഹത്തിന്റെ വിൻറ്റേജ് സ്റ്റൈലിൽ അവതരിപ്പിക്കാൻ വംശിക്ക് കഴിഞ്ഞതാണ് ഈ ചിത്രത്തെ ശരാശരി ഒരു സിനിമാനുഭവമാക്കി മാറ്റുന്നത്.

എസ് തമൻ ഒരുക്കിയ സംഗീതം മികച്ചു നിന്നതും ചിത്രത്തിന് ഗുണമായി. എന്നാൽ രണ്ടേമുക്കാൽ മണിക്കൂറോളമുള്ള ദൈർഘ്യം, പല സമയത്തും ചിത്രത്തിന്റെ വേഗത കുറഞ്ഞു പോകുന്ന ഫീൽ നൽകുന്നുണ്ട്. ഫാമിലി ഇമോഷൻസ് പല സ്ഥലത്തും മോശമില്ലാതെ വന്നപ്പോൾ, മറ്റു ചില സ്ഥലങ്ങളിൽ കുറച്ചു മെലോഡ്രാമ ആയതും കല്ലുകടിയായി. എന്നിരുന്നാലും ശരാശരി നിലവാരം പുലർത്തുന്ന ഒരു ഫാമിലി എന്റെർറ്റൈനെർ ഫെസ്റ്റിവൽ ചിത്രമെന്ന് വാരിസിനെ നമ്മുക്ക് വിശേഷിപ്പിക്കാം. ഈ ഉത്സവ സീസണിൽ കുടുംബമായി പോയിരുന്നു കണ്ടാൽ നിരാശപ്പെടുത്താത്ത ഒരു ചിത്രമാണ് വാരിസ് എന്ന് പറയാം. അതുപോലെ തന്നെ വിജയ് ആരാധകർക്കും ഈ ചിത്രം സംതൃപ്തി നൽകും.

Latest articles

spot_img

Related articles

Leave a reply

Please enter your comment!
Please enter your name here

RSS
Pinterest
LinkedIn
Share
Instagram
Telegram
WhatsApp