Sunday, April 28, 2024
Google search engine

സോമൻ ബേബി
ബെഹ്‌റിനിൽ ഉദിച്ചുയർന്ന ശുക്രനക്ഷത്രം

spot_img

സോമൻ ബേബി……                      ആധുനിക ബെഹ്റിന്റെ ചരിത്രത്തോടൊപ്പം ചേർന്നു കിടക്കുന്ന നാമമാണിത്. അതുകൊണ്ടുതന്നെ ലോക മലയാളികൾക്കിടയിൽ പ്രത്യേകിച്ച് ബെഹ്റിൻ മലയാളികൾക്കിടയിൽ ഇദ്ദേഹത്തിന് ഒരു ആമുഖത്തിന്റെ ആവശ്യമില്ല. നാല് പതിറ്റാണ്ട് കാലത്തിലേറെയായി ഒരു ബെഹ്റിൻ പത്രപ്രവർത്തകൻ എന്ന നിലയിൽ ഇദ്ദേഹം നടന്ന് നീങ്ങിയത് ബെഹ്റിന്റെ വളർച്ചയുടെയും വികസനത്തിന്റെ ചരിത്രപാതയിലൂടെയാണ്. ഇക്കാലമത്രയും ഇദ്ദേഹം വഴിവിളക്കായത് സാധാരണക്കാർക്ക് മാത്രമല്ല ഇരു രാജ്യങ്ങളിലേയും രാഷ്ട്രതലവന്മാർക്ക് കൂടിയാണ്.

ഇതെക്കെകൊണ്ടു തന്നെ ബെഹ്റിൻ പ്രവാസലോകത്തെ വരുംതലമുറ ഈ പത്ര കുലപതിയുടെ പേര് ബെഹ്റിൻ ചരിത്രത്തിന്റെ തങ്ക താളുകളിൽ സ്വർണ്ണലീപികളാൽ തന്നെ ആലേഖനം ചെയ്യും എന്നത് നിസംശയമാണ്. ബെഹ്റിൻ പ്രവാസലോകത്തിന് ഒരു പുത്തൻ രാജപാത വെട്ടിത്തുറന്നു കൊടുത്ത സോമൻ ബേബിയുടെ സമർപ്പിത ജീവിതത്തിലൂടെ ….

കാർത്തികപ്പള്ളി ..
കിഴക്കിന്റെ വെനീസായ ആലപ്പുഴ ജില്ലയിലെ പ്രശാന്ത സുന്ദരമായ ഗ്രാമം .
കേരള ചിരിത്രവുമായി ബന്ധപ്പെട്ടു കിടക്കുന്ന കാർത്തികപ്പള്ളി        സാധാരണക്കാരായ ആളുകളുടെ നാടാണ്.

ചെറിയ തോതിലുള്ള കൃഷിയും കയർ വ്യവസായവും മത്സ്യബന്ധനവും ഒക്കെയായി ജീവിക്കുന്നവരാണ് കാർത്തികപ്പള്ളിക്കാർ .
ഒരു കാലത്ത് തിരുവിതാംകൂറിൽ വ്യാപകമായിരുന്ന ബുദ്ധമതത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നായിരുന്നു കാർത്തികപ്പള്ളി. ആലപ്പുഴ ജില്ലയിൽ ബുദ്ധമതത്തിന് കാര്യമായ വേരോട്ടം നടന്നിരുന്നത് ഇവിടെയായിരുന്നു.

സോമൻ ബേബിയുടെ മാതാപിതാക്കൾ
സോമൻ ബേബിയുടെ ഭാര്യയുടെ മാതാപിതക്കൾ

കനാലുകളും ചെറിയ ചെറിയ തോടുകളുമാണ് കാർത്തികപ്പള്ളിയുടെ മറ്റൊരു പ്രത്യേകത. ഇതിനെക്കാൾ ഉപരിയായി 1200 വർഷത്തിലധികം            പഴക്കംചെന്ന കാർത്തികപ്പള്ളി ഓർത്തഡോക്സ് ദേവാലയവും, കാർത്തികപ്പള്ളിയിലെ മഹാദേവികാട് എന്ന സ്ഥലത്തെ വലിയകുളങ്ങര ദേവീ ക്ഷേത്രവും
കാർത്തികപ്പള്ളിയുടെ പെരുമ വിളിച്ചോതുന്നു. ഇത്തരത്തിൽ പൗരാണികതയും , ചരിത്രവും കെട്ടുപിണഞ്ഞു കിടക്കുന്ന കാർത്തികപ്പളളി താലൂക്കിലെ പുരാതന ക്രിസ്ത്യൻ കുടുംബമായ പുഷ്പവിലാസം ബ്ലംഗ്ലാവിൽ ബിസിനസുകാരനായ എസ്. ബേബിയുടെയും അച്ചാമ ബേബിയുടെയും രണ്ടാമത്തെ പുത്രനായിട്ടായിരുന്നു സോമൻ ബേബിയുടെ ജനനം.

നാട്ടിൽ നിന്നു സ്കൂൾ പഠനവും പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ നിന്ന് ഡിഗ്രിയും, തൃശ്ശൂർ സെന്റ് തോമസ് കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ എം. എ. ബിരുദം പൂർത്തിയാക്കി. തുടർന്ന് മലയാള മനോരമയിൽ അഞ്ചുവർഷത്തെ പത്രപ്രവർത്തനത്തിൽ നിന്നും നേടിയ അനുഭവ സമ്പത്തുമായാണ് 1978 ഏപ്രിൽ മാസത്തിൽ സോമൻ ബേബി ബെഹ്‌റിനിലെത്തുന്നത്.

ബെഹ്‌റിനിലെ ആദ്യ ഇംഗ്ലീഷ് ദിനപത്രമായ ഗൾഫ് ഡെയിലി ന്യൂസിൽ സബ്-എഡിറ്ററായി ചേരുമ്പോൾ ആ പത്രം തുടങ്ങിയിട്ട് കേവലം ഒരു മാസം. സുദീർഘമായ മൂന്നു പതിറ്റാണ്ടിന്റെ പത്രപ്രവർത്തക ജീവിതമായിരുന്നു ഗൾഫ് ഡെയിലിയിലേത്. ബെഹ്‌റിൻ ടെലഗ്രാഫ് എന്ന ഇന്റർനാഷണൽ മാഗസിന്റെ ചീഫ് എഡിറ്ററായിട്ടായിരുന്നു അടുത്ത ചുവടുവെപ്പ്.

സത്യത്തിനു നേരെ മുഖം തിരിക്കാതെയുള്ള സോമൻ ബേബിയുടെ പത്രപ്രവർത്തക ജീവിതം ബഹ്‌റിനിലെ നിരവധി സാമൂഹിക പ്രശ്നങ്ങളുടെ ഉള്ളറകളിലേക്ക് ഇറങ്ങിച്ചെന്നു.  വർഷങ്ങൾക്കുമുമ്പ് തന്നെ, ഇന്ത്യൻ പ്രവാസി ജീവനക്കാരുടെ പ്രശ്നങ്ങൾ അന്വേഷണാത്മക ഫീച്ചറുകളിലൂടെ ഗവണ്മെന്റിനു മുമ്പിൽ എത്തിച്ചതു പോലുള്ള സാമൂഹിക ഇടപെടലുകൾ അദ്ദേഹം നടത്തിയിരുന്നു.

2007-ൽ തൊഴിൽ മേഖല നിയന്ത്രണവിഭാഗം പ്രവർത്തനക്ഷമമായപ്പോൾ അത്‌ ഇന്ത്യൻ തൊഴിലാളികളെ എങ്ങനെ ബാധിക്കും എന്നതിന്റെ റിപ്പോർട്ട്‌ തയ്യാറാക്കാൻ ബെഹ്‌റിൻ ഗവണ്മെന്റ് നേരിട്ടേൽപ്പിച്ചത് സോമൻ ബേബിയെയായിരുന്നു. പിന്നീട് റിപ്പോർട്ട്‌ തയ്യാറായപ്പോൾ ഇതിലെ നിർദ്ദേശങ്ങളും, അഭ്യർത്ഥനകളും അംഗീകരിക്കപ്പെട്ടു.

തിളക്കമാർന്ന
പത്രപ്രവർത്തക ജീവിതം

സുദീർഘമായ പത്രപ്രവർത്തനത്തിന്റെ ഭാഗമായി അദ്ദേഹം നിരവധി ഉച്ചകോടികളിലും, അന്താരാഷ്ട്ര കോൺഫറൻ
സുകളിലും പങ്കെടുത്തിട്ടുണ്ട്.
കോർപ്പറേറ്റ് മേഖലയിലെയും, ബാങ്കിംഗ് രംഗത്തെയും കോൺഫറൻസുകൾക്കായി ബെഹ്റിനിൽ എത്തിയ നിരവധി രാഷ്ട്രതലവന്മാരുമായി കൂടികാഴ്ച നടത്തിയ അവിസ്മരണീയ മുഹൂർത്തങ്ങളും ഇദ്ദേഹത്തിനു സ്വന്തം .

അദ്ദേഹത്തിന്റെ ഓർമകളിലേറ്റവും തിളങ്ങുന്ന ഇന്റർവ്യൂ 1981 ഡെൽഹി സൗത്ത് ബ്ലോക്കിൽ വെച്ച് ഇന്ദിരഗാന്ധിയുമായി നടത്തിയ ഇന്റർവ്യൂ ആണ്. അന്നത്തെ ബെഹ്‌റിൻ രാജാവായിരുന്ന അമീർ ഷെയ്ഖ് ഇസാബിൻ സൽമാൻ അൽ ഖലീഫ ആദ്യമായി ഇന്ത്യയിലേക്ക് വന്നപ്പോൾ ഔദ്യോഗിക സംഘത്തിൽ സോമൻബേബിയും ഉണ്ടായിരുന്നു.ഈ സന്ദർശനത്തിനിടയ്ക്ക് രാജാവുമായി കൂടുതൽ വ്യക്തിബന്ധം പുലർത്താൻ കഴിഞ്ഞ ഇദ്ദേഹം 1999ൽ അമീർ ഷെയ്ഖിന്റെ മരണം വരെ ഈ സൗഹൃദം നിലനിർത്തുകയും ചെയ്തു.

സോമൻ ബേബി ഇന്റർവ്യൂ ചെയ്തവരിൽ മറ്റു പ്രമുഖർ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റായിരുന്ന നെൽസൺമണ്ടേല, മുൻ ഇന്ത്യൻ രാഷ്ട്രപതി എ. പി. ജെ. അബ്ദുൾ കലാം, മുൻ ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻസിംഗ്, ഇന്ത്യൻ നാഷണൽകോൺഗ്രസ്‌ പ്രസിഡന്റ്‌ സോണിയാഗാന്ധി, യു,സ്.സ്റ്റേറ്റ് സെക്രട്ടറി ഹിലാരി ക്ലിന്റൻ, മുൻ മലേഷ്യൻ പ്രധാനമന്ത്രി മഹതിർ മുഹമ്മദ്‌, മുൻ യു. എൻ. ജനറൽ സെക്രട്ടറി കോഫി അന്നൻ, ഇപ്പോഴുള്ള യു. എൻ. സെക്രട്ടറി ജനറൽ ബാൻകിമൂൺ, മുൻ യു. എൻ. സെക്രട്ടറി ജനറൽ ജാമിയോ പെരസ് ഡേ സ്യുലർ, മുൻ ഇന്ത്യൻ പ്രതിപക്ഷനേതാവ് എൽ. കെ. അധ്വാനി, അന്തരിച്ച മുൻ പ്രധാനമന്ത്രി പി. വി. നരസിംഹറാവു, ബ്രിട്ടനിലെ എഡ്വർഡ് രാജകുമാരൻ, നോബൽ പ്രൈസ് ജേതാവ് പ്രൊഫ. മുഹമ്മദ്‌ യൂനസ് എന്നിങ്ങനെ ഒരു നീണ്ട നിരയാണ്. ബെഹ്‌റിൻ സന്ദർശിച്ച ഒട്ടനവധി രാഷ്ട്രതലവന്മാരേയും, ജി. സി. സി. നേതാക്കളേയും അദ്ദേഹം ഇന്റർവ്യൂ ചെയ്തിട്ടുണ്ട്.

സാമൂഹിക പ്രതിബദ്ധത

ബെഹ്റിൻ എന്ന രാജ്യം വികസനത്തിന്റെ ഉച്ചസ്ഥയിലെത്തിയപ്പോൾ പ്രവാസി ഇന്ത്യൻ സമൂഹവും വളരെ ഏറെ പുരോഗമിച്ചു. പ്രവാസി ഇന്ത്യക്കാരുടെ വേറിട്ട ശബ്ദമായി സോമൻ ബേബി ഉയർന്നുവന്നു. ഹമദ് ബിൻ ഈസ അൽ ഖലീഫ രാജാവ്, പ്രാദാനമന്ത്രി പ്രിൻസ് ഖലീഫാ ബിൻ സൽമാൻ അൽ ഖലീഫ, കിരീടാവകാശിയായ പ്രിൻസ് സൽമാൻ ബിൻ ഹമദ്‌ അൽ ഖലീഫ തുടങ്ങിയവരുമായുള്ള അദേഹത്തിന്റെ അടുത്ത ബന്ധം ഇന്ത്യൻ പ്രവാസി സമൂഹത്തിന് വളരെ ഏറെ ഗുണകരമായി മാറി.

ആഗോള മലയാളികളുടെ സംഘടനയായ വേൾഡ് മലയാളി കൗൻസിൽ ചെയർമാനായി 2008 ആഗസ്റ്റിൽ സിംഗപ്പൂരിൽ വെച്ച് തിരഞ്ഞെടുക്കപ്പെട്ടു. മികച്ച പ്രകടനം കാഴ്ച വെച്ചതിനെതുടർന്ന് 2010ആഗസ്റ്റിൽ ദോഹയിൽ വെച്ച് നടന്ന തെരഞ്ഞെടുപ്പിൽ വീണ്ടും ചെയർമാനായി തെരഞ്ഞെടുക്കപെടുകയുണ്ടായി. ഇദ്ദേഹം ചെയർമാനായിരുന്നപ്പോൾ രൂപം കൊണ്ട ALTIUS ഇന്ന് കേരത്തിലെ ഒട്ടുമിക്ക കോളേജുകളിലും നൂറുകണക്കിന് വിദ്യാർഥികൾക്ക് നേതൃത്വപരിശീലനം നൽകി വരുന്നുണ്ട്.

അംഗീകാരങ്ങൾ ….
പുരസ്കാരങ്ങൾ .

ഡോ.സോമൻ ബേബിയുടെ സുദീർഘമായ സേവന പ്രവർത്തനങ്ങളെ മാനിച്ച് രാജ്യത്തിന് അകത്തും പുറത്തും നിന്നുമായി നിരവധി പുരസ്കാരങ്ങൾ ഇദ്ദേഹത്തെ തേടിയെത്തിട്ടുണ്ട്.
അതിൽ തന്നെ എടുത്തു പറയേണ്ടത് വിദേശ ഇന്ത്യക്കാർക്കായി ഇന്ത്യാ ഗവൺമെന്റ് ഏർപ്പെടുത്തിയ പരമോന്നത ബഹുമതിയായ പ്രവാസി ഭാരതീയ സമ്മാനാണ്.. 2009 ജനുവരി 9 ന് ചെന്നൈയിൽ നടന്ന പ്രവാസി ഭാരതീയ ദിവസിൽ രാഷ്ട്രപതി പ്രതിഭാ പാട്ടീലിൽ ആണ് അദ്ദേഹത്തെ അവാർഡ് നൽകി ആദരിച്ചത്.


ബഹ്‌റൈൻ പ്രധാനമന്ത്രി എച്ച്ആർഎച്ച് പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയിൽ നിന്ന് മീഡിയ പയനിയർ അവാർഡ്. 2014 മെയ് 7 ന് ലോക മാധ്യമ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ബെഹ്‌റൈൻ ജേണലിസ്റ്റ്സ് അസോസിയേഷൻ റിറ്റ്‌സ് കാൾട്ടൺ ഹോട്ടലിൽ സംഘടിപ്പിച്ച ആഘോഷത്തിലാണ് അവാർഡ് സമ്മാനിച്ചത്.


കമ്മ്യൂണിറ്റി ലീഡർഷിപ്പ് അവാർഡ് ഇന്ത്യയുടെ മുൻ രാഷ്ട്രപതി ഡോ. എപിജെ അബ്ദുൾ കലാമിൽ നിന്നാണ് ലഭിച്ചത്.
2011 നവംബറിൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ രക്ഷാകർതൃത്വത്തിൽ നടന്ന ചടങ്ങിൽ അഹമ്മദാബാദിൽ വെച്ച് വിഷൻ ഫൗണ്ടേഷന്റെ എൻആർഐ വിഷനറി അവാർഡ് സമ്മാനിച്ചു.


2014 സെപ്റ്റംബറിൽ ദുബായിലെ വേൾഡ് സിഎസ്ആർ ഡേ ഫൗണ്ടേഷനും സ്റ്റാർസ് ഓഫ് ഇൻഡസ്ട്രീസ് ഗ്രൂപ്പും നൽകുന്ന ഏഷ്യൻ ലീഡർഷിപ്പ് (ഗ്ലോബൽ ഇന്ത്യൻ) അവാർഡ്,
പ്രവാസി മലയാളി ഫെഡറേഷന്റെ പ്രവാസി മാധ്യമ പുരസ്കാരം,
ഷാർജയിൽ നടന്ന കാതോലിക്കേറ്റ് ശതാബ്ദി ആഘോഷത്തിൽ ഇന്ത്യൻ ഓർത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയസ് മാർത്തോമ്മാ പൗലോസ് 11 ഗ്രിഗോറിയൻ ബഹുമതി.


ബെഹ്‌റൈൻ മാർത്തോമ്മാ ഇടവകയുടെ സുവർണ ജൂബിലി ആഘോഷിക്കുന്ന മാർത്തോമ്മാ ചർച്ച് ഓഫ് ഇന്ത്യയുടെ പരമോന്നത തലവനും അഭി.ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്തയുടെ മാനവ സേവാ അവാർഡ്.
അറബ് ഏഷ്യൻ ബിസിനസ് സെന്റർ ക്രൗൺ പ്ലാസയിൽ സംഘടിപ്പിച്ച ചടങ്ങിൽ ബെഹ്‌റൈൻ ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുല്ല അൽ ഖലീഫയിൽ നിന്ന് മീഡിയ ലീഡർഷിപ്പ് അവാർഡ്.
കുട്ടികളുടെ പ്രശ്‌നങ്ങൾ മാധ്യമങ്ങളിലൂടെ ഉയർത്തിക്കാട്ടുന്നതിന് യുനിസെഫ് അവാർഡ്.


പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം പ്രചരിപ്പിച്ചതിന് യുണൈറ്റഡ് നേഷൻസ് എൻവയോൺമെന്റ് പ്രോഗ്രാം (UNEP) അവാർഡ്. ഇതെല്ലാം തന്നെ ഡോ. സോമൻ ബേബിയെ തേടിയെത്തിയ പുരസ്കാരങ്ങളിൽ ചിലതുമാത്രമാണ്. ഒരു പത്ര പ്രവർത്തകൻ എന്നതിന് ഉപരിയായി നിരവധി മേഖലകളിൽ ഇദ്ദേഹത്തിന്റെ കയ്യൊപ്പ് പതിഞ്ഞു കിടപ്പുണ്ട്.

കേരള സർക്കാർ നിയമിച്ച ലോക കേരള സഭ (കേരളീയരുടെ ലോക പാർലമെന്റ്) അംഗം,ബഹ്‌റൈൻ ഇന്ത്യ എജ്യുക്കേഷൻ ഫോറത്തിന്റെ മുഖ്യ രക്ഷാധികാരി,
ആഗോള രക്ഷാധികാരി, മൈൻഡ് ട്യൂൺ ഇക്കോവേവ്സ്
കേരളത്തിലെ വൃക്കരോഗികളെയും ബുദ്ധിമാന്ദ്യമുള്ള കുട്ടികളെയും പരിചരിക്കുന്ന ചാരിറ്റി സംഘടനയായ തണലിന്റെ ബഹ്‌റൈൻ രക്ഷാധികാരി.


പ്രസിഡന്റ് – വൈഎംസിഎ ബഹ്‌റൈൻ
മുൻ ചെയർമാൻ – കോർഡിനേഷൻ കമ്മിറ്റി ഓഫ് ഇന്ത്യൻ അസോസിയേഷൻസ് (CCIA), ബഹ്‌റൈനിലെ 100-ലധികം ഇന്ത്യൻ സംഘടനകളുടെ അപെക്‌സ് ബോഡി. ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ സുവർണ്ണ ജൂബിലി വേളയിൽ ചെയർമാൻ സ്ഥാനം നൽകി.രക്ഷാധികാരി – സിംഫണി മ്യൂസിക് ക്ലബ്  ആജീവനാന്ത അംഗം-           ബഹ്‌റൈൻ കേരളീയ സമാജം
ഓണററി അംഗം – ബഹ്‌റൈനിലെ ഏറ്റവും വലിയ പ്രവാസി ക്ലബ്ബായ ഇന്ത്യൻ ക്ലബ്ബിന്റെ
മുൻ പ്രസിഡന്റ് . ഇതെല്ലാം തന്നെ ഇദ്ദേഹം വഹിക്കുന്ന സ്ഥാനമാനങ്ങളിൽ ചിലതു മാത്രമാണ്.

സോമൻ ബേബിയുടെ സ്വരാജ്യത്തും, വിദേശത്തുമായി ചെയ്ത് സേവന പ്രവർത്തനങ്ങളെ മാനിച്ച് രാജസ്ഥാനിലെ കോട്ടയിലുള്ള ഇമ്മാനുവൽ ബൈബിൾ കോളേജ് സോമന് ഓണററി ഡോക്ടറേറ്റ് (ഡോക്ടർ ഇൻ ഡിവിനിറ്റി) നൽകി ആദരിക്കുകയുണ്ടായി.

സ്നേഹനിധിയായ  കുടുംബനാഥൻ

സന്തോഷകരമായ കുടുംബജീവിതമാണ് തന്റെ എല്ലാ വിജയങ്ങൾക്കും ഊർജ്ജം പകരുന്നതെന്ന് പറയുന്ന സോമൻ ബേബി എല്ലാ തിരക്കുകൾക്കുമിടയിലും കുടുംബത്തെ ഹൃദയത്തോട് ചേർത്ത് നിർത്തുന്നു. ഭാര്യ ഷേർലി ഓയിൽ ഇൻഡസ്ട്രീസിലെ ഇരുപത് വർഷത്തെ സേവനത്തിൽ നിന്നും വിരമിച്ച ശേഷം ഗൃഹസ്ഥയാണ് ഇപ്പോൾ. സോമൻ ഷേർലി ദമ്പതിമാർക്ക് രണ്ട് മക്കൾ നിഷയും, സുഷയും. അമേരിക്കയിൽ കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തബിരുദം നേടിയ നിഷ ഇപ്പോൾ ബഹ്‌റിനിലെ ബാങ്കിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഉദ്യോഗസ്ഥയാണ്. ഭർത്താവ് എബ്രഹാം മാത്യു, അൽ ഹിലാൽ ഗ്രൂപ്പിന്റെ ഐ. ടി. കൺസൽട്ടന്റാണ്.

ലണ്ടനിൽ നിന്നും ബ്രോഡ്കാസ്റ്റിംഗിൽ ബിരുദാനന്തബിരുദംനേടിയ സുഷ മുമ്പ് സി. എൻ.എൻ. ഐ. ബി. എൻ ന്റെ ഡൽഹി ബ്യുറോയിൽ ആയിരുന്നു. ഇപ്പോൾ ദോഹയിൽ ഖത്തർ ഫൗണ്ടേഷന്റെ ഒരു പബ്ലിക്കേഷൻ എഡിറ്ററായി ജോലി നോക്കുന്നു. ഇവരുടെ ഭർത്താവ് സോളമൻ കുര്യാക്കോസ്  ഖത്തർ എയർഫോഴ്‌സിൽ റിക്രൂട്മെന്റ് ഓഫീസറാണ്.

മധുരസ്മരണകൾ

തന്റെ ജീവിതത്തിൽ അദ്ദേഹം അഭിമാനപൂർവ്വം സ്മരിക്കുന്ന ചില സന്ദർഭങ്ങളുണ്ട്. ചിക്കാഗോ യൂണിവേഴ്സിറ്റി പരേഡിൽ ബഹ്‌റിനിൽ പതാകയെന്തിയ മകൾ നിഷയെ ഹമദ്ബിൻ ഈസ അൽ ഖലീഫ രാജാവ് നേരിട്ട് കൊട്ടാരത്തിൽ വിളിച്ച് അഭിനന്ദിച്ചതാണ് അതിലൊന്ന്.

രാജകുടുംബവുമായുള്ള അടുത്ത ബന്ധം മറ്റൊരു പ്രവാസിക്കും കിട്ടാത്ത ഭാഗമായി കണ്ട സോമൻ ബേബി ഇന്ത്യ-ബഹ്‌റിൻ ബന്ധങ്ങൾക്കും കൂട്ടായ സംരംഭങ്ങൾക്കും തന്നാലാവും വിധം പിന്തുണ നൽകിയിരുന്നു.

പത്രപ്രവർത്തക ജീവിതം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും കൂടിയുള്ള വേദിയാണെന്ന് വിശ്വസിച്ച സോമൻ ബേബി ഭരണകൂടങ്ങൾക്ക് മാത്രമല്ല, ലോകമലയാളികൾക്ക് മുഴുവൻ ആദരണീയനും പ്രിയങ്കരനുമാണ്. സംഭവ ബഹുലമായ മൂന്ന് പതിറ്റാണ്ടിന്റെ പത്രപ്രവർത്തനത്തിന്റെയും സാമൂഹിക പ്രവർത്തനത്തിന്റെയും അനുഭവങ്ങൾ, കൂട്ടിയിണക്കി അദ്ദേഹം എഴുതിയ പുസ്തകമാണ് ‘ *ശുക്രാൻ ബഹ്‌റിൻ* – സിൽവാൻ ജൂബിലി ഇൻ എ ഗോൾഡൻ കിങ്ഡം ‘.

അദ്ദേഹത്തിന്റെ ബെഹ്‌റൈനിലെ ജീവിതം, സമൂഹത്തിലെ പങ്കാളിത്തം, ഭരണകുടുംബവുമായുള്ള അദ്ദേഹത്തിന്റെ അടുത്ത ബന്ധം, ഇന്തോ-ബഹ്‌റൈൻ സൗഹൃദം ശക്തിപ്പെടുത്താനുള്ള അദ്ദേഹത്തിന്റെ എളിയ ശ്രമങ്ങൾ, ബെഹ്‌റൈനിലെ തന്റെ ആദ്യ 25 വർഷങ്ങളിൽ നിരവധി ലോക നേതാക്കളുമായുള്ള കൂടിക്കാഴ്ചകൾ എന്നിവ പുസ്തകം എടുത്തുകാണിക്കുന്നു.


ഇദ്ദേഹത്തിന്റെ സേവന പ്രവർത്തനങ്ങളക്കുറിച്ച് നിരവധി കഥകൾ മാലോകർക്ക് പറയാനുണ്ട്   അതിലൊന്നിങ്ങനെ,1997-ൽ ഒരു തീപിടുത്തതെ തുടർന്ന് മാതാപിതാക്കളും ഏക സഹോദരനും മരിച്ച് അനാഥത്വത്തിലേക്ക് വീണ സജിത, സനിത എന്നീ പിഞ്ചു കുഞ്ഞുങ്ങളുടെ അവസ്ഥ മനസ്സിലാക്കിയ സോമൻ ബേബി, പത്രങ്ങളിലൂടെ നടത്തിയ അഭ്യർത്ഥനപ്രകാരം 35 ലക്ഷത്തോളം രൂപ സമാഹരിച്ച് ആ പെൺകുട്ടികളുടെ ജീവിതത്തിന് മുതൽക്കൂട്ടായി.ഇന്നവർ മുത്തശ്ശനും, മുത്തശ്ശിക്കുമൊപ്പം കേരളത്തിൽ സുഖമായി ജീവിക്കുന്നു.

ജീവിതം അനുഭവവും, അനുഭവങ്ങൾ ജീവിതവുമായി മാറിയ നിരവധി നന്മ നിറഞ്ഞ കഥകളിലൂടെയും കാരുണ്യം നിറഞ്ഞ സാമൂഹിക പ്രവർത്തനങ്ങളിലൂടെയുമാണ് സോമൻ ബേബി എന്ന പത്രപ്രവർത്തകൻ പ്രവാസി മലയാളികളുടെ പ്രിയങ്കരനാകുന്നത്.

Latest articles

spot_img

Related articles

Leave a reply

Please enter your comment!
Please enter your name here

RSS
Pinterest
LinkedIn
Share
Instagram
Telegram
WhatsApp