Sunday, April 28, 2024
Google search engine

ഡോ. ഗൾഫാർമുഹമ്മദാലി – പ്രവാസലോകത്തെ കേരളത്തിന്റെ കൊടിയടയാളം

spot_img

ഡോ.ഗൾഫാർ മുഹമ്മദാലി                       എന്നത്  മലയാളിക്ക് വെറും ഒരു പേരു മാത്രമല്ല, അതിനുമപ്പുറം പ്രതീക്ഷയും, പ്രത്യാശയും, വഴിവിളക്കുമാണ്.
ദുരിതക്കയങ്ങളിലൂടെ യാത്ര ചെയ്ത് പ്രവാസികൾക്കായി ഒരു പുത്തൻ രാജപാത വെട്ടിത്തുറന്നു കൊടുത്ത സംരംഭകൻ എന്ന നിലയിൽ ഇദ്ദേഹത്തിന്റെ നാമം മലയാളിയുടെ പ്രവാസ ചരിത്രത്തിന്റെ തങ്കതാളുകളിൽ സ്വർണ്ണലിപികളിലാണ് ആലേഖനം ചെയ്യപ്പെട്ടിട്ടുള്ളത്.

അറബ് രാഷ്ട്രതലവൻമാർ പോലും ഇന്ത്യയുടെ അനൗദ്യോഗിക അംബാസിഡർ എന്നു വിശേഷിപ്പിക്കുന്ന ഈ അപൂർവ്വ വ്യക്തിത്വത്തിന് നിരവധി വിശേഷണങ്ങളാണ്  ലോകം  ചാർത്തി  ക്കൊടുത്തിട്ടുള്ളത്.
കാപട്യലേശമില്ലാത്ത സേവനത്തിന്റെ പ്രതീകം
ലക്ഷക്കണക്കിനാളുകളുടെ രക്ഷാസ്ഥാനിയൻ...
കഠിനാദ്ധ്വാനത്തിന്റെ ആൾരൂപം..
ലക്ഷ്യവേദിയായ നേട്ടങ്ങളിലേക്ക് ഒരസ്ത്രം പോലെ തൊടുത്തുവിട്ട ജീവിത വിജയത്തിന്റെ ഉടമ…
കേരളത്തിലെ പ്രവാസി നിക്ഷേപത്തിന്റെ ആദ്യ മാതൃകാ പുരുഷൻ…                                       ആധുനിക ഒമാന് പുതിയ മുഖം നൽകിയവരിൽ പ്രമുഖൻ.      എന്നിങ്ങനെ നീളുന്നു ഗൾഫാർ മുഹമ്മദാലിയുടെ വിശേഷണങ്ങൾ.

ലോകപ്രസിദ്ധ ഇന്ത്യൻ ബുദ്ധി ജീവിയും എഴുത്തുകാരനുമായ ഖുഷ്വന്ത് സിംഗ്, പ്രവാസി മലയാളികളിലെ ചാമ്പ്യൻ
എന്നാണ്, ഡോ. ഗൾഫാർ മുഹമ്മദാലിയെ
വിശേഷിപ്പിച്ചിട്ടുള്ളത്.
വിദേശ രാജ്യങ്ങളിലെ വിവിധ ഭരണകൂടങ്ങളുടെയും ഇന്ത്യാ ഗവൺമെന്റിന്റേയും വിവിധ ഏജൻസികളിൽ നിരവധി പദവികൾ അലങ്കരിക്കുന്ന ഡോ.ഗൾഫാർ മുഹമ്മദാലിയുടെ ജീവിതഭൂമികയിലേക്ക്….

തളിക്കുളം… കേരളത്തിന്റെ സാംസ്കാരിക നഗരിയായ തൃശൂർ പട്ടണത്തിൽ നിന്നും 22 കിലോമീറ്റർ പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന പ്രശാന്ത സുന്ദരമായ ഒരു തീരദേശ ഗ്രാമം .
പ്രശസ്ത കവി കെ. എസ്. കെ. തളിക്കുളത്തിന്റെ ജന്മദേശമായ തളിക്കുളം ഭാരതത്തിലെ രണ്ടാമത്തെ സമ്പൂർണ്ണ കംപ്യൂട്ടർവത്കൃത ഗ്രാമമാണ്.
ഇവിടത്തെ പ്രശസ്ത മുസ്ലിം തറവാടായ ചന്ദനപ്പറമ്പ് വീട്ടിൽ സെയ്ദ് മുഹമ്മദിന്റെയും,
കുഞ്ഞ് ബിവാത്തുവിന്റെയും പുത്രനായിട്ടായിരുന്നു ഡോ.ഗൾഫാർ
മുഹമ്മദാലിയുടെ ജനനം.

ഡോ. ഗൾഫാർ മുഹമ്മദാലിയുടെ മാതാപിതാക്കൾ

തളിക്കുളം ഗവ.സ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ഇദ്ദേഹം ശ്രീരാമ പോളിടെക്കിനിക്കിൽ നിന്നുമാണ് എഞ്ചിനീയറിങിൽ ഡിപ്ലോമ നേടിയത്. തുടർന്ന് കേന്ദ്ര ഗവൺമെന്റ് ഉദ്യോഗസ്ഥനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു.
ഇന്ത്യയുടെ വടക്കുകിഴക്കു ഭാഗത്തുള്ള മിസോറാമിൽ ഓവർസിയറായിട്ടായിരുന്നു ആദ്യ പോസ്റ്റിങ്. മിസോകുന്നുകളിൽ സൈന്യത്തിനു വേണ്ടി റോഡു നിർമ്മിക്കുക എന്ന ദൗത്യമാണ് ആദ്യം എറ്റെടുത്തത്.

ഡോ ഗൾഫാർ മുഹമ്മദാലി പഠിച്ച സ്കൂൾ

ദൗത്യം വിജയകരമായി പൂർത്തികരിച്ചെങ്കിലും നിർമ്മാണ പ്രവർത്തനങ്ങൾക്കിടയിൽ ഉണ്ടായ ഒരു വൻ ദുരന്തം മുന്നു പേരുടെ മരണത്തിന് കരണമായി. ഇതു മുഹമ്മദാലിയിൽ വലിയ മാനസിക ആഘാതം സൃഷ്ടിച്ചു. എങ്കിലും മിസോകുന്നുകളാണ് തന്നിലെ പോരാളിയെ കണ്ടെത്താൻ സഹായിച്ചതെന്നും അവിടെ നിന്നു നേടിയ ആർജ്ജവവും മനക്കരുത്തുമാണ് പിന്നിടങ്ങോട്ട് തനിക്ക് വഴികാട്ടിയായതെന്നും അദ്ദേഹം ഇന്ന് ഓർമ്മിക്കുന്നു.
ജോലി രാജിവച്ച് നാട്ടിലേക്ക് മടങ്ങിയെങ്കിലും നാട്ടിൽ തിരിച്ചെത്തിയതോടെ ഇനിയെന്തെന്ന ചിന്ത മുഹമ്മദാലിയെ അലട്ടിക്കൊണ്ടിരുന്നു.

അത്യാവശ്യം നല്ല നിലയിൽ തന്നെ ജീവിക്കുവാനുള്ള ചുറ്റുപാടുകൾ കുടുംബത്തിൽ ഉണ്ടായിരുന്നെങ്കിലും പിതാവിന്റെ ബിസിനസിൽ പങ്ക് പറ്റി ജീവിക്കുവാൻ അദ്ദേഹം തയ്യാറായിരുന്നില്ല. സ്വന്തം നിലയിൽ എന്തെങ്കിലും ചെയ്യണമെന്നായിരുന്നു മുഹമ്മദാലിയുടെ ആഗ്രഹം. അങ്ങനെ ചെറിയ മനസ്സിൽ വലിയ ചിന്തകൾ താലോലിച്ചു നടന്ന മുഹമ്മദാലി ഒടുവിൽ തന്റെ തട്ടകം മരുഭുമിയാണെന്ന് സ്വയം തിരിച്ചറിയുകയും അങ്ങോട്ട് എത്തിപെടുവാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു.
1970-ലെ ഒരു ഡിസംബർ മാസത്തിൽ 4500 രൂപക്കു സംഘടിപ്പിച്ച വിസയിൽ
“സിർദാന ” എന്ന കപ്പലിൽ മുംബൈയിൽ നിന്ന് അദ്ദേഹം അറബി നാട്ടിലേക്ക് യാത്രയായി…
മരുഭൂമിയിലെ മരുപ്പച്ച:-

മരുഭുമിയിൽ മരുപ്പച്ചകൾ സർവ്വസാധരണമല്ല. എന്നാൽ ചില മരങ്ങൾ എല്ലാ പ്രതികൂല സാഹചര്യങ്ങളെയും അതിജീവിച്ച് വളർന്ന് വലുതായി… പടർന്നു പന്തലിച്ച് ഒത്തിരി പേർക്ക് അഭയവും ആശ്രയവും ആയി തീരാറുണ്ട്. ഇത്തരത്തിൽ മരുഭൂമിയിൽ വളർന്നു വന്ന ഒരു വൻ വൃക്ഷമാണ് ഡോ.ഗൾഫാർ മുഹമ്മദാലി എന്ന നന്മയുടെ ഈ പൂമരം. ആ കഥയുടെ തുടക്കം ദുബായി പോർട്ടിൽ നിന്നാണ്.

നിർമ്മാണം പൂർത്തിയായ ദുബായിപോർട്ടിൽ ആദ്യമടുത്ത കപ്പൽ മുഹമ്മദാലി എത്തിയ സിർദന ആയിരുന്നു.
അതുകൊണ്ടു തന്നെ നാളതുവരെ ഒരു പ്രവാസിക്കും ലഭിക്കാത്ത വരവേൽപ്പാണ് മുഹമ്മദാലിക്ക് മണലാരണ്യം നൽകിയത്.
അവിടെ മുഹമ്മദാലിക്ക് വിസ ശരിയാക്കിക്കൊടുത്ത അബുബക്കർ ഇക്കാ എന്നയാളുടെ ഫ്ലാറ്റിലായിരുന്നു താമസം. തന്‍റെ നാട്ടുകാരന്‍ മുഖാന്തരം പരിചയപ്പെട്ട കാസർഗോഡുകാരനായ അബ്ദുൾ റഹിമാൻ എന്നയാളിന്റെ സഹായത്താൽ അടുത്ത ദിവസം തന്നെ അൽ-ഗുറയിറിൽ ഒരു ഇന്റർവ്യൂവിനുള്ള അവസരം ലഭിച്ചു. തുടർന്ന് Mashreq Bank എന്നറിയപ്പെടുന്ന ഒമാൻ ബാങ്കിന്റെ ഫോറിൻ എക്സ്ചേഞ്ച് വിഭാഗത്തിൽ ജോലി ലഭിക്കുകയും ചെയ്തു.
സാമാന്യം നല്ല ശമ്പളം, കഷ്ടപ്പാടില്ല, ഉച്ചയ്ക്ക് 2-30 ന് ജോലി കഴിയും. അക്കാലത്ത് ശരാശരി ഒരു പ്രവാസിക്ക് ലഭിക്കുന്നതിൽ വച്ച് എറ്റവും നല്ല ജോലിയായിരുന്നു അത്. അന്ന് അദ്ദേഹത്തോടെപ്പം റൂമിലുണ്ടായിരുന്നവരും പരിചയക്കാരും മുഹമ്മദാലിയെ ഭാഗ്യവാൻ എന്നു വിളിച്ചെങ്കിലും അദ്ദേഹം ആ ജോലിയിൽ സംതൃപ്തനായിരുന്നില്ല.

നാലു ചുമരുകൾക്കുള്ളിലിരുന്ന് സുഖശീതള ഛായയിൽ സുഖലോലുപനായി വാണരുളാനല്ല താൻ മരുഭൂമിയിൽ എത്തിയതെന്ന
ഒരു തോന്നൽ മുഹമ്മദാലിയെ അലട്ടിക്കൊണ്ടിരുന്നു.
അതുകൊണ്ടു തന്നെ ബാങ്കിലെ ജോലി കഴിഞ്ഞാൽ എഞ്ചിനീയറിംഗ് മേഖലയിൽ ജോലിയ്ക്കായി അന്വേഷണം നടത്തി കൊണ്ടിരുന്നു.
അന്വേഷണാനന്തരം ദുബായിലെ തന്നെ കോസ്റ്റയിൻ എന്ന കമ്പനിയിൽ സർവ്വേയർ ആയി ജോലി ലഭിച്ചു. ‘ദുബായിലെ സീപോർട്ടും, ഏയർപോർട്ടും പണിത വലിയൊരു കമ്പനിയായിരുന്നു അത്. അവിടെ, സർവ്വെ ചെയ്ത് അലൈൻമെന്റ് ഫിക്സ് ചെയ്യലായിരുന്നു.
മുഹമ്മദാലിയുടെ ജോലി.

അദ്ധ്വാനത്തിനനുസരിച്ചുള്ള വേതനം കിട്ടിയിരുന്നതിനാൽ വളരെ കൃത്യനിഷ്ഠയോടും ആത്മാർത്ഥതയോടും കുടി തന്നെ അദ്ദേഹം ജോലി ചെയ്തു കൊണ്ടിരിന്നു. (ബാങ്കിൽ കിട്ടിയിരുന്നതിന്റെ ഇരട്ടി ശമ്പളം അദ്ദേഹത്തിനവിടെ ലഭിച്ചിരുന്നു.) ജോലിയിൽ പ്രവേശിച്ച് അധികനാൾ കഴിയുന്നതിനു മുൻപു തന്നെ അദ്ദേഹത്തിന്റെ ആത്മാർത്ഥതയും, അർപ്പണ മനോഭാവവും കമ്പനി മാനേജുമെന്റിനെ അൽഭുതപ്പെടുത്തി. അതു കൊണ്ടു തന്നെ വളരെ പെട്ടെന്ന് മുഹമ്മദാലി കമ്പനിയ്ക്ക് വേണ്ടപ്പെട്ടവനായി തീർന്നു. ഏകദേശം പതിനഞ്ചു മാസത്തോളം അദ്ദേഹം അവിടെ ജോലി ചെയ്തു, ഇതിനുള്ളിൽ ഒരു ഇംഗ്ലീഷ് കമ്പനിയിൽ ഇന്ത്യക്കാരന് കിട്ടാവുന്ന അങ്ങേയറ്റത്തെ പദവിൽ അദ്ദേഹം എത്തിയിരുന്നു. അപ്പോഴും സ്വന്തം സ്ഥാപനം എന്ന സ്വപ്നം മുഹമ്മദാലിയെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു.

പക്ഷെ അക്കാലത്ത് ദുബായി പോലുള്ള ഒരു സ്ഥലത്ത് ഒരു കൺസ്ട്രക്ഷൻ കമ്പനി തുടങ്ങുവാനുള്ള സാമ്പത്തിക ഭദ്രതയോ സ്പോൺസറോ അദ്ദേഹത്തിനില്ലായിരുന്നു. കൈവശമുണ്ടായിരുന്നതാകട്ടെ കർമ്മ കുശലതയും കഠിനാദ്ധ്വാനം ചെയ്യുവാനുള്ള കഴിവും പിന്നെ എഞ്ചീനിയർ ബിരുദത്തിന്റെ പിൻബലവും.
തന്റെ കഴിവ് മറ്റാരെക്കാളും നന്നായി തിരിച്ചറിയാമായിരുന്ന ആ ചെറുപ്പക്കാരൻ തന്റെ സ്വപ്ന സാക്ഷാൽക്കാരത്തിനായി പല വാതിലുകളിലും മുട്ടിവിളിച്ചു. ഒടുവിൽ പരമകാരുണ്യവാനായ പടച്ചതമ്പുരാൻ മുഹമ്മദാലിയ്ക്കു മുന്നിൽ ഒരു വാതിൽ തുറന്നു കൊടുത്തു.അള്ളാഹുവിന്റെ അനുഗ്രഹത്താൽ ഒരു നിയോഗം എന്നോണം, ഇരുപത്തി രണ്ടാമത്തെ വയസ്സിൽ കൺസ്ട്രക്ഷൻ മേഖലയിൽ നിന്നുള്ള മൂന്ന്പേരെയും, ഒരു ഒമാൻ സ്വദേശിയെ സ്പോൺസറായും ഉൾപ്പെടുത്തി അദ്ദേഹം പുതിയൊരു കമ്പനിക്ക് തുടക്കം കുറിച്ചു. കമ്പനിയുടെ എഞ്ചീനിയർ ഇൻ-ചാർജ്ജ് പദവിയായിരുന്നു അദ്ദേഹത്തിന്.


വഴിത്തിരിവ്: –

അള്ളാഹു തനിക്ക് പ്രിയപ്പെട്ടവരെ കൂടെ.. കൂടെ പരിക്ഷിച്ചു കൊണ്ടിരിക്കും.
ചിലർ ആ പരിക്ഷണങ്ങളെ അതിജീവിയ്ക്കാനാവാതെ ആത്മഹുതി ചെയ്യും. എന്നാൽ മറ്റു ചിലർ ഇത്തരം പരിക്ഷണങ്ങളെ സ്വന്തം മന:ശക്തി കൊണ്ട് നേരിട്ട് എരിഞ്ഞടഞ്ഞ ചാരകുമ്പാരത്തിൽ നിന്ന് ഒരു ഫീനിക്സ് പക്ഷിയെന്ന പോലെ ഉയർത്തെഴുന്നേറ്റ് വിജയത്തിന്റെ വിഹായുസ്സിലേക്ക് പറന്നുയരും.
ഫീനിക്സ് പക്ഷി എന്നത് ഒരു പക്ഷെ സങ്കൽപ്പമായിരിക്കാം. എന്നാൽ പല പ്രാവിശ്യം എരിഞ്ഞടങ്ങിയ ചാരക്കുമ്പാരത്തിൽ നിന്ന് മറ്റുള്ളവർക്ക് പ്രചോദനമായി ഉയർന്നു വന്ന ഗൾഫാർ മുഹമ്മദാലി എന്ന മഹാ മനുഷ്യൻ നമുക്കിടയിലെ ജീവിക്കുന്ന ഒരു യാഥാർത്ഥ്യം തന്നെയാണ്.

ഡോ.മുഹമ്മദാലിയ്ക്ക് ഇപ്പോഴും ഉമ്മയുടെ മടിയിൽ തല വെച്ചുറങ്ങുമ്പോഴാണ് താൻ എറ്റവും സുരക്ഷിതനായി തേന്നുന്നതെന്ന് പറയുന്നു. അദ്ദേഹത്തിന്‍റെ ഉമ്മ 2020 ജനുവരി 3ന് നാടിനോട് വിട പറഞ്ഞു.

ഒമാനിലെ വൈദ്യുതി പോലും കടന്നു ചെല്ലാത്ത, റൂയി എന്നു പേരുള്ള ഗ്രാമത്തിൽ ഒരു ചെറിയ വാടക വീട്ടിൽ താമസിച്ച് മത്രയിലെ താലിബ് ബിൽഡിങ്ങിലെ ഒരു കൊച്ചു കടമുറി ഓഫീസാക്കിയായിരുന്നു മുഹമ്മദാലിയുടെ കമ്പനിയുടെ ആരംഭം. ആ കൊച്ചു കട മുറിയിൽ നിന്നായിരുന്നു ഇന്ന് ആഗോള ബ്രാന്റായി മാറിയ “ഗൾഫാർ” എന്ന മഹാപ്രസ്ഥാനത്തിന് അദ്ദേഹം തുടക്കം കുറിച്ചത്.
സൂർ എന്ന സ്ഥലത്ത് 12000 റിയാലിൽ (ഇപ്പോഴത്തെ30000 ഡോളറിന് തുല്യം) ഗവർണറുടെ വീടായിരുന്നു അദ്ദേഹം ചെയ്ത ആദ്യ കൺസ്ട്രക്ഷൻ വർക്ക്.
അക്കാലത്ത് ഒരു പുതു സംരംഭകന് ലഭിക്കാവുന്ന എറ്റവും നല്ല അവസരം തന്നെയായിരുന്നു അതെങ്കിലും ഭാഗ്യത്തോടെപ്പം അൽപ്പം അകലെയായി നിർഭാഗ്യവും ഇദ്ദേഹത്തെ പിൻതുടർന്നു വരുന്നുണ്ടായിരുന്നു.

ഒത്തിരി ഒത്തിരി സ്വപ്നങ്ങളുമായി കൺസ്ട്രക്ഷൻ സ്ഥലത്തേയ്ക്കുള്ള ആദ്യ യാത്രയിൽ തന്നെ നിർഭാഗ്യവും ഇദ്ദേഹത്തോടെപ്പം യാത്രതിരിച്ചു. തന്റെ ജീവിതം തന്നെ മാറ്റി മറിച്ച ആ യാത്ര ഇന്നും മുഹമ്മദാലി മനസ്സിലോർക്കുന്നു” ആദ്യ സൈറ്റ് തേടി പോകവെ വഴി തെറ്റി ഞാൻ മരുഭൂമിയിൽ കുറെ മണിക്കുറുകൾ അലഞ്ഞു. ഒടുവിൽ വിശപ്പും ദാഹവും സഹിക്കാതെ ബോധം കെട്ടുവീണ എന്നെ ഭാഗ്യത്തിന് അതു വഴി വന്ന ഏതാനും ഗ്രാമീണർ കണ്ടെത്തുകയായിരുന്നു ” അവിടെ നിന്നും ജീവിതത്തിലേക്ക് തിരിച്ചു വന്ന മുഹമ്മദാലി കഠിനമായി അദ്ധ്വാനിക്കുവാൻ തുടങ്ങി പതുക്കെ… പതുക്കെ ആ മണലാരണ്യത്തിൽ മുഹമ്മദാലി ജീവിതത്തിന്റെ… വിജയത്തിന്റെ പച്ചപ്പ് കണ്ടു തുടങ്ങി.
അപ്പോഴായിരുന്നു അള്ളാഹുവിന്റെ അടുത്ത പരിക്ഷണം. അദ്ദേഹത്തിന്റെ ഒമാനിയായ പാർട്ണർ നിയമക്കുരുക്കിൽപ്പെട്ട് ജയിലിലായി. ഇതോടെ നടുക്കടലിൽ പെട്ട പോലെയായി അദ്ദേഹം .തന്റെ കാൽചുവട്ടിലെ അവസാന മണൽ തരിയും കടലെടുക്കുന്നതായി മുഹമ്മദാലിക്ക് തോന്നി.

മനുഷ്യനായി പിറന്ന ഏതൊരാളും അടിപതറിപ്പോകുന്ന നിമിഷം. കമ്പനിയുടെ പ്രവർത്തനം അവസാനിപ്പിക്കേണ്ടി വരുമെന്ന അവസ്ഥ. അങ്ങനെ ചെയ്യുന്നതാണ് ഉചിതമെന്ന് പലരും ഉപദേശിച്ചു. ഇത്തരമൊരു സാഹചര്യത്തിൽ കമ്പനി മുന്നോട്ട് കൊണ്ടു പോകുക എന്നത് മരണതുല്യമാണെ ന്നായിരുന്നു പലരുടെയും ഉപദേശം.എല്ലാവരും വിചാരിച്ചത് തങ്ങളുടെ ഉപദേശം കേട്ട് എല്ലാം അവസാനിച്ച് മുഹമ്മദാലി മടങ്ങുമെന്നായിരുന്നു. പക്ഷെ ദീക്ഷണശാലിയായ മുഹമ്മദാലി എന്ന ചെറുപ്പകാരൻ അവിടെ, ജീവിതത്തോടുള്ള തന്റെ യുദ്ധം ആരംഭിക്കുകയായിരുന്നു. അതെക്കുറിച്ച് മുഹമ്മദാലി തന്നെ പറയുന്നു.
” മിസോ കുന്നുകളിലെ വഴുതി വിഴുന്ന പാതകളുമായി
നടത്തിയ മൽപിടിത്തം അന്നു തിരിച്ചടിയായി തോന്നിയിരുന്നെങ്കിലും
അതിന്റെ ഫലം ഒമാനിലെ മരുഭൂമികളിൽ ഞാൻ കണ്ടെത്തുകയായിരുന്നു.”
25-ാം വയസ്സിന്റെ ആവേശത്തിൽ പ്രതിസന്ധി തരണം ചെയ്യാൻ എടുത്ത ആ തീരുമാനമാണ് ഗൾഫാർ എന്ന മഹാപ്രസ്ഥാനം യാഥാർത്ഥ്യമാക്കിയത്,
അതു തന്നെയായിരുന്നു അദ്ദേഹത്തിന്റെ ജീവിതലെ വഴിത്തിരിവും.
പതിയെ… പതിയെ വികസിച്ചു വന്ന ഒമാനിൽ അദ്ദേഹത്തിന്റെ ഭാവനയിലും, മേൽനോട്ടത്തിലും പല ബഹുനില കെട്ടിടങ്ങളും ഉയർന്നു വന്നു.
14 വര്‍ഷത്തിനു ശേഷം ഒമാനിയായ സ്പോൺസർ തിരിച്ചെത്തിയപ്പോഴെക്കും
കമ്പനിയെ നൂറ് കണക്കിന് സ്റ്റാഫുള്ള ഒരു വൻ പ്രസ്ഥാനമാക്കി മാറ്റിയിരുന്നു മുഹമ്മദാലി.

എന്നിരുന്നിട്ടും അദ്ദേഹം തന്റെ ആത്മാർപ്പണത്തിന്റെയും, അത്യദ്ധ്വാനത്തിന്റെയും
മുഴുവൻ വിലയായ ആ കമ്പനി സ്പോൺസറുടെ നേർക്ക് വെച്ചുനീട്ടുകയാണുണ്ടായത്. പലരും അദ്ദേഹത്തിന്റെ ആ പ്രവർത്തി ശുദ്ധ മണ്ടത്തരം എന്ന് വിധിയെഴുതി. ചിലരുടെ കണ്ണുകൾ തള്ളി.. മറ്റു ചിലരുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അതൊന്നും മുഖവിലയ്ക്ക് എടുക്കാൻ മുഹമ്മദാലി തയ്യാറായില്ല. അദ്ദേഹത്തിന് അതിന് തന്റെതായി ഒരു ശരിയുണ്ടായിരുന്നു. ഒരു ന്യായമുണ്ടായിരുന്നു. നന്മയുടെ ന്യായം… അള്ളാഹുവിന്റെ ശരി…
മുഹമ്മദാലിയുടെ ഈ നന്മ പ്രവർത്തിയിൽ അക്ഷരാർത്ഥത്തിൽ കണ്ണു നിറഞ്ഞു പോയത് അറബിയുടെതായിരുന്നു. ചതിയുടെയും, കുതികാൽ വെട്ടിന്റെയും പിടിച്ചുപറിയുടെയും ലോകത്ത് ഇങ്ങനെ ഒരു മനുഷ്യനോ…?
ഈ സംഭവത്തെക്കുറിച്ച് പിന്നീടൊരിക്കൽ ഗൾഫാർ മുഹമ്മദാലി പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.
“എന്റെ ബാങ്ക് ബാലൻസ് അല്ല എന്റെ നേട്ടം. ഞാൻ ഉണ്ടാക്കിയ വലിയ കെട്ടിട സമുച്ചയങ്ങളും, വലിയ പ്രൊജക്റ്റുകളുമല്ല എന്റെ നേട്ടം .ഞാൻ ജീവിക്കുന്ന ജനതയുടെ മനസിൽ വിശ്വാസത്തിന്റെ വലിയൊരു ആകാശം തുറന്നിടുവാൻ കഴിയുന്നിടത്താണ് എന്റെ നേട്ടങ്ങളുടെ ആരംഭം എന്ന് ഞാൻ അന്നും ഇന്നും വിശ്വസിക്കുന്നു. “
ആ സംഭവത്തെക്കുറിച്ച് പിന്നീടൊരിക്കൽ ഗൾഫാർ മുഹമ്മദാലി പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.

ഒരിക്കൽക്കുടി വിധിയുടെ വൈരുദ്ധ്യം അന്ധകാരം കണക്കെ ഭൂമിയിലെ ആ പ്രകാശ ഗോപുരത്തിനുമേൽ വന്ന് വീഴുകയുണ്ടായി.
അന്ന് ലോകത്ത് അങ്ങോളം ഇങ്ങോളമുള്ള ലക്ഷക്കണക്കിന് ആളുകളുടെ കണ്ണൂനീരിൽ കുതിർന്ന പ്രാർത്ഥനയാണ് അദ്ദേഹത്തിന് കൂട്ടായി ഉണ്ടായിരുന്നത്. ആ പ്രാർത്ഥന തന്നെയാണ് അതിനെയെല്ലാം അതിജീവിക്കുവാൻ അദ്ദേഹത്തിന് ശക്തി നൽകിയതും ഒടുവിൽ നിരപരാധിത്വത്തിന്റെ വലിയ വെള്ളിവെളിച്ചവുമായി… .. മനുഷ്യസ്നേഹത്തിന്റെ.., മാനവികതയുടെ…, വിശ്വാസത്തിന്റെ, നന്മയുടെ
ആ വിളക്കുമരം ഒരായിരം സൂര്യതേജസ്സോടെ ലോകത്തിനു മേൽ ഇന്നും ഉയർന്നു തന്നെ നിൽക്കുന്നതും.


ഗൾഫാർ ഇതിഹാസമാകുന്നു ഇന്ത്യയുടെ അഭിമാനവും

സേവനത്തിന്റെയും, വിശ്വാസത്തിന്റെയും, കഠിനാദ്ധ്വാനത്തിന്റെയും , നീണ്ട 55 വർഷങ്ങൾ പിന്നിടുമ്പോൾ ഏതൊരാളും അടിപതറിപ്പോകുന്ന കൈപ്പേറിയ തിക്താനുഭങ്ങൾ ഉണ്ടായിട്ടും അതിനെയെല്ലാം അതിശക്തമായ ചങ്കൂറ്റത്തോടെ അതിജീവിച്ച് വിജയത്തിന് പുതിയൊരു സമവാക്യം തന്നെ രചിച്ച് മുന്നേറുകയാണ് ഗൾഫാർ ഗ്രൂപ്പും അതിന്റെ അമരക്കാരനായ ഡോ.ഗൾഫാർ മുഹമ്മദാലിയും.
65000 ത്തോളം ജീവനക്കാരും 2 ബില്യൺ യു.എസ് ഡോളർ ആസ്തിയുമുള്ള. ഒമാനിലെ എറ്റവും വലിയ കൺസ്ട്രക്ഷൻ കമ്പനിയാണ് ഇന്ന് ഡോ.ഗൾഫാർ മുഹമ്മദാലിയുടെ ഗൾഫാർ ഗ്രൂപ്പ്.
ഇതിന്റെ കീഴിലായി ഒമാൻ, ഖത്തർ, കുവൈറ്റ്‌, ഇന്ത്യ എന്നിവിടങ്ങളിലായി കൺസ്ട്രക്ഷൻ, വിദ്യാഭ്യാസം, ടൂറിസം, ഹോട്ടൽ, എണ്ണ ഖനനം എന്നിവയ്ക്കായിതുടങ്ങിയ,
Galfar Engineering & Contracting SAOG (Oman ), National Drilling & Services co. LLC (Oman ), Arabian Industries, Muscat, Al – Ddastoor Contracting & Trading LLC, National University of Oman , MFAR Constructions Pvt. Ltd. (India), MFAR Holdings Private Limited (India), Le Meridien Resort & Convention Centre – Kochi ( Indiia), MFAR Enterprises Pvt. Ltd. , Ernakulam (India), Indo German Carbons Limited , Kochi (India), Cochin Surfactants Private LimiteD (India), Infrastructure Kerala Limited (India), Tecton Engineering & Construction LLC, Wade Adams Contracting LLC.. എന്നിങ്ങനെ നിരവധി സ്ഥാപനങ്ങളുമായി ജൈത്രയാത്ര തുടരുകയാണ്.


ഗൾഫാർ ഗ്രൂപ്പ്.
ഇതിനെല്ലാം ഉപരിയായി
എടുത്തു പറയേണ്ട നേട്ടങ്ങള്‍ –
• ഓയില്‍ ആന്‍ഡ്‌ ഗ്യാസ് മേഖലയില്‍ എണ്ണ ഖനനത്തിനായും, ഉത്പാദനത്തിനായും ആദ്യത്തെ സ്വദേശ കമ്പനികള്‍ സ്ഥാപിച്ചു.
• അംഗീകൃത വിസ ഇല്ലാതെ താമസിച്ചിരുന്ന 30,000 ല്‍പരം വരുന്ന ഇന്ത്യക്കാരേ യാതൊരു വിധത്തിലുള്ള പിഴയോ ശിക്ഷയോ കൂടാതെ നാട്ടിലേക്ക് തിരിച്ചു വരുവാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കി.
നിരവധി സ്ഥാപനങ്ങളുടെ അധിപനാണ് ഇദ്ദേഹമെങ്കിലും ഡോ.ഗൾഫാർ മുഹമ്മദാലി
എന്ന നാമം മലയാളി നെഞ്ചേറ്റുവാങ്ങിയത് കേരളത്തിന്റെ വ്യോമയാന ഗതാഗത മേഖലയുടെ നാഴികക്കല്ലായി തീർന്ന നെടുമ്പാശ്ശേരി ഇന്റർനാഷണൽ എയർപോർട്ടിന്റെ മുഖ്യ പങ്കാളി, കൊച്ചി നഗരത്തിന്റെ വികസന വിഹായുസിലെ ആദ്യ ശുക്രനക്ഷത്രമായി ഉയർന്ന Le-Meridien എന്ന പഞ്ചനക്ഷത്ര ഹോട്ടലിലൂടെയും, സൗത്ത് ഇന്ത്യയിലെ എറ്റവും വലിയ കൺവൻഷൻ സെന്ററായ Le-Meridien Convention Center -റിലുടെയും, കൊച്ചി നഗരത്തിന് ലോക ഭൂപടത്തിൽ ഇടം നേടിക്കൊടുത്ത
ദീർഘവീക്ഷണമുള്ള വ്യക്തിത്വത്തിന്റെ ഉടമ എന്ന നിലകളിലുമാണ്.

മാത്രമല്ല നാൾക്കുനാൾ ലാഭത്തിന്റെയും, സേവനത്തിന്റെയും കണക്കുകൾ മാത്രം നിരത്തി കൂടുതൽ ഉയരങ്ങളിലേക്ക് പറന്നുയരുന്ന കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ (സിയാൽ ) ഇന്ന് കാണുന്ന നേട്ടങ്ങൾക്കു പിന്നിൽ ഡോ. ഗൾഫാർമുഹമ്മദാലി എന്ന എഞ്ചിനിയറായ വ്യവസായ പ്രമുഖന്റെ തലച്ചോറുണ്ടെന്ന കാര്യത്തിൽ കേരള ജനതയ്ക്ക് രണ്ടഭിപ്രായമില്ല. അതുകൊണ്ടു തന്നെ ആഗോള മലയാളികൾ എന്നും എക്കാലവും ഇദ്ദേഹത്തോട് കടപ്പെട്ടിരിക്കും. വരും തലമുറ കേരളത്തിന്റെ മുഖഛായ മാറ്റിയ പ്രമുഖരുടെ പേരെഴുതുമ്പോൾ ആദ്യം എഴുതുന്ന പേര്
ഡോ.ഗൾഫാർമുഹമ്മദാലി എന്നായിരിക്കും എന്നതിൽ തർക്കമില്ല.

ജീവിതത്തിലും ബിസിനസിലും അടിക്കടി ഉണ്ടായിട്ടുള്ള പ്രതിസന്ധികളെ സ്വന്തം ഇച്ഛാശക്തികൊണ്ട് അതിജീവിച്ച് പ്രത്യക്ഷവും – പരോക്ഷവുമായി ലക്ഷകണക്കിന് കുടുംബങ്ങളുടെ ആശ്രയമായി നിലകൊള്ളുന്ന ഇദ്ദേഹം കുടുംബത്തിന് മറ്റെന്തിനെക്കാളും പ്രധാന്യം നൽകി വരുന്ന വ്യക്തിയാണ്.
ഉമ്മ, കുഞ്ഞ് ബിവാത്തുവും
ഭാര്യ റസിയയും, മക്കളും അടങ്ങുന്നതാണ് ഇദ്ദേഹത്തിന്റെ കുടുംബം.
വല്യുപ്പയുടെ കടലോളം വരുന്ന സ്നേഹ ശാസനകൾ ഇന്നും നെഞ്ചേറ്റി നടക്കുന്ന ഡോ.മുഹമ്മദാലിയ്ക്ക് ഇപ്പോഴും ഉമ്മയുടെ മടിയിൽ തല വെച്ചുറങ്ങുമ്പോഴായിരുന്നു
താൻ എറ്റവും സുരക്ഷിതനായി തോന്നിയിരുന്നതെന്ന് പറയുന്നു. അദ്ദേഹത്തിന്‍റെ ഉമ്മ 2020 ജനുവരി 3ന് നാടിനോട് വിട പറഞ്ഞു.
അദ്ദേഹത്തിന്റെ ഈ പ്രത്യേകതകൾക്കൊപ്പം വ്യാവസായിക ജീവിതത്തിലും,
കുടുംബ ജീവിതത്തിലും മുറുകെ പിടിക്കുന്ന ചില മൂല്യങ്ങളുണ്ട്.

അതെക്കുറിച്ച് അദ്ദേഹത്തിന്റെ തന്നെ വാക്കുകൾ “സഹജീവികളുടെ വ്യക്തിത്വത്തെ വിലമതിച്ചു കൊണ്ടു തന്നെ അവർക്ക് സഹായങ്ങളും സേവനങ്ങളും സ്നേഹവും നൽകുക ” എന്റെ ജീവിതവിജയ യാത്രയുടെ പ്രചോദനമായ എന്റെ മാതാപിതാക്കൾ , സർവ്വോപരി എന്റെ പ്രാണന്റെ അംശമായ വല്യുപ്പ എനിക്ക് പകർന്നു നൽകിയ ഈ മൂല്യങ്ങളും, മാനവികതയും ഞാനും ഭാര്യ റസിയയും ഞങ്ങളുടെ മക്കളിലുടെ സമൂഹത്തിലേക്ക് പകർന്നു നൽകുവാൻ ശ്രമിക്കുകയാണ്.
ഒരിക്കൽ മാത്രം ഈ ദർശനങ്ങൾ ജീവിതത്തിൽ പകർത്തിയാൽ പിന്നിട് ഒരിക്കലും തെറ്റായ വഴിയിലൂടെ സഞ്ചരിക്കുവാൻ നമുക്ക് സാധിക്കുകയില്ല. ഈ ജീവിത മൂല്യങ്ങൾ നമ്മുടെ അവസാന ശ്വാസം വരെ സഹയാത്രികനായി കൂടെ ഉണ്ടാകുക തന്നെ ചെയ്യും.”

ഇതു വെറും വാക്കുകളല്ല എന്ന് ആ മഹാ വ്യക്തിത്വത്തെ അടുത്തറിയുന്ന ഏതെരാൾക്കും അറിയുന്ന കാര്യമാണ്.
ഡോ: ഗൾഫാർ മുഹമ്മദാലിയെ അടുത്തറിയാത്തവർക്കു മുന്നിൽ സാക്ഷ്യം നിൽക്കുന്നത് അദ്ദേഹം വഹിക്കുന്ന പദവികളും, നടത്തി വരുന്ന സേവനപ്രവർത്തനങ്ങളും നിസ്വാർത്ഥമായ ആ പ്രവർത്തനങ്ങൾക്ക് അദ്ദേഹത്തെ തേടിയെത്തിയ അംഗീകരങ്ങളും..
പുരസ്കാരങ്ങളുമാണ്.
അംഗീകാരങ്ങൾ, പുരസ്കാരങ്ങൾ :-
ഒമാനിലെ ഒമാനൈസേഷൻ ഓർഗനൈസേഷന്റെ ജോയിൻ കമ്മറ്റിയുടെ വൈസ് ചെയർമാൻ, ഇന്ത്യാ ഗവൺമെന്റ് പ്രവാസികളുടെ സുരക്ഷയ്ക്കായി രൂപികരിച്ചിട്ടുള്ള കൗൺസിൽ ഫോർ പ്രമോഷൻ ഓവർസീസ് എംപ്ലോയിമെന്റ് എന്ന പരമോന്നത സമിതി അംഗം, ഒമാൻ പെട്രോളിയം അലൈയിൻസിന്റെ (OPAL) സ്ഥാപക ചെയർമാൻ, സൊസൈറ്റി ഓഫ് കോൺട്രാക്ടേഴ്സിന്റെ ചെയർമാൻ,

കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിന്റെ (CIAL) സ്ഥാപക ഡയറക്ടര്‍, സോഷ്യൽ അഡ്വാവൻസ്മെന്റ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ (SAFl) ചെയർമാൻ, അൽ-ബറാക്ക് ഫൈനാൻസിന്റെ ചെയർമാൻ, Yenopoya University & Islamic Acadamey of Education – ന്റെ ട്രസ്റ്റി, വിദ്യാഭ്യാസ മേഖലയിൽ നിറസാന്നിധ്യമായി നിലകൊള്ളുന്ന പി.എം ഫൗണ്ടേഷന്റെ സ്ഥാപകൻ, തളിക്കുളം വികാസ് ട്രസ്റ്റിന്റെ മുഖ്യ രക്ഷാധികാരി, സി.എസ്.എം. സ്കൂളിന്റെ മുഖ്യ രക്ഷാധികാരി എന്നി ദേശിയ – അന്തർദേശിയ പദവികൾക്കൊപ്പം
2001-ൽ Glasgow Caledoninan University നൽകിയ ഡോക്ടറേറ്റ്,

2002-ൽ ലഭിച്ച ഒമാനിലെ പരമോന്നത ബഹുമതികളിലെന്നായ ഒമാൻ സിവിൽ അവാർഡ്, 2004-ൽ ഇന്ത്യാ ഗവൺമെന്റിന്റെ പരമോന്നത ബഹുമതികളിലെന്നായ പ്രവാസ ഭാരതിയ സമ്മാൻ, (ഇത് കരസ്ഥമാക്കിയ ലോകത്തിലെ ആദ്യ ഇന്ത്യക്കാരനാണ് ഡോ.ഗൾഫാർ മുഹമ്മദാലി )
മുൻ മുഖ്യമന്ത്രിയായിരുന്ന ഇ.കെ.നായനാർ നൽകിയ വി.ഗംഗാധരൻ മെമ്മോറിയൽ കേരള പ്രവാസി അവാർഡ്, ബിസിനസ് ദീപികയുടെ ബിസിനസ് മാൻ അവാർഡ്, ടൈംസ് ഓഫ് ഇന്ത്യയുടെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്, മാതൃഭുമിയുടെ പി.സൂഫിവി.സ്വാമി അവാർഡ്, മലയാള വാണിജ്യം പ്രവാസി ന്യൂസ് പേപ്പറിന്റെ 2018-ലെ ബിസിനസ് എക്സിലൻസി അവാർഡ് എന്നിങ്ങനെ ഒട്ടനവധി പുരസ്കാരങ്ങൾക്കും ഈ മഹത് വ്യക്തിത്വം അർഹനായിട്ടുണ്ട്.

സൂഫികഥകളിൽ അറിവും സമ്പത്തും വർദ്ധിക്കുമ്പോൾ വിനയപൂർവ്വം അതെല്ലാം സമൂഹത്തിനും , സൃഷ്ടികർത്താവിനും സമർപ്പിക്കുന്ന ജ്ഞാനികളെക്കുറിച്ച് പലപ്പോഴും പറയാറുണ്ട്. വാക്കിലും.. പ്രവർത്തിയിലും ഇതിന് ഉത്തമോദാഹരണമായി.. പ്രവാസലോകത്തെ കേരളത്തിന്റെ കൊടിയടയാളമായി മാറുകയാണ് ഡോ.ഗൾഫാർ മുഹമ്മദാലി എന്ന ഈ മലയാളത്തിന്റെ വിശ്വ പുരുഷൻ.

Latest articles

spot_img

Related articles

Leave a reply

Please enter your comment!
Please enter your name here

RSS
Pinterest
LinkedIn
Share
Instagram
Telegram
WhatsApp